പ്രസവശേഷം സുന്ദരിയാവാൻ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

Mother And Baby

പ്രസവശേഷം അമ്മയുടെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കാൻ എന്തു ചെയ്യണം ? 15 സംശയങ്ങളും മറുപടികളും.

ആരോഗ്യമുളള കുഞ്ഞു ജനിച്ചാൽ അമ്മ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം, വയറിനു മേലേ വീണ സ്ട്രെച്ച് മാർക്കുകൾ, മുടി കൊഴിച്ചിൽ, വയറു ചാടുമോ എന്ന ഭയം.... ഉറക്കം കെടുത്തുന്ന പതിനഞ്ചു സംശയങ്ങളും അവയ്ക്കുളള വിദഗ്ധരുടെ മറുപടികളുമിതാ.

1. പ്രസവശേഷം എത്ര നാൾ വരെ രക്തസ്രാവം ഉണ്ടാകും? എന്തൊക്കെ കരുതൽ എടുക്കണം?

പ്രസവം കഴിഞ്ഞ് 20 മുതൽ 40 ദിവസം വരെയുളള രക്തസ്രാവം സ്വാഭാവികമാണ്. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടാകാറുളളതുപോലെ അല്പം കൂടുതൽ രക്തം നഷ്ടപ്പെടുന്നു. ക്രമേണ അളവ് കുറഞ്ഞ് വരികയും നിലയ്ക്കുകയും ചെയ്യുന്നു. ഈ കാലയളവ് എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല. ഇതിനായി പ്രത്യേകം തയാറാക്കിയ നാപ്കിനുകൾ ഉപയോഗിക്കാം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ വൃത്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അണുനാശിനി സോപ്പു കൊണ്ട് കഴുകി വെയിലത്ത് ഉണക്കുക.

2. പ്രസവശേഷം എത്ര നാളുകൾക്കകം ശാരീരിക ബന്ധം ആകാം ?

പ്രസവത്തോടനുബന്ധിച്ച് യോനിയിൽ ഉണ്ടാകാനിടയുളള മുറിവിലെ സ്റ്റിച്ച് പൂർണമായി ഉണങ്ങിയ ശേഷം സെക്സിൽ ഏർപ്പെടുന്നതാണു ഉചിതം. സ്റ്റിച്ച് ഉണങ്ങുന്നതിനു മുമ്പുളള ശാരീരിക ബന്ധം അണുബാധയ്ക്കും വേദനയ്ക്കും കാരണമാവാം. ഒന്നര മാസം കരുതലുണ്ടാവണം. മുലയൂട്ടുന്ന കാലഘട്ടം സേഫ് പീരിയഡ് ആണെന്ന ധാരണ വേണ്ട. ഗർഭധാ ‌രണത്തിന് ഈ കാലഘട്ടത്തിൽ സാധ്യതയുണ്ടെന്നു മറക്കരുത്. സുരക്ഷിത മാർഗങ്ങൾ അവലംബിക്കുന്നതു ഗർഭധാരണത്തെ ചെറുക്കും.

3. പ്രസവശേഷം എല്ലാവർക്കും വയറു ചാടുമോ ?

ഗർഭധാരണത്തിനു ശേഷമുളള ആഹാരക്രമം ശരീരഭാരം കൂട്ടും. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ കഴിയും. ശിശുവിനെ ഉൾക്കൊളളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതാണ് വയർ ചാടാൻ കാരണം. പ്രസവ ശേഷം ആറാഴ്ച മുതൽ ചെറിയ തോതിലുളള വ്യായാമം ആരംഭിക്കാം. വയറു കുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും. നടത്തം, യോഗാസനങ്ങൾ ഇവ ശീലിക്കാം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരം, നെയ്യ് അടങ്ങിയ മരുന്നുകൾ ഇവ അമിത വണ്ണത്തിനു കാരണമായേക്കാം.

ബെൽറ്റ് ഉപയോഗിച്ചാൽ താൽക്കാലികമായി അഭംഗി അകറ്റാം. ശാശ്വത പരിഹാരത്തിന് വ്യായാമം തന്നെ വേണം. അടിവയർ പേശികളെ ബലപ്പെടുത്താനുളള ഒരു വ്യായാമം ഇതാ. നിവർന്ന് കിടക്കുക. കൈകളും നിവർത്തി വയ്ക്കുക. രണ്ട് കാലും പതിയെ 45 ഡിഗ്രി ഉയർത്തുക. കാൽമുട്ട് മടക്കാതെ സാവധാനം താഴ്ത്തുക. വ്യായാമം കൊണ്ട് പരിഹാരം ലഭിച്ചില്ലെങ്കിൽ ടമ്മി ടക്ക് പോലുളള വയർ കുറയ്ക്കാനുളള ശസ്ത്രക്രിയകളെ ആശ്രയിക്കുകയും ചെയ്യാം.

4. വയറു കുറയാൻ പഴയ രീതിയിൽ ഒറ്റ ഉപയോഗിക്കുന്നത് ഫലപ്രദമാണോ?

കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഗർഭാശയം വികസിക്കുന്നു. പ്രസവശേഷം ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങാൻ ഒന്നരമാസം ആവശ്യമാണ്. ഇതിനു ശേഷം വ്യായാമം ക്രമീകരിച്ച്‌ വയറിലെ പേശികൾ ബലവത്താക്കാം. ഒറ്റയോ ബെൽറ്റോ ഉപയോഗിച്ചാൽ വയറു കുറയില്ല. പകരം വയറു പുറത്തേക്കു തളളി നിൽക്കാതെ കാഴ്ചയിലെ അഭംഗി ഒഴിവാക്കുക മാത്രമാണ് ചെയ്യുക.

5. പ്രസവശേഷം അമ്മയുടെ ആഹാരക്രമത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

ഗർഭധാരണ സമയത്തും പ്രസവശേഷവും അമ്മയുടെ ആഹാരത്തിൽ ശ്രദ്ധ വേണം. അമ്മ കഴിക്കുന്ന ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും അടിസ്ഥാനം. പ്രസവശേഷം ആദ്യ ആറു മാസം വരെ നിർബന്ധമായും മുലയൂട്ടണം. ഈ കാലയളവിൽ അമ്മയ്ക്കു രക്തക്കുറവ് വരാം. കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം. സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുന്നതു നല്ലതാണ്. ഇവയ്ക്കു പാർശ്വഫലങ്ങളില്ല. ധാരാളം വെളളം കുടിക്കാൻ മറക്കരുത്. ഇതു മുലപ്പാൽ കൂടാൻ സഹായിക്കും. കൈതച്ചക്ക, പേരയ്ക്ക, ഓമയ്ക്ക എന്നിവ കഴിക്കരുത് എന്നു പറയുന്നതിൽ ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല.

കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം

6. പ്രസവശേഷം വയറുവേദന, നടുവേദന ഇവയെല്ലാം സ്ഥിരമായി ഉണ്ടാവുമോ?

പ്രസവശേഷം ചിലരിൽ വയറുവേദനയും നടുവേദനയും കാണപ്പെടാറുണ്ട്. സിസേറിയൻ ചെയ്തവരിൽ സ്റ്റിച്ചുണങ്ങാൻ ഒന്നരമാസം വേണ്ടി വരും. ഈ കാലയളവിൽ വയറു വേദനയുണ്ടാകാം. സുഖപ്രസവത്തിലൂടെ ഭാരം കൂടുതൽ ഉളള കുഞ്ഞുങ്ങൾക്കു ജന്മം നല്കുന്നവരിൽ നടു‌വേദനയ്ക്കുളള സാധ്യതയുണ്ട്. പക്ഷേ, ഇതും അധികകാലം നീണ്ടു നിൽക്കില്ല. രണ്ടു മാസത്തിനുളളിൽ മാറും. വേദനയില്ലാതെ പ്രസവിക്കാൻ നട്ടെല്ലിന് എടുക്കുന്ന കുത്തിവയ്പ് നടുവേദനയ്ക്ക് കാരണമാകണമെന്നില്ല. എന്നാൽ ആവശ്യത്തിനു വിശ്രമം ഇല്ലാത്തത് നടുവേദനയ്ക്ക് കാരണമായിത്തീരാം. അൽപം നടക്കുകയും കുഞ്ഞിന്റെ ശുശ്രൂഷകൾ ചെയ്യുകയുമാവാം. ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം. നേരെ താഴേക്ക് കുനിയാതെ, മുട്ടു മടക്കി ഇരുന്നു മാത്രമേ സാധനങ്ങൾ എടുക്കാവൂ. ഭാരമുളള സാധനങ്ങൾ എടുക്കുന്നതും കുത്തനെയുളള പടികൾ കയറി ഇറങ്ങുന്നതും ഒഴിവാക്കാം.

7. പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ?

ഹോർമോണുകളുടെ വ്യതിയാനഫലമായി ചിലരിൽ നിരാശ കാണപ്പെടും. അകാരണമായി കരയുക, ഭർത്താവിനോട് അകൽച്ച കാണിക്കുക, കുഞ്ഞിനെ മുലയൂട്ടാനുളള വൈമുഖ്യം എന്നിവ ഇതിന്റെ ഭാഗമാണ്. വൈദ്യ സഹായം കൂടാതെ തന്നെ രണ്ടു മാസങ്ങൾക്കുളളിൽ സാധാരണ രീതിയിലേക്കു തിരിച്ചെത്തും. കൗൺസിലിങ്ങിലൂടെ ഇതു സ്വാഭാവികമാണെന്നുളള തിരിച്ചറിവ് നൽകണം. ആതമഹത്യാ പ്രവണത, കുഞ്ഞിനോടുളള അവഗണന തുടങ്ങിയവയ്ക്കു മരുന്ന് ആവശ്യമായി വരാം. സ്വന്തം അമ്മയുടെ സാമീപ്യം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർണമായ പരിപാലനം ഇവർക്ക് ആവശ്യമാണ്.

8. പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ?

പ്രസവശേഷം ചിലരിൽ കുറച്ചു കാലത്തേക്കു മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. കുഞ്ഞിനു പാലു കൊടുക്കുമ്പോൾ അമ്മക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. പോഷകാഹാരം കഴിക്കുക. വൈറ്റമിൻ സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുക ഇവ മുടി കൊഴിച്ചിൽ തടയും. പ്രസവശേഷം മുടിയിൽ തേങ്ങാപ്പാൽ തേച്ചു കുളിക്കുകയും മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നത് ഫലം നൽകാം.

9. സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ?

പ്രസവം കഴിഞ്ഞുളള ആദ്യ ആറാഴ്ചകളിൽ വരുന്ന ചുമ, തുമ്മൽ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ കഴിഞ്ഞവർ ചുമയ്ക്കുമ്പോൾ ഇരു കൈകളും കൊണ്ട് വയറിനു താങ്ങു കൊടുക്കുന്നതു നന്നായിരിക്കും. അധികമായ വയറു വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം.

10. പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ?

പരമ്പരാഗത രീതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവ ശേഷം മൂന്നു മാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവ രക്ഷകൾ പലതും ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. എന്നാൽ സാധാരണ ജീവിത രീതികൾ തന്നെ പ്രസവശേഷവും പിന്തുടരുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും എന്നു കരുതുന്നതു തെറ്റാണ്.

11. ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം ?

ഗർഭാവസ്ഥയിൽ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നതു സ്വാഭാവികമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമാണിത്. അമിതവണ്ണമുളളവരിലാണ് ഇത് കൂടുതൽ. മറുപിളളയിൽ നിന്നാണ് ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. ആർത്തവ ചക്രം പുനരാരംഭിക്കുന്നത് ഈ ഹോർമോണുകൾ ശരീര ത്തിൽനിന്ന് അപ്രത്യക്ഷമായതിന്റെ ലക്ഷണമാണ്. അയൺ ഗുളികകളുടെ ഉപയോഗ ഫലമായാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നത് തെറ്റായ ധാരണയാണ്.

ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം

സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വയറിലെ സ്ട്രെച്ച് മാർക്കുകൾ. ഗർഭം ഓരോ മാസം പിന്നിടുമ്പോഴും ചർമം വികസിക്കുന്നു. ഇതു വഴി ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങിയാലും ഈ ഫൈബറുകൾ കൂടി ചേരുകയില്ല. അതുകൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ അവശേഷിക്കുന്നത്.

12. പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ?

പാരമ്പര്യമായി പ്രമേഹം ഉളളവർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം വരാം. ഭാരം കൂടിയ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നവരിൽ, അവർക്കു പാരമ്പര്യഘടകങ്ങൾ പ്രതികൂലമാണെങ്കിൽ പ്രമേഹം വരാനുളള സാധ്യത ഏറെയാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തുക.

13 മൂത്രതടസം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്?

സാധാരണ പ്രസവത്തിനു ശേഷം ചിലരിൽ മൂത്രതടസ്സം അനുഭവപ്പെടാറുണ്ട്. മൂത്രസഞ്ചിയുടെ നാഡികൾക്ക് പ്രസവ സമയത്തുണ്ടാകുന്ന ക്ഷതവും ഗർഭാശയത്തിന്റെ താഴേക്കുളള സ്ഥാന മാറ്റവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷം മലബന്ധവും അനുഭവപ്പെടാം. 15–20 ഗ്ലാസ് വരെ വെളളം കുടിക്കുക, നാരുകൾ കൂടുതലായി അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവ വഴി മലബന്ധം മറികടക്കാം.

14. കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ?

നട്ടെല്ലിനു സപ്പോർട്ട് നൽകി ഇരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ആറാഴ്ചകൾക്കു ശേഷം മാത്രം കണ്ണിനു സ്ട്രെയിൻ നൽകുന്ന കാര്യങ്ങൾ ചെയ്യുക. ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

15. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും?

ഗർഭിണിയായിരിക്കെ ശരീരഘടനയിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായും ശരീരഭാരം കൂടുന്നതുകൊണ്ടും സ്തനങ്ങളുടെ വലുപ്പത്തിൽ അൽപം വ്യാത്യാസം വരാം. ഇത് സ്വാഭാവികമാണ്. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞ് തൂങ്ങി രൂപഭംഗി നിലനിർത്താൻ കസേരയിൽ നിവർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടാം. അനുയോജ്യമായ അളവിലുളള ബ്രാ ധരിക്കുന്നതും സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്സർസൈസ് ചെയ്യുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ.എൻ.എസ്. ശ്രീദേവി,‌

എച്ച്.ഒ.ഡി. ഗൈനക്കോളജി വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല.