ഒരു കാര്യം ഉറപ്പാണ്. മുട്ട സമ്പൂർണാഹാരമാണ്. പാൽ കഴിഞ്ഞാൽ ശരീരത്തിനാവശ്യമുളള എല്ലാ പോഷക ഘടകങ്ങളും ഒത്തു ചേർന്നിട്ടുളള മാതൃകാ ഭക്ഷണം കൂടിയാണ് മുട്ട. പാചകം ചെയ്യാനും കഴിക്കാനും വളരെ എളുപ്പം. വിരുന്നുകാരെത്തിയാലും വൈവിധ്യമാർന്ന മുട്ട വിഭവങ്ങൾ ഞൊടിയിടയിൽ തയാറാക്കാം. വെജിറ്റേറിയനിസം ഫാഷനായിക്കൊണ്ടു നടക്കുന്നവരിൽ പലർക്കും മുട്ടയോട് പിണക്കവുമില്ല.
പിന്നെ പ്രശ്നം കൊളസ്ട്രോളാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളമുണ്ടെന്നത് ശരിയാണ്. എന്നാൽ മുട്ട ഉപയോഗത്തിലും പാചകത്തിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിന്റെ പേരിൽ മുട്ടയെ മാറ്റി നിർത്തേണ്ടി വരില്ല.
മുട്ട എന്ന മൾട്ടി വൈറ്റമിൻ
മാംസ്യം, ജീവകങ്ങൾ, ആന്റി ഓക്സിഡന്റുകൾ, ധാതുലവണങ്ങൾ, മൂലകങ്ങൾ തുടങ്ങിയവയെല്ലാം മുട്ടയിൽ ചേരുംപടി ചേർന്നിരിക്കുന്നു. ജീവകം സി ഒഴികെ മറ്റെല്ലാ വൈറ്റമിനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരാശരി 60 ഗ്രാം ഭാരമുളള മുട്ടയിൽ 6 ഗ്രാം കൊഴുപ്പ്, 30 മില്ലി ഗ്രാം കാത്സ്യം, 1.5 മില്ലിഗ്രാം അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ പ്രോട്ടീനിൽ ശരീരത്തിനാവശ്യമുളള 9 എസൻഷ്യൽ അമിനോ ആസിഡുകളും കൃത്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റു ഭക്ഷണ സ്രോതസുകളിൽ നിന്നുളള പ്രോട്ടീനെ വിലയിരുത്താനുളള ഉത്തമ മാനദണ്ഡമാണ് മുട്ടയിലെ പ്രോട്ടീൻ.
മുട്ടയിലെ മഞ്ഞക്കരുവിലടങ്ങിയിരിക്കുന്ന ഘടകമായ കോളിൻ നാഡീകോശങ്ങളിലൂടെയുളള ആവേഗ സഞ്ചാരത്തിനു സഹായിക്കുന്ന അസറ്റൈൽ കോളിന്റെ നിർമാണത്തിനുപകരിക്കുന്നു. കോളിൻ കരളിനെ ഡീ–ടോക്സിഫൈ ചെയ്യാനും കൊഴുപ്പടിഞ്ഞുകൂടി ഫാറ്റിലിവർ ഉണ്ടാകുന്നതു തടയാനും സഹായിക്കും. ശരീരത്തിന്റെ ജരാവസ്ഥ മൂലമുണ്ടാകുന്ന രോഗങ്ങളായ പേശീ തളർച്ചയും തിമിരവും തടയാൻ സഹായിക്കുന്ന ലൂട്ടിൻ, സിയാസാന്തിൻ, തുടങ്ങിയ ആന്റി ഓക്സിഡന്റുകളും മുട്ടയിൽ ധാരാളമായുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ജീവകമാണ് ബി12. ഒരു മുട്ടയിൽ നിന്നു തന്നെ ഒരാൾക്ക് ഒരു ദിവസം വേണ്ട ബി12 ലഭിക്കും.
മുട്ട പാകം ചെയ്തു തന്നെ കഴിക്കണം
പച്ചയ്ക്ക് പത്തു മുട്ട വരെ അകത്താക്കുന്ന ഫയൽവാന്മാരെക്കുറിച്ച് പലരും കേട്ടിരിക്കും, എന്നാൽ മുട്ട പാകം ചെയ്തു തന്നെ കഴിക്കണം. കാരണം മുട്ട പുഴുങ്ങിയും വാട്ടിയുമൊക്കെ പാകം ചെയ്യുമ്പോൾ ബി. കോംപ്ലക്സ് ജീവകങ്ങളുടെ ആഗിരണത്തെ തടയുന്ന അമിഡിൻ എന്ന ഘടകം നശിക്കുന്നു. മുട്ട പാകം ചെയ്യുമ്പോൾ അണുബാധ ഉണ്ടാകാതെയിരിക്കുവാൻ പരമാവധി വൃത്തിയുണ്ടാകണം. മുട്ട നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ പാചകം ചെയ്യാവൂ. മുട്ട വിഭവങ്ങൾ പാചകം ചെയ്ത ഉടനെ തന്നെ കഴിക്കുന്നതാണ് നല്ലത്.
ഒരു ദിവസം ഒരു മുട്ട
ദിവസവും വ്യായാമം ചെയ്യുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവർ മുട്ട നിത്യേന കഴിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. കുട്ടികൾക്ക് ദിവസവും ഒരു മുട്ട കൊടുക്കാം. മുട്ടയി ലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് കുട്ടികളുടെ ഓർമ ശക്തിയെ മെച്ചപ്പെടുത്തുന്നു. എന്നാൽ കൊളസ്ട്രോളിന്റെ പ്രശ്നമുളളവർ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. മുട്ടയുടെ വെളള കഴിച്ച് മഞ്ഞ കുട്ടികൾക്കു കൊടുക്കാം. പച്ചക്കറികൾ ചേർത്ത് അധികം എണ്ണ ഉപയോഗിക്കാതെ മുട്ടയുടെ വെളള കൊണ്ടു മാത്രം ഉണ്ടാക്കുന്ന ഓംലറ്റ് ഹൃദ്രോഗികൾക്കും അമിത കൊളസ്ട്രോളിന്റെ പ്രശ്നമുളളവർക്കും കഴിക്കാവുന്ന വിശിഷ്ടമായ വിഭവമാണ്.
വാങ്ങിയ മുട്ട നല്ലതോ ചീത്തയോ?
∙നല്ല മുട്ട വെളളത്തിലിട്ടാൽ താണു പോകും. എന്നാൽ മുട്ടയുടെ പഴക്കം കൂടുന്നതിനനുസരിച്ച് മുട്ട സാവധാനം വെളളത്തിന്റെ മുകളിലേക്ക് പൊന്തിപ്പൊന്തി നിൽക്കും. ചീമുട്ട വെളളത്തിൽ പൊങ്ങിക്കിടക്കും.
∙പ്രകാശത്തിനു മുമ്പിലായി മുട്ട പിടിക്കുമ്പോൾ മുട്ടയിലെ വായു അറയുടെ വലിപ്പം കൂടുതലാണെങ്കിൽ മുട്ട പഴകിയതായിരിക്കും.
ഡോ. ബി. പത്മകുമാർ അഡീഷണൽ പ്രഫസർ, മെഡിസിൻ മെഡിക്കൽ കോളജ്, ആലപ്പുഴ.