അമ്മമാരേ ശ്രദ്ധിക്കണേ, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള ഉറക്കമുണ്ടോ? ഇല്ലെങ്കില്‍ അത് പൊണ്ണത്തടിക്ക് കാരണമായേക്കാം എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരേ പ്രായത്തിലുള്ള മറ്റ് കുട്ടികളേക്കാള്‍ ഉറക്കം കുറവുള്ള കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും പ്രായമാകും തോറും പൊണ്ണത്തടിക്ക് സാധ്യതയേറുമത്രേ.
പൊണ്ണത്തടി ക്രമേണ കാര്‍ഡിയോ വാസ്‌ക്കുലര്‍ രോഗങ്ങളിലേക്കും ടൈപ്പ് 2 പ്രമേഹത്തിലേക്കും കുട്ടികളെ നയിക്കും. അതുകൊണ്ട് ഭാവിയിലുണ്ടാകാവുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ കുട്ടികള്‍ക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. വാര്‍വിക്ക് മെഡിക്കല്‍ സ്‌കൂളിലെ മിഷേല്‍ മില്ലര്‍ പറയുന്നു. നവജാതശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിങ്ങനെ പതിനെട്ടുവയസുവരെയുള്ള 75,499 പേര്‍ക്കിടയില്‍ നടത്തിയ ഗവേഷണമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിവിധ രീതിയില്‍ ഉറക്കത്തിന്റെ സമയദൈര്‍ഘ്യം കണക്കിലെടുത്തായിരുന്നു പരീക്ഷണം. നാലു മുതല്‍ 11മാസം വരെയുള്ള കുഞ്ഞുങ്ങള്‍ 12 മുതല്‍ 15 വരെയും 1 മുതല് 2 വയസുവരെയുള്ളവര്‍ 11മുതല്‍14 വരെയും 3 മുതല്‍ 5 വരെ പ്രായമുള്ളവര്‍ 10 മുതല്‍ 13 വരെയും 6 മുതല്‍ 13 വരെ പ്രായമുള്ളവര്‍ 9 മുതല്‍ 11 വരെയും കൗമാരക്കാര്‍ 8 മുതല്‍ 10 വരെയും മണിക്കൂര്‍ ഉറങ്ങിയിരിക്കണമെന്നാണ് യുഎസില്‍ നിന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ പറയുന്നത്.