സ്ത്രീകൾ കൂടുതൽ വെള്ളം കുടിച്ചാൽ?

ദിവസം ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കാന്‍ തയാറാണോ നിങ്ങള്‍? എങ്കില്‍ ഉറപ്പ് ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ ഇനി നിങ്ങളെ അലട്ടുകയേ ഇല്ല. യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇങ്ങനെയൊരു ഉറപ്പ് നൽകിയിരിക്കുന്നത്. ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്‌ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ അവകാശപ്പെടുന്നു. 

ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ സ്ത്രീകളെ ബാധിക്കുന്ന സാധാരണ അസുഖമാണെന്നും. അതുകൊണ്ടുതന്നെ ഈ കണ്ടുപിടുത്തം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ലോട്ടന്‍ പറയുന്നു. സാധാരണയായി ആറു മുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിച്ച സ്ത്രീകളാണ്  കൂടുതല്‍ വെള്ളം കുടിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള പഠനറിപ്പോര്‍ട്ട് അതിശയിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

ബാക്ടീരിയയുടെ ശക്തി കുറയ്ക്കാൻ കൂടുതലായി ഉള്ളിലെത്തുന്ന വെള്ളത്തിന് സാധിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. സങ്കീര്‍ണ്ണമാകാത്ത മുഴകള്‍,  മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും, ബ്ലാഡര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടുന്ന അവസ്ഥ, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നല്‍, ചിലപ്പോള്‍ മൂത്രത്തില്‍ കാണുന്ന രക്തത്തിന്റെ അംശം എന്നിവയെല്ലാം ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്റെ ലക്ഷണങ്ങളാണെന്നും വെള്ളം കൂടുതൽ കുടിക്കാൻ തയാറാകുന്നതോടെ ഇത്തരം രോഗങ്ങളിൽ നിന്ന് അകലം പാലിക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു.