കുട്ടികള്‍ കഴിച്ചതിന്റെ ബാക്കി ഭക്ഷണം കഴിക്കുന്നത് അമ്മമാരുടെ പൊതുസ്വഭാവമാണ്. എന്നാല്‍ ഗര്‍ഭിണികളായ അമ്മമാര്‍ മക്കൾ മിച്ചം വയ്ക്കുന്ന ഭക്ഷണം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് ശ്രദ്ധേയമായ ഈ ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന് അണുബാധ ഉണ്ടാകാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പഠനം പറയുന്നത്.
മക്കള്‍ കഴിച്ചതിന്റെ ബാക്കി ഭക്ഷണം ഗര്‍ഭിണിയായ അമ്മ കഴിക്കുമ്പോള്‍ കുട്ടിയുടെ ഉമിനിരീലുടെ വൈറസ് ഉദരത്തിൽ പ്രവേശിച്ച് ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുമെന്നും ഗര്‍ഭിണിയായ അമ്മയും കുഞ്ഞും ഒരേ ഭക്ഷണം ഒരുപാത്രത്തില്‍ നിന്ന് പങ്കുവച്ച് കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നുമാണ് പഠനത്തിന് നേതൃത്വം നൽകുന്ന വിദഗ്ധരുടെ നിർദേശം. അതുപോലെ കുട്ടികളുടെ ചുണ്ടുകളില്‍ ഉമ്മ വയ്ക്കരുതെന്നും കുഞ്ഞുങ്ങളുടെ നെറ്റിയിലോ കവിളിലോ ചുംബിക്കുന്നതാണുചിതമെന്നും ഗവേഷകര്‍ പറയുന്നു.
ഗർഭസ്ഥ ശിശുവിന് സംഭവിക്കുന്ന അണുബാധ കേള്‍വിക്കുറവ്, സെറിബ്രല്‍ പാള്‍സി എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ ഇത്തരം ലക്ഷണങ്ങളൊന്നും കുട്ടികള്‍ തുടക്കത്തില്‍ കാണിക്കാതിരിക്കുന്നത് അപകടസാധ്യത കൂട്ടുകയും ചെയ്യും. നിലവില്‍ ഇത്തരം വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തിനാൽ ബോധവല്‍ക്കരണവും മുന്‍കരുതലും ശുചിത്വവുമാണ് പ്രധാനമെന്നും അവർ ഓർമ്മിപ്പിക്കുന്നു.