Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയസംബന്ധമായ അസുഖങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഹൃദ്രോഗ സാധ്യത

x-default

ജന്മം നൽകുന്ന കുഞ്ഞിന് ഹൃദയസംബന്ധമായ എന്തെങ്കിലും അസുഖങ്ങളുണ്ടോ എങ്കില്‍ അമ്മ ശ്രദ്ധിക്കണം. ഭാവിയില്‍ അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാകാമത്രെ ഇത്.  അടുത്തയിടെ നടന്ന ചില പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഗര്‍ഭധാരണത്തിനും പ്രസവത്തിനും വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരം കുട്ടികളുടെ അമ്മമാരെ ഹൃദയസ്തംഭനം, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുക തുടങ്ങിയ രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുണ്ട്. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്‌റിയല്‍ ഹോസ്പിറ്റല്‍ റിസേര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലുള്ളത്. 1989 നും 2013 നും ഇടയില്‍ ജനിച്ച ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നടത്തിയ ഗവേഷണഫലമായാണ് ഇങ്ങനെയൊരു കണ്ടുപിടിത്തം.

പ്രസവത്തിന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം  ഈ സ്ത്രീകളില്‍ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞത് ഇവരില്‍ പലര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായി എന്നാണ്. ചിലരാകട്ടെ ഹൃദയമാറ്റശസ്ത്രക്രിയയ്ക്ക് പോലും വിധേയരായി. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് 43 ശതമാനം സാധ്യതയാണ് ഇത്തരം സ്്ത്രീകള്‍ക്കുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളോടെ ജനിക്കുന്ന 85 ശതമാനം കുഞ്ഞുങ്ങളും കൗമാരപ്രായമാകുമ്പോഴേക്കും ആ രോഗാവസ്ഥയെ അതിജീവിക്കുന്നുമുണ്ട്.

തന്റെ കുഞ്ഞ് ഹൃദ്രോഗിയാണല്ലോ എന്ന കാര്യമോര്‍ത്തുള്ള ആകുലതകള്‍ പലപ്പോഴും അമ്മയുടെ ഹൃദ്രോഗങ്ങളെ കൂട്ടാനുള്ള ഒരു കാരണമാകാം. ചികിത്സയ്ക്കുവേണ്ടിയുള്ള സാമ്പത്തികഭാരവും മറ്റും ഇത്തരം ആകുലതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമ്മമാരെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് മോചിപ്പിക്കുവാൻ അവര്‍ക്ക് കൗണ്‍സിലിങ് നൽകണമെന്നും അതുവഴി മരണനിരക്ക് പോലും കുറയ്ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍പറയുന്നു.