സ്ത്രീകളിലെ മൂഡ്മാറ്റം കാൻസർ സൂചനയോ?

Young woman touching her head

ബ്രയിൻ ട്യൂമർ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുപ്രകാരം 2018 ല്‍ 23,880 ബ്രയിൻ ട്യൂമർകേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാമെന്ന് ഭയക്കുന്നു. ഇതില്‍ വെറും 35 ശതമാനത്തിന് മാത്രമേ അതിജീവന സാധ്യത കണക്കാക്കുന്നുമുള്ളൂ. 42 ശതമാനംബ്രയിൻ ട്യൂമർ കൂടുതലായും സ്ത്രീകളെയാണ് ബാധിക്കുന്നത്.

രണ്ടുതരംബ്രയിൻ ട്യൂമർകളാണ് ഉള്ളത്. ഇതില്‍ പ്രൈമറി ട്യൂമറുകള്‍ ബ്രെയ്‌നില്‍ ആരംഭിക്കുന്നു. അപൂര്‍വമായി മാത്രമേ അത് ശരീരത്തില്‍ വ്യാപകമാകുന്നുള്ളൂ. എന്നാല്‍ സെക്കന്ററി ട്യൂമറുകള്‍ ശരീരത്തിന്റെ ഏതുഭാഗത്തും ആരംഭിക്കാം. ഉദാഹരണത്തിന് ശ്വാസകോശത്തിലോ മാറിടത്തിലോ. ബ്രയിൻട്യൂമറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും അതനുസരിച്ച് ചികിത്സ ആരംഭിക്കുന്നതും രോഗത്തെ അതിജീവിക്കാന്‍ വളരെ സഹായകമാണ്. 

താഴെ പറയുന്നവയാണ് ബ്രയിൻ ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

രൂക്ഷമായ തലവേദന

ചില തലവേദനകളെ ഗൗരവത്തില്‍ കാണേണ്ടതുണ്ട്. ബ്രയിൻ ട്യൂമറിനുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്തരത്തിലുള്ള രൂക്ഷമായ തലവേദന. തലവേദനയ്‌ക്കൊപ്പം ഓക്കാനം, ഛര്‍ദ്ദി എന്നിവ കൂടിയുണ്ടെങ്കില്‍ അവയ്ക്ക് പ്രത്യേക കരുതല്‍ കൊടുക്കണം. മൈഗ്രെയ്‌ന്റെ ഭാഗമായി ഇവ വരാമെങ്കിലും രണ്ടിനേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഡോക്ടറുടെ സഹായം കൂടിയേ തീരൂ.

കോച്ചിപ്പിടുത്തം

കോച്ചിപ്പിടുത്തം അല്ലെങ്കില്‍ ഏതോ വൈദ്യുതകാന്തികതരംഗം കടന്നുപോകുന്നതുപോലെയുള്ള അനുഭവം. ഇങ്ങനെ എന്തെങ്കിലും അനുഭവപ്പെടാറുണ്ടോ? അതും സൂക്ഷിക്കേണ്ട ഒരു ലക്ഷണം തന്നെയാണ്.

അമിതമായ ഓക്കാനം

ഓക്കാനിക്കാനുള്ള പ്രവണത പലവിധ കാരണങ്ങളാലുണ്ടാകാം. എന്നാല്‍ അകാരണവും വിശദീകരിക്കാന്‍ സാധിക്കാത്തതുമായ ഓക്കാനം ബ്രയിൻ ട്യൂമറിനെ സൂചിപ്പിക്കുന്നു.  40 വയസ്സിന് മേല്‍ പ്രായമുള്ള വ്യക്തിയും കൂടിയാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

കാഴ്ചവൈകല്യങ്ങള്‍

ബ്ലറി വിഷന്‍, ഡബിള്‍ വിഷന്‍, കാഴ്്ചക്കുറവ്് എന്നിവയും ബ്രയിൻ ട്യൂമറിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.

ക്ഷീണം

ശരീരത്തിന് പൊതുവെയുള്ള ക്ഷീണത്തിന് പുറമെ ഏതെങ്കിലും ഒരു വശത്ത് മാത്രമായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ബ്രയിൻ ട്യൂമറിനുള്ള ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

ആശയക്കുഴപ്പം

ശരിയായ വാക്കുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരിക, സുഹൃത്തുക്കളെ  പേരു തെറ്റിച്ചുവിളിക്കുക, നന്നായി ഉറങ്ങാന്‍ കഴിയാതെവരിക തുടങ്ങിയവയും സ്ഥിരമായി നിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണെങ്കില്‍ അവ ഡോക്ടറുമായി പങ്കുവയ്‌ക്കേണ്ടതും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

 മൂഡു മാറ്റങ്ങള്‍

മൂഡ് വ്യത്യാസങ്ങള്‍ എല്ലാവ്യക്തികള്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ അസാധാരണമായ രീതിയിലും സ്വന്തം വ്യക്തിത്വത്തെ തന്നെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള മൂഡ് മാറ്റങ്ങള്‍ അത്ര നല്ലതല്ല. ബ്രയിൻ ട്യൂമറിന്റെ ലക്ഷണങ്ങളില്‍ വലിയ തോതിലുള്ള മൂഡ് മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ട്.