ഭക്ഷണത്തിന്റെ രുചിയും ആസ്വാദ്യതയും വർധിപ്പിക്കുന്ന കാര്യത്തിൽ എരിവും പുളിയും കഴിഞ്ഞേ ഉളളൂ മറ്റെല്ലാ രസങ്ങളും. കൊതിയന്മാരെ ലഹരി പിടിപ്പിക്കുന്ന രസങ്ങളാണ് ഇവ രണ്ടും. സ്റ്റാർ ഹോട്ടലിലെ ഡിന്നർ ഉപേക്ഷിച്ച് ചായക്കടയിൽ വന്ന് കുത്തിയിരിക്കുന്നതും കുടംപുളി ഇട്ടുവച്ച നാടൻ മീൻ കറിയുടെ രുചി തലയ്ക്കു പിടിച്ചതുകൊണ്ടാണ്.
മുളകും വാളൻ പുളിയും കുടംപുളിയുമെല്ലാം ഒട്ടേറെ പോഷകഗുണമുളളവയാണ്. എന്നാൽ തീക്ഷ്ണ രസമുളളവയായതുകൊണ്ട് ഉദര പ്രശ്നങ്ങൾ ഉളളവർ എരിവും പുളിയും കുറയ്ക്കുന്നതാണ് നല്ലത്.
മിതമായാൽ മെച്ചം
കുരുമുളകും വറ്റൽ മുളകും പച്ചമുളകുമുൾപ്പടെ പലതരത്തിലുളള മുളകുകൾ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ജീവകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഇവയെല്ലാം.
ശരീരത്തിനാവശ്യമായ അയൺ അടക്കമുളള പല മൂലകങ്ങളും ചുവന്ന മുളകിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ശേഷിയുളള ജീവകങ്ങളായ ജീവകം സി, എ തുടങ്ങിയവ ചുവന്ന മുളകിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തധമനികളുടെ ജരാവസ്ഥ നിയന്ത്രിക്കുന്നതിനും കഴിവുളളവയാണ് ആന്റിഓക്സിഡന്റുകൾ. കൊളസ്ട്രോളിന്റെ നില കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുളകിനാവും.
മുളകിന് എരിവ് നൽകുന്ന ഫൈറ്റോ കെമിക്കൽ ആണ് കാപ്സെയിസിൻ. ഇതിന് വേദനയും നീർക്കെട്ടും കുറയ്ക്കാനുളള കഴിവുണ്ട്. പല വേദന സംഹാരി ക്രീമുകളുടെയും മുഖ്യ ഘടകമാണ് കാപ്സെയിസിൻ. കുരുമുളകിൽ ജീവകം കെ ഭക്ഷ്യനാരുകൾ, ശരീരത്തിനാവശ്യമുളള മൂലകങ്ങളായ മാങ്കനീസ്, ഇരുമ്പ്, കോപ്പർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഉൾപ്പെടെയുളള അസിഡിറ്റിയുടെ പ്രശ്നങ്ങൾ വർധിക്കുമെന്നതുകൊണ്ട് ഹൈപ്പർ അസിഡിറ്റിയും പെപ്റ്റിക് അൾസറുമുളളവർ മുളകിന്റെ ഉപയോഗം കുറയ്ക്കണം. അൾസറുപോലെയുളള പ്രശ്നങ്ങൾ ഉളളവരും ഭക്ഷണത്തിലെ എരിവ് കുറയ്ക്കണം.
പുളി വെറും പുളിയല്ല
കറികളിൽ ചേർക്കുന്ന വാളൻ പുളിയും കുടംപുളിയും പുളിരസത്തിനുവേണ്ടി മാത്രമല്ല. പോഷക സമൃദ്ധമാണ് പുളിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും. പുളിയുടെ പൾപ്പിൽ 13 ശതമാനത്തോളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. വെളളത്തിൽ ലയിച്ചു ചേരാത്ത ഈ നാരുകൾ ഭക്ഷ ണത്തിൽ നിന്നുളള കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നു.
മലബന്ധം ഒഴിവാക്കാനും നാരുകൾക്ക് കഴിയും. പുളിയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ടാർടാറിക് ആസിഡിന് ആന്റിഓക്സിഡന്റ് ഗുണമുണ്ട്. നാഡീഞരമ്പുകളുടെ പ്രവർത്തനക്ഷമതയ്ക്ക് ആവശ്യം വേണ്ട ജീവകം ബി.1 (തയാമിൻ)ന്റെ ഉത്തമ സ്രോതസ്സുകൂടിയാണ് പുളി. അസിഡിറ്റിയുടെ ലക്ഷണങ്ങൾ രൂക്ഷമാകുന്നതുകൊണ്ട് നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലുമുളളവർ പുളിയുടെ ഉപയോഗം കുറയ്ക്കണം.
പയ്യെ തിന്നാൽ
ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചാൽ മാത്രമേ ദഹനാഗിരണ പ്രക്രിയ തൃപ്തികരമാവൂ. വിഭവങ്ങൾ ധൃതിയോടെ കഴിച്ചാൽ നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളും ഉളളിൽ എത്തുന്നു. തുടർന്നു വയർ പെരുപ്പ്, ഏമ്പക്കം, പുളിച്ചു തികട്ടൽ.... തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഭക്ഷണ സമയത്ത്, സാവധാനം, ശ്രദ്ധയോടെ ആസ്വാദിച്ചു കഴിക്കുക.
രസകൗതുകം
പല തരത്തിലുളള രുചികളോട് സ്ത്രീകളും പുരുഷന്മാരും പ്രതികരിക്കുന്നത് ഒരു പോലെയല്ല. സ്ത്രീകൾ ഉപ്പിനോടും മധുരത്തോടുമൊക്കെ അമിതമായി പ്രതികരിക്കുന്നു. അതു കൊണ്ടാണ് കറിക്ക് ഉപ്പ് പാകമാണെങ്കിലും ഉപ്പ് കൂടിയെന്ന് സ്ത്രീകൾ പരാതിപ്പെടുന്നത്. എന്നാൽ പുളി രസം അറിയാനുളള കഴിവ് സ്ത്രീകൾക്ക് പൊതുവെ കുറവാണ്.
ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിക്കൽ കോളജ്,
ആലപ്പുഴ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.