ഗർഭകാല വ്യായാമം പ്രസവസമയം കുറയ്ക്കുമോ?

പ്രതീകാത്മക ചിത്രം.

വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എത്രയധികമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് വ്യായാമം ചെയ്യാമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ആരോഗ്യം ആരംഭിക്കുന്നത് ഗര്‍ഭപാത്രത്തിലാണെന്നും അമ്മ ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് കുഞ്ഞിന ആരോഗ്യകരമായ ജീവിതത്തിന്റെ തുടക്കത്തിന് കാരണമാകുമെന്നുമാണ് സത്യം.

ഇതിനൊക്കെ പുറമെ ഗർഭിണിയായിരിക്കുമ്പോൾ വ്യായാമം ചെയ്യുന്നത് പ്രസവസമയം കുറയ്ക്കാനും കാരണമാകും. മാഡ്രിഡിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണമാണ് പ്രസവസമയം കുറയ്ക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴത്തെ വ്യായാമം ഏറെ സഹായകമാകുമെന്ന് കണ്ടെത്തിയത്. 508 ഗര്‍ഭിണികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പ്രഫ. റൂബെന്‍ ബാരക്കാറ്റിന്റെ നേതൃത്വത്തില്‍ നടത്തിയപഠനങ്ങളാണ് ഈ നിഗമനത്തില്‍ എത്തിയത്.

253 സ്ത്രീകള്‍ ഒരു ഗ്രൂപ്പിലും 255 സ്ത്രീകള്‍ മറ്റൊരു ഗ്രൂപ്പിലും. എയറോബിക് എക്‌സൈര്‍സൈസ് പ്രോഗ്രാമില്‍ പങ്കെടുത്ത ഗര്‍ഭിണികളെ പിന്നീട് നിരീക്ഷിച്ചപ്പോൾ ഗര്‍ഭകാലത്തിലെ വിവിധ അവസ്ഥകള്‍, പ്രസവത്തിന്റെ രീതി, തൂക്കം, കുഞ്ഞിന്റെ തൂക്കം തുടങ്ങിയ നിരവധി ഘടകങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു . ഇത്തരം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ട ഗര്‍ഭിണികളുടെ പ്രസവം ആയാസരഹിതമായിരുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് ലേബര്‍ റൂമില്‍ അധികസമയം ചെലവഴിക്കേണ്ടിയും വന്നില്ല.  കൂടാതെ ഗർഭകാലത്ത് വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം അവരുടെ ശാരീര വടിവ് വീണ്ടെടുക്കാനും വളരെ സഹായകമാകുമെന്ന് പറയുന്നു.