30 നും 70 നുമിടയില്‍ പ്രായമുള്ള ഇന്ത്യയിലെ 61 ശതമാനം ആളുകളുടേയും മരണത്തിന് കാരണം പ്രമേഹവും കാന്‍സറും ഹൃദയസംബന്ധമായ രോഗങ്ങളുമാണെന്നാണ് ലോകാരോഗ്യസംഘടന 2017 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇവയില്‍ നല്ലൊരു ശതമാനം മരണങ്ങളും ജീവിതശൈലിയില്‍ മാറ്റംവരുത്തി പ്രതിരോധിക്കാവുന്നവയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സ്‌ട്രെസ് ഇത്തരം മരണങ്ങളില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. തിരക്കുപിടിച്ചതും മത്സരം നിറഞ്ഞതുമായ ജീവിതമാണ് സ്‌ട്രെസ്സിലേക്ക് വഴിതെളിക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും തിരസ്‌ക്കരിക്കപ്പെടുകയാണെന്നുമുള്ള ചിന്ത ക്രമേണ ഇവരുടെ മനോനിലയില്‍ മാറ്റംവരുത്തുകയും ക്രിയാത്മകതയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ഇത്തരം ചിന്തകളില്‍ മാറ്റം വരുത്തി സജീവമായി ഇടപെടാന്‍ കഴിയത്തക്കവിധത്തില്‍ ഇവരുടെ ജീവിതങ്ങളെ മാറ്റിയെടുക്കുന്നതില്‍ വെല്‍നസിന് വലിയൊരു പങ്കു നിര്‍വഹിക്കാനുണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ലാപ്രോസ്‌ക്കോപ്പിക് ഓങ്കോളജി സര്‍ജറി ഡയറക്ടര്‍ ഡോ. പ്രദീപ് ജെയിന്‍ പറയുന്നത്. ഇതില്‍ മുഖ്യപങ്കുവഹിക്കുന്നത് യോഗയും ജിമ്മുമാണ്. ശാരീരികവും മാനസികവുമായ ഉദ്ദീപനത്തിന് ഇവ വളരെ സഹായകമാണ്.
കാര്‍ഡിയോ എക്‌സൈര്‍സൈസും യോഗയും വ്യക്തികള്‍ക്ക് ശാരീരികവും മാനസികവുമായ ഫലങ്ങള്‍പ്രദാനം ചെയ്യുന്നു.യോഗപരിശീലനം ഇന്ന് ഒരു പ്രഫഷനായി പോലും മാറിയിരിക്കുന്നതിന്റെ കാരണവും അത് നൽകുന്ന ശാരീരികമാനസികസൗഖ്യങ്ങളാണ്.