ദേവസേനയാകാൻ അനുഷ്ക സഹിച്ച ത്യാഗങ്ങൾ ; ഫിറ്റ്നസ് രഹസ്യം ഇതാണ്

ബാഹുബലി രണ്ടാം ഭാഗത്തിൽ ദേവസോനയായി അനുഷ്ക.

ദേവസേന എന്ന അതിസുന്ദരിയായ രാജകുമാരിയെ കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ ബാഹുബലിയുടെ ആദ്യഭാഗം കണ്ടത്. എന്നാൽ ബാഹുബലിയുടെ ആദ്യഭാഗത്ത് മുഷിഞ്ഞ സാരിയുടുത്ത് തടവിൽക്കഴിയുന്ന ദേവസേനയെക്കണ്ട് നിരാശരാകേണ്ടി വന്നു പ്രേഷകർക്ക്. ബാഹുബലി രണ്ടാം ഭാഗത്തിൽ പോരാളിയായും പ്രണയിനിയായും ഒരു മകന്റെ അമ്മയായും നിറഞ്ഞഭിനയിക്കുന്ന ദേവസേനാ റാണിയെ കണ്ടു മതിമറന്ന സന്തോഷത്തിൽ പലരും അമ്പരന്നത് ദേവസേനയുടെ അന്യായലുക്ക് കണ്ടാണ്.

അനുഷ്ക.

ബാഹുബലിയുടെ ഭാഗമാകുന്നതിനു മുമ്പ് ഇഞ്ചിയിടുപ്പഴകി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനുവേണ്ടി അനുഷ്ക ശരീരഭാരം 80 കിലോയിലധികം വർധിപ്പിച്ചിരുന്നു. പൊണ്ണത്തടിയുള്ള പെൺകുട്ടിയുടെ കഥപറയുന്ന ചിത്രത്തിൽ കഥാപാത്രം ആവശ്യപ്പെട്ടതിനനുസരിച്ചാണ് അനുഷ്ക ശരീരഭാരം വർധിപ്പിച്ചത്. അതിനു തൊട്ടുപിന്നാലെ ബാഹുബലിയിലേക്ക് അവസരം ലഭിച്ചപ്പോൾ ശരീരഭാരം ഒരു പ്രശ്നമായി. കഠിനമായ വർക്കൗട്ടുകളും വ്യായാമവും കൊണ്ടാണ് അനുഷ്ക തടികുറച്ചത്. പെട്ടന്നു തടികുറയ്ക്കാനായി യുഎസിലെ ഒരു ഫിറ്റ്നെസ് പ്രോഗ്രാമിലും അനുഷ്കയ്ക്ക് പങ്കെടുക്കേണ്ടി വന്നു. വളരെ പ്രായം ചെന്ന ഒരു സ്ത്രീ കഥാപാത്രമായാണ് അനുഷ്കയെ പ്രേക്ഷകർ ബാഹുബലിയുടെ ആദ്യഭാഗത്തിൽക്കണ്ടത്. വളരെ വൈകാരിക പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ദേവസേനാ മഹാറാണിയുടെ ഗ്ലാമറല്ല ആ ചിത്രത്തിൽ പ്രേക്ഷകർ വിലയിരുത്തിയത്. എന്നെങ്കിലും തന്റെ മകൻ വന്നു ശത്രുക്കളുടെ തടങ്കലിൽ നിന്നു തന്നെ മോചിപ്പിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അമ്മമനസ്സിനെയാണ് പ്രേക്ഷകർ അന്നു നെഞ്ചേറ്റിയത്.

എന്നാൽ ബ്രഹാമാണ്ഡ ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ അഭിനയത്തിന്റെയും ശരീരത്തിന്റെയും സാധ്യതകൾ നന്നായുപയോഗിച്ച ദേവസേന എന്ന രാജകുമാരിയുടെ ഗ്ലാമറാണ് പ്രേക്ഷകരെ ആവേശഭരിതരാക്കിയത്. കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് ശരീരത്തിന്റെ ഭാരം കൂട്ടിയും കുറച്ചും അങ്ങനെ ജീവിക്കുന്നതിനിടയ്ക്ക് അനുഷ്ക ഫിറ്റ്നസ് എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നായി പ്രേഷകരുടെ സംശയം. അതിനുള്ള ഉത്തരമിതാണ്.

അനുഷ്ക.

ഷൂട്ടിങ് തീരുന്നതുവരെ ആഹാരശൈലിയിലും ആരോഗ്യകാര്യത്തിലും അനുഷ്ക വളരെ ശ്രദ്ധപുലർത്തിയിരുന്നു. മധുരവും കൊഴുപ്പുമടങ്ങിയ ഭക്ഷണസാധനങ്ങൾക്കും ജങ്ക്ഫുഡിനും അനുഷ്ക ഡയറ്റ്ചാർട്ടിൽ ഇടംനൽകിയില്ല. ഇടതടവില്ലാതെ കുടിക്കുന്ന ശുദ്ധജലവും പഴങ്ങളും പച്ചക്കറികളും മുടക്കമില്ലാതെ ചെയ്യുന്ന യോഗയുമാണ് അനുഷ്കയുടെ ശരീരത്തെ ഫിറ്റാക്കുന്നത്. ദിവസം ആറുലിറ്റർ വെള്ളംകുടിച്ചുകൊണ്ടാണ് ചർമ്മത്തിലെ തിളക്കം അനുഷ്ക നിലനിർത്തിയത്. യോഗഏറെയിഷ്ടപ്പെടുന്ന അനുഷ്ക ദിവസവും ചെറിയ ചെറിയ വ്യായാമ മുറകളും യോഗയും ചെയ്ത് മനസ്സും ശരീരവും ഫ്രഷ് ആക്കി. ബാഹുബലി രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനുവേണ്ടി ജിം ഇൻസ്ട്രകറുടെയും നുട്രീഷനിസ്റ്റിന്റെയും സാന്നിധ്യത്തിൽ ദിവസവും 45 മിനിറ്റാണ് അനുഷ്ക ജിമ്മിൽ ചിലവഴിച്ചത്. 

കാലറി കൂടുതലുള്ള ആഹാരങ്ങൾ എണ്ണകൂടുതൽ ഉപയോഗിക്കുന്ന ആഹാരപദാർഥങ്ങൾ ഇവയെല്ലാം പൂർണ്ണമായി ഉപേക്ഷിച്ചു. ദിവസം നാലഞ്ചുനേരമായി കഴിക്കുന്ന ആഹാരത്തിൽ പഴങ്ങൾ, ഡ്രൈഫ്രൂട്ടസ്, പച്ചക്കറികൾ സൂപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സൈസ് സീറോ ഫിഗറുമായി അനുഷ്കഷെട്ടി ദേവസേന മഹാറാണിയായി ആരാധകരുടെ മനംകവർന്നത്.