പ്രമേഹമുള്ള പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹബാധിതരായ പെണ്‍കുട്ടികളില്‍ ഇത് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
നിരവധി കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവം ക്രമം തെറ്റാറുണ്ട്. ഗര്‍ഭം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഇന്‍ഫെക്ഷന്‍സ്, രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമായി മാറാറുണ്ട് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ക്ക് പിസിഒഡി( polycystic ovary syndrome) പോലെയുള്ള ആര്‍ത്തവക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ട്. ഇത് പ്രമേഹത്തിനും മറ്റ് മെറ്റബോളിക് പ്രശ്‌നങ്ങള്‍ക്കും കാരണമായിമാറാറുമുണ്ട്.
യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോയിലെ ഗവേഷകരാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയിരിക്കുന്നത്. ആര്‍ത്തവക്രമക്കേടുകള്‍ അതികഠിനമായ ആർത്തവവേദനയ്ക്കും ഫാറ്റി ലിവറിനും വന്ധ്യതയ്ക്കും എന്‍ഡോമെട്രിയല്‍ കാന്‍സറിനും പലപ്പോഴും കാരണമാകാറുണ്ട്.
20 ശതമാനം പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടെന്നും പഠനം പറയുന്നു. പ്രമേഹരോഗബാധിതരായ പെണ്‍കുട്ടികള്‍ക്ക് അതിനുള്ള ചികിത്സയ്ക്കു പുറമെ അവരുടെ ആര്‍ത്തവാരോഗ്യം മെച്ചപ്പെടുത്താനുള്ള ചികിത്സ കൂടി നൽകണമെന്നും ഗവേഷകര്‍ പറയുന്നു.