അമ്മയെയും അച്ഛനെയും സ്‌നേഹിക്കുന്ന മക്കളാണോ നിങ്ങള്‍? അവര്‍ വാര്‍ധക്യത്തിലെത്തിയവരായിക്കൊള്ളട്ടെ ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ഒരുപിടി കാര്യങ്ങളുണ്ട്.. അവരുമായി അകന്ന് കഴിയുന്നവരായിരിക്കാം നിങ്ങള്‍. അല്ലെങ്കില്‍ ഒരേ വീട്ടില്‍ തന്നെ കഴിയുന്നവരുമാകാം.
അകലെയുള്ളവരാണെങ്കില്‍ ഇടയ്ക്കിടെ അവരെ സന്ദര്‍ശിക്കുക. അതിന് സാധിക്കാത്തവരാണെങ്കില്‍ ഫോണ്‍ ചെയ്യുക. കൃത്യമായി മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടുപോകുക. മരുന്നുകള്‍ മുടക്കാതിരിക്കുക.നിങ്ങളും മാതാപിതാക്കളും ഒരേ വീട്ടിലാണ് കഴിയുന്നതെങ്കില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും അവരുടെ അടുക്കല്‍ ചെന്നിരിക്കാന്‍ സമയം നീക്കിവയ്ക്കുക..
ഒന്ന് മൃദുവായി തലോടുക.മക്കളുടെ സാന്നിധ്യവും സ്പര്‍ശവും കരുതലുമാണ് വാർധക്യത്തില്‍ മാതാപിതാക്കളുടെ ജീവിതം സന്തോഷപ്രദമാക്കുന്നത്.അതാണ് അവരുടെ ആയുസ്സ് നീട്ടിക്കൊടുക്കുന്നതും. അടുത്തകാലത്ത് നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കിയത് നമ്മുടെ പ്രിയപ്പെട്ടവരുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ നമ്മുടെ സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍ക്കും പെരുമാറ്റങ്ങള്‍ക്കും കഴിയുമെന്നാണ്.
വാര്‍ധക്യത്തിലെത്തുന്നവരുടെ വലിയ പ്രശ്‌നം ഏകാന്തതയാണ്. അതിനെത്തുടര്‍ന്നുള്ള വിഷാദവും. ചിലര്‍ക്കെങ്കിലും ജീവിതപങ്കാളി നഷ്ടപ്പെട്ടിട്ടുണ്ടാവും. സുഹൃത്തുകള്‍ വേര്‍പിരിഞ്ഞുപോയിട്ടുണ്ടാവും. ഫലമോ സാമൂഹികമോ കുടുംബപരമോ ആയ യാതൊരു സമ്പര്‍ക്കവും ഇല്ലാതെ അവരുടെ ജീവിതം വിഷാദമയമാകുന്നു. അത് അവരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. വൃദ്ധമാതാപിതാക്കളുടെ ഒട്ടുമിക്ക ശാരീരിക രോഗങ്ങളും വേദനകളും അവരുടെ മാനസികബുദ്ധിമുട്ടുകളുടെ പ്രതിഫലനമാണ്.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും വ്യക്തികള്‍ ഏകാന്തതയെ നേരിടുന്നുണ്ട്. എന്നാല്‍ വാർധക്യത്തിലെ ഏകാന്തത മറ്റേത് അവസ്ഥയിലുള്ളതിനെക്കാളും ഭീകരമാണ്. ഏകദേശം മുപ്പതുകളോടുകൂടി ഏകാന്തത അതിന്റെ പാരമ്യത്തിലെത്തുന്നുവെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.പതുക്കെ അത് അപ്രത്യക്ഷമാകുന്നു. എന്നാല്‍ അറുപതുകളിലും എണ്‍പതുകളിലും എത്തുന്നതോടെ അത് വീണ്ടും തീവ്രമാകുന്നു.
വാര്‍ധക്യത്തിലുണ്ടാകുന്ന ഹൃദ്രോഗം, മാനസികാസ്വസ്ഥകള്‍ എന്നിവയ്‌ക്കെല്ലാം കാരണം ഒറ്റപ്പെടലും മക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന അവഗണനയുമാണ്. ഇത് അവരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കുകയും ചെയ്യും. എഴുപതിനടുത്ത് പ്രായമുള്ള 70 പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠനപ്രകാരം ഇതിലെ 23 ശതമാനവും ആറുവര്‍ഷത്തിനിടയില്‍ മരണമടഞ്ഞത് ഏകാന്തതകാരണമായിട്ടായിരുന്നു.
14 ശതമാനത്തിന് മാത്രമേ സമ്പര്‍ക്കവും പരിഗണനയും ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട് ഏതുപ്രായത്തിലും നമ്മുടെ അച്ഛനും അമ്മയും നമുക്ക് പ്രിയപ്പെട്ടവരാകട്ടെ.അവരുടെ ദീര്‍ഘായുസ്സ് നമ്മുടെ മുന്‍ഗണനയായിരിക്കണം. അവരുടെ സന്തോഷം നമ്മുടെ കൈകളിലാണ്. അവര്‍ക്ക് നമ്മള്‍ നൽകുന്ന സ്‌നേഹവും കരുതലും പരിഗണനയും നമ്മുടെ ശിരസില്‍ പതിയുന്ന അനുഗ്രഹത്തിന്റെ കരങ്ങളാണെന്ന കാര്യം മറക്കരുത്. ഒപ്പം നമ്മുടെ അവഗണനയും കുത്തുവാക്കുകളും മൂലം അവരുടെ കണ്ണില്‍ നിന്നൊഴുകുന്ന സങ്കടം നമ്മുടെ ജീവിതത്തിന്മേല്‍ പതിയുന്ന ശാപത്തിന്റെ നിഴലുകളാണെന്നും.