ജോലിയുടെ സമ്മർദത്തിൽപ്പെട്ട് സ്വയം ജീവിക്കാന്‍ മറന്നുപോകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജീവിതവും ജോലിയും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ സംഘര്‍ഷങ്ങള്‍ പല സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഗം തന്നെയായിക്കഴിഞ്ഞു. ജോലിഭാരം മൂലം തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവയ്ക്കാനോ വിനോദങ്ങളില്‍ ഏര്‍പ്പെടാനോ പലർക്കും സാധിക്കുന്നില്ല.
ജോലിക്കിടയിലെ ഈ സംഘര്‍ഷങ്ങള്‍ ദാമ്പത്യബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നുണ്ട്. ജോലിയുടെ സമ്മർദം സ്ത്രീകളുടെ പ്രത്യുൽപ്പാദന ശേഷിയെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 5000 സ്ത്രീകളെ നിരീക്ഷിച്ച ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് തൊഴില്‍ സ്ഥലത്ത് സംഘര്‍ഷങ്ങളും സമ്മർദ്ദങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ ഗർഭം ധരിക്കാനുള്ള സാധ്യത 25 ശതമാനത്തിൽ താഴെയാണെന്നും ഗവേഷകർ പറയുന്നു.
മാനസികാരോഗ്യവും സ്വസ്ഥതയും അമ്മയാകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അതുകൊണ്ട് സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണവും കൗണ്‍സലിങ്ങും നൽകണമെന്നുമാണ് പഠനത്തിന് നേതൃത്വം നൽകിയ എപ്പിഡെമോളജിസ്റ്റ് അമേലിയ വെസ്റ്റ് ലിങ്ക് പറയുന്നത്. ജോലിക്കുവേണ്ടി ജീവിതം കളയുകയോ കുടുംബജീവിതത്തിന് വേണ്ടി ജോലി ഉപേക്ഷിക്കുകയോ ചെയ്യാതെ രണ്ടും ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ സ്ത്രീകളെ സഹായിക്കുകയാണു വേണ്ടതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു. ജോലി വലുതാണ്, കുടുംബജീവിതവും സ്വകാര്യസന്തോഷങ്ങളും അതിനൊപ്പം തന്നെ വലുതാണ്. പുരുഷന്മാരേക്കാള്‍ തൊഴിലിടങ്ങളില്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് നേരത്തെയൊരു പഠനം പുറത്തുവന്നിരുന്നു. 21 നും 45 നും ഇടയിൽ പ്രായമുള്ള 4769 സ്ത്രീകളെയും 21 വയസ്സിനു മുകളലുള്ള 1272 പുരുഷന്മാരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ ഇത്തരത്തിൽ ഒരു നിഗമനത്തിലെത്തിയത്.