കാൻസറെന്നു കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ എല്ലാവരുടേയും നെഞ്ചിടിപ്പ് കൂടും. കാരണം എല്ലാവരും ഭയക്കുന്ന ഒരു അസുഖമായി ഇതിനകം കാൻസർ മാറിയിട്ടുണ്ട്. ദ് ലാന്‍സെറ്റ് ഓങ്കോളജി നടത്തിയ പഠനപ്രകാരം ലോകമെങ്ങും സ്ത്രീകളേക്കാള്‍ 25 ശതമാനം കൂടുതല്‍ പുരുഷന്മാരാണ് കാൻസർ രോഗബാധിതരാകുന്നത്. ഇന്ത്യയിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് അർബുദ രോഗബാധിതരായി മരിക്കുന്നത്.
പക്ഷേ എഴുപത് ശതമാനം കാൻസർരോഗങ്ങളും സ്ത്രീകളെയാണ് പിടികൂടുന്നത് എന്നതാണ് മറ്റൊരു കാര്യം. ബ്രെസ്റ്റ്, ഓവറി, യൂട്രൈന്‍, സെര്‍വിക്കല്‍ കാന്‍സറുകളാണ് സ്ത്രീകളെ ബാധിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം അതിജീവനസാധ്യത കൂടുതലുമുണ്ട്. പുരുഷന്മാരുടെ ശ്വാസകോശത്തിലും വായിലുമാണ് കൂടുതലായും കാന്‍സര്‍ ബാധിക്കുന്നത്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗമാണ് ഇതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് അതിജീവന സാധ്യത കുറവുമാണ്.
ബ്രെസ്റ്റ് കാന്‍സറാണ് ഇന്ത്യയിലെ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കിടയിലെ 27 ശതമാനം കാന്‍സറും ബ്രെസ്റ്റ് കാന്‍സറാണ്. 45 നും 50 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ സ്ത്രീകളില്‍ ഇത്തരത്തിലുള്ള കാന്‍സര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വികസിത രാജ്യങ്ങളിലാവട്ടെ അത് 60 വയസ്സിന് മേലെയാണ്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഇതിന് കാരണമാകുന്നു.
BRCA 1 , BRCA 2 ജീനുകളുടെ വര്‍ധനവ് സാധാരണയായി ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത വർധിപ്പിക്കുന്നു. ഒരേ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ വരുമ്പോള്‍ ജനിതകഘടനയിലുള്ള മാറ്റം കൊണ്ടാണ് എന്നതിന്റെ സൂചനയും നൽകുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ പത്തു ശതമാനം ബ്രെസ്റ്റ് കാന്‍സറുകളും പാരമ്പര്യമാണ് ജനിതകഘടനയുടെ പരിശോധന സ്ത്രീകളിലെ കാന്‍സര്‍ വ്യാപനം കണ്ടുപിടിക്കാന്‍ പലപ്പോഴും ഉപകാരപ്പെടാറില്ല.
ബ്രെസ്റ്റ് കാന്‍സര്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍കാണപ്പെടുന്നത് ഡല്‍ഹിയിലാണ്. എന്നാല്‍ അതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ഓങ്കോളജിസ്റ്റുകള്‍ക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ സ്ത്രീകളെ ബോധവത്കരിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കാറുള്ളൂ. എങ്കിലും ഇത് പിടികൂടാനുള്ള ചില സാധ്യതകളും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്റ് റിസേര്‍ച്ച് ഡയക്ടര്‍ ഡോ. രവി മെഹ്‌റോത്രോ ചൂണ്ടികാണിക്കുന്നുണ്ട്.
അമിതമായ കൊഴുപ്പ് കലര്‍ന്ന ഭക്ഷണം, പൊണ്ണത്തടി, വൈകിയുള്ള വിവാഹം, കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, അപര്യാപ്തമായ ബ്രെസ്റ്റ് ഫീഡിങ് എന്നിവയാണവ. പല സ്ത്രീകളും ബോധവത്കരണത്തിന്റെ കുറവു കൊണ്ട് രോഗനിര്‍ണ്ണയം നടത്താന്‍ വളരെ വൈകുന്നതായും അദ്ദേഹം പറയുന്നു. അമേരിക്ക പോലെയുളള വികസിത രാജ്യങ്ങളില്‍ 80 ശതമാനും ബ്രെസ്റ്റ് കാന്‍സറുകളും അതിന്റെ ആദ്യത്തെ രണ്ടു സ്‌റ്റേജുകളില്‍ തന്നെ തിരിച്ചറിയുമ്പോള്‍ ഇന്ത്യയിലത് മൂന്നാമത്തെയോ നാലാമത്തെയോ സ്‌റ്റേജില്‍ മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ.
സെര്‍വിക്കല്‍ കാന്‍സറാണ് രണ്ടാം സ്ഥാനത്ത്. സ്ത്രീകളിലെ കാന്‍സര്‍ മരണങ്ങളില്‍ മുക്കാലും സെര്‍വിക്കല്‍ കാന്‍സര്‍ കാരണമാകുന്നു. ഹ്യൂമന്‍ പാപിലോമാ വൈറസ്( HUMAN PAPILLOMA VIRUS) ആണ് ഇതിന് കാരണം. 23 ശതമാനം കാന്‍സറുകളും ഇപ്രകാരമുള്ളവയാണ് 2008 മുതല്‍ HPV വാക്‌സിനുകള്‍ പതിനൊന്ന് മുതല്‍ 13 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ലോകവ്യാപകമായി നല്കിവരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അത് പഞ്ചാബിലും ഡല്‍ഹിയിലും മാത്രമേ നടപ്പില്‍ വരുത്തിയിട്ടുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും സെര്‍വിക്കല്‍ കാന്‍സറുകള്‍ ഒരു പരിധി വരെ പ്രതിരോധിക്കാവുന്നവയാണ്. ക്രിയാത്മകമായ ലൈംഗികാരോഗ്യത്തെക്കുറിച്ച് സുതാര്യമായും ഉച്ചത്തിലും ഇന്ത്യയില്‍ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. മെഹ്‌റോത്ര പറയുന്നു. ഗവണ്‍മെന്റ് തലത്തില്‍ HPV വാക്‌സിനുകള്‍ നൽകേണ്ടതുമാണ്.
കാന്‍സര്‍ പ്രതിരോധ പരിപാടികള്‍ 1976 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നുവെങ്കിലും മതിയായ ഫണ്ട് ഗവണ്‍മെന്റ് തലത്തില്‍ നിന്ന് ലഭ്യമാകുന്നില്ല. എങ്കിലും ഗവണ്‍മെന്റ് തലത്തില്‍ സൗജന്യമായി ഓറല്‍ ,ബ്രെസ്റ്റ്,സെര്‍വിക്കല്‍ കാന്‍സറുകളുടെ പരിശോധന ഈ വര്‍ഷത്തില്‍ നടത്തിതുടങ്ങും. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റ് രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഇന്ത്യയിലെ കാന്‍സര്‍ നിരക്ക് വളരെ കുറവാണ്. 1.5 മില്യന്‍ കേസുകളാണ് ഓരോ വര്‍ഷവും പുതുതായി ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു ലക്ഷം പേരില്‍ 300 പേര്‍ക്ക് അമേരിക്കയില്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അത് 100 ആണ്.