Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാസ്റ്റ്ഫുഡ് കഴിക്കുന്ന സ്ത്രീകളിൽ ഗർഭധാരണം വൈകുമോ?

x-default പ്രതീകാത്മക ചിത്രം.

ഫാസ്റ്റ് ഫുഡിനോട് താൽപ്പര്യമുള്ള സ്ത്രീയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മറ്റു സ്ത്രീകളെക്കാള്‍ വന്ധ്യതയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്റ്, യുകെ എന്നിവിടങ്ങളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപെടുത്തിയത്.

സാധാരണയായി ഫാസ്റ്റ്ഫുഡ് ഉപയോഗിക്കാത്ത സ്ത്രീകള്‍  ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകളെക്കാള്‍ വേഗത്തില്‍ ഗര്‍ഭം ധരിക്കുന്നതായും 5,598  സ്ത്രീകള്‍ക്കിടയില്‍ നടന്ന പഠനം പറയുന്നു. ഇവരെല്ലാം ആദ്യമായി ഗര്‍ഭം ധരിക്കുന്നവരുമായിരുന്നു. 2,204 സ്ത്രീകള്‍ അതായത് 39 ശതമാനം സ്ത്രീകള്‍ വിവാഹാനന്തരം ഗര്‍ഭനിരോധമാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഗര്‍ഭിണികളായി.

എട്ട് ശതമാനം സ്ത്രീകള്‍ ഒരു വര്‍ഷം മുഴുവന്‍ ശ്രമിച്ചിട്ടും ഗര്‍ഭിണികളായുമില്ല.  ഫാസ്റ്റ് ഫുഡ് വല്ലപ്പോഴും മാത്രമോ അല്ലെങ്കില്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത പെണ്‍കുട്ടികളിലെ വന്ധ്യതാനിരക്ക് വെറും എട്ട് ശതമാനം മാത്രമാകുമ്പോള്‍ ആഴചയില്‍ നാലുതവണയെങ്കിലും ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന് അടിമകളാകുന്ന സ്ത്രീകളില്‍ ഇത് 16 ശതമാനമാണ്. 

ഫാസ്റ്റ് ഫുഡില്‍ വലിയ അളവോളം പൂരിത കൊഴുപ്പും സോഡിയവും ഷുഗറും അടങ്ങിയിട്ടുണ്ട്. ഇവ നേരിട്ട് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഓവറിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാവുന്നതിലെ ഒരു കാരണം ഫാസ്റ്റ് ഫുഡ് ആയിരിക്കാം എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി പഠനം നടത്തിയ റോബിന്‍സണ്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെസീക്ക ഗ്രിഗേര്‍ പറയുന്നു. എന്നാല്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ വന്ധ്യത ഉണ്ടാകാം.

പത്തില്‍ ഒന്ന് എന്ന കണക്കില്‍ ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അണ്ഡവിസര്‍ജ്ജനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവകൊണ്ടും കുട്ടികള്‍ ജനിക്കാതെ പോകാം. ഫലോപ്യൻ ട്യൂബിലെ തടസ്സം, യൂട്രൈന്‍ ഫൈബ്രോയ്ഡ് എന്നിവയും സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. വൈകിയുള്ള വിവാഹം, പുകവലി, മദ്യപാനം, ഉത്കണ്ഠ, അനാരോഗ്യകരമായ ഭക്ഷണരീതികള്‍,പൊണ്ണത്തടി, ലൈംഗികരോഗങ്ങള്‍, അമിതമായ വ്യായാമം എന്നിവയും വന്ധ്യതയ്ക്കുള്ള കാരണങ്ങളില്‍ പെടുന്നു .

എങ്കിലും പുതിയ പഠനങ്ങളില്‍ സ്ത്രീവന്ധ്യതയുടെ കാരണങ്ങളില്‍ പ്രധാനമായിട്ടുള്ളത് അമിതഭാരവും ഫാസ്റ്റ്ഫുഡ് പ്രണയവുമാണ്. പഴങ്ങള്‍ കഴിക്കുന്നത് വന്ധ്യത പരിഹരിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. സ്ഥിരമായി പഴങ്ങള്‍ കഴിക്കുന്നവരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വെറും എട്ട് ശതമാനം മാത്രാണ്. അമ്മയാകാന്‍ തയാറെടുപ്പുകള്‍ നടത്തുന്നതിന് മുമ്പു തന്നെ ഭക്ഷണത്തില്‍ പഴങ്ങളും മത്സ്യങ്ങളും ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത്  പ്രത്യുൽപ്പാദനശേഷി വര്‍ധിപ്പിക്കുമെന്നും ഡയറ്റിന് സ്ത്രീകളിലെ ഗര്‍ഭധാരണകാര്യത്തില്‍ വലിയൊരു പങ്കുവഹിക്കാനുണ്ടെന്നും പുതിയ പഠനങ്ങള്‍ പറയുന്നു.