മുപ്പത്തിയഞ്ച് വയസ്സിനു ശേഷം പ്രസവിച്ച സ്ത്രീകളുടെ കുഞ്ഞിന് ഭാവിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങൾ. പ്രായമേറിയതിനു ശേഷമുള്ള ഗര്‍ഭം ഗര്‍ഭകാലത്ത് പല സങ്കീര്‍ണ്ണതകളും വർധിപ്പിക്കാനും ഇടയാക്കും. നേരത്തേയുള്ള പ്രസവവും കുഞ്ഞുങ്ങളുടെ വലുപ്പക്കുറവും ഇതിന് അനുബന്ധമായി പലപ്പോഴും കണ്ടുവരാറുണ്ട്.
കാനഡയിലെ അല്‍ബേര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഈ പഠനം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സാന്ദ്ര പറയുന്നു. വൈകിയുള്ള പ്രസവം കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നു.
പ്രായം ചെന്നതിനു ശേഷം അമ്മമാരാകുന്ന രീതി ഇന്ന് കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പല സെലിബ്രിറ്റികളും വൈകിമാത്രമാണല്ലോ അമ്മമാരാകുന്നത്. സെലിബ്രിറ്റികളെ അനുകരിച്ച് ആ ശൈലി പിന്തുടര്‍ന്നാല്‍ ചിലപ്പോഴെങ്കിലും അത് മക്കളുടെ ആരോഗ്യസ്ഥിതി മോശമാക്കിയേക്കാം. അതുകൊണ്ട് ഇത്തരം പ്രവണത കുഞ്ഞുങ്ങളില്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് അമ്മമാര്‍ ബോധവതികളാകേണ്ടതുണ്ട് .ജേണല്‍ ഓഫ് ഫിസിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.