അച്ഛൻെറ ശബ്ദം കേട്ടാൽ ടെൻഷനടിക്കുന്ന മകൾ

ഒരാളുടെ മാനസ്സിക സമ്മർദം ഏറ്റവും അടുത്ത മറ്റൊരാളെ പിടികൂടുന്ന ഈ അവസ്ഥയാണു സെക്കൻഡ് ഹാൻഡ് സ്ട്രെസ്.

ഇതെന്താ ഇത്രടെൻഷൻ? മകളുടെ സ്വഭാവത്തിലുള്ള മാറ്റം കണ്ട് അമ്മയ്ക്ക് ആശങ്കയായി. കുറേ ചോദിച്ച ശേഷമാണു അവൾ മനസ്സ് തുറന്നത്. അച്ഛൻ രാവിലെ ഉണർന്ന് എണീ ക്കുമ്പോൾ മുതലാണ് അവളുടെ ടെൻഷൻ തുടങ്ങുക.

‘എന്റെ തോർത്തെവിടെ? ആ വെള്ള ഷർട്ടെവിടെ? സോക്സെവിടെ? ഇതാണോ ബ്രേക്ഫാസ്റ്റ്? കറിയിൽ ഉപ്പില്ലല്ലോ, കാറിന്റെ കീ എവിടെ?’ ഇങ്ങനെ വീട്ടിലെ അന്തരീക്ഷം മുഴുവൻ അസ്വസ്ഥമാക്കുന്ന അച്ഛന്റെ ബഹളവും എടുത്തു ചാട്ടവുമാണ് മകളെ വിഷമിപ്പിച്ചത്. പിന്നെപ്പിന്നെ അച്ഛന്റെ ശബ്ദം കേൾക്കുമ്പോഴേ മകൾക്ക് ചങ്കുപിടക്കാൻ തുടങ്ങി. എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഗൃഹനാഥനിൽ നിന്നു പകർന്ന സമ്മർദം മകളെ വിഷാദത്തിലേക്കു തള്ളിയിടുകയായിരുന്നു. ഒരാളുടെ മാനസ്സിക സമ്മർദം ഏറ്റവും അടുത്ത മറ്റൊരാളെ പിടികൂടുന്ന ഈ അവസ്ഥയാണു സെക്കൻഡ് ഹാൻഡ് സ്ട്രെസ്.

അടുപ്പത്തിന്റെ തോതനുസരിച്ചാണു മറ്റൊരാളുടെ വിഷമം നമ്മിലേക്കു പകരുന്നത്. നമ്മുടെ മനസ്സിലെ സങ്കടങ്ങൾ സഹതാപത്തോടെയും പരിഗണനയോടെയും കേൾക്കുമ്പോൾ, ആ സമ്മർദം കേൾക്കുന്നയാളും അനുഭവിക്കുന്നുണ്ട്. അത് സുഹൃത്തോ കാമുകിയോ ഭാര്യയോ ആകാം. എത്രത്തോളം മാനസികമായ അടുപ്പമുണ്ടോ, അത്രത്തോളം മാനസിക പിരിമുറുക്കവുമുണ്ടാകും.

അടുപ്പമുള്ളവർക്ക് പ്രശ്നമുണ്ടാകുമ്പോൾ അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം എന്റേതു കൂടിയാണ് എന്നു ചിന്തിക്കുന്നവരുണ്ട്. ഇവരിൽ സെക്കൻഡ് ഹാൻഡ് സമ്മർദം കൂടുതൽ അളവിലുണ്ടാകും.

നോവുന്ന വീട്ടകങ്ങൾ

വീട്ടിൽ, സൗഹൃദവലയത്തിൽ, സ്കൂളിൽ, ജോലി സ്ഥലങ്ങളിൽ എവിടെയും പിരിമുറുക്കം ഉണ്ടാകാം. കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മർദമാണു മനസ്സിനെ കൂടുതലായി ബാധിക്കുക.

പങ്കാളിയിൽ നിന്നുള്ള സമ്മർദം സെക്കൻഡ് ഹാൻഡ് സ്ട്രെസായി ഏറ്റെടുക്കേണ്ട അവസ്ഥ ദാമ്പത്യത്തെ ദോഷകരമായി ബാധിക്കും.

ചിലപ്പോൾ ഭർത്താവ് ജോലിസ്ഥലത്തെ സ്ട്രെസ് മൂലം ഭാര്യയോട് തുറന്നു സംസാരിക്കുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്യില്ല. ജോലി സ്ഥലത്തെ പിരിമുറുക്കമാണു കാരണമെന്നു തുറന്നു പറയാത്തതു പങ്കാളികൾക്കിടയിൽ അകലമുണ്ടാക്കും. ജോലിയിലുള്ള സമ്മർദമാണു കാരണമെന്നു ഭാര്യയും തിരിച്ചറിയണം. ഇതല്ലെങ്കിൽ വീട്ടിൽ തിരിച്ചെത്തുന്ന ഭർത്താവിനെ കാണുമ്പോൾ മുതൽ ഭാര്യയുടെ മനസ്സിൽ സമ്മർദം നിറയും. ഇതു പതിവാകുന്നതോടെ ഭാര്യ വിഷാദത്തിനടിപ്പെടാം.

അച്ഛനോ അമ്മയ്ക്കോ സമ്മർദമുണ്ടാകുന്നതു മക്കളുടെ വ്യക്തിത്വവികസനത്തെ ദോഷകരമായി ബാധിക്കാം. മാതാപിതാക്കളിലൊരാൾ സമ്മർദം അടിച്ചേൽപ്പിക്കുന്നതു പതിവായാൽ ഇതിനെ എങ്ങനെ ഫലപ്രദമായി നേരിടണമെന്നു കുട്ടി തിരിച്ചറിയാതെ പോകും. ജോലിയിൽ നിന്ന് ഒഴിഞ്ഞു മാറുക, മദ്യപാനം, എപ്പോഴും പരാതി ഇങ്ങനെ കൂടെയുള്ളവർക്കു സമ്മർദം നൽകുന്ന മാതാപിതാക്കളുടെ മക്കൾ വലുതാകുമ്പോൾ ഇത് ആവർത്തിക്കാനിടയുണ്ട്. സഹപാഠികൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ബന്ധുക്കൾ ഇങ്ങനെ പലരിൽ നിന്നും സമ്മർദം പകരാം. ചിലപ്പോൾ ജോലിസ്ഥലത്തെ സാഹചര്യങ്ങളോ ബോസിന്റെ പെരുമാറ്റമോ പിരിമുറുക്കമുണ്ടാക്കാം. പക്ഷേ, ഇതു ദീർഘനാൾ നിലനിൽക്കുന്നുവെങ്കിൽ നിർബന്ധമായും പരിഹരിക്കാൻ വഴികൾ തേടണം.

മറികടക്കാൻ വഴികളുണ്ട്

∙ജീവിത പങ്കാളിയാണ് ഇങ്ങനെ പതിവായി സമ്മർദം അടിച്ചേൽപ്പിക്കുന്ന വ്യക്തിയെങ്കിൽ തിരുത്തിക്കാൻ ശ്രമിക്കാം. സ്വയം പിരിമുറുക്കമനുഭവിക്കുകയം പങ്കാളിയിലേക്കു സമ്മർദം കൈമാറുകയും ചെയ്യുകയുമാണെന്ന് ഇവർ തിരിച്ചറിയുന്നുണ്ടാവില്ല. സാഹചര്യത്തോടു പൊസിറ്റീവായി പെരുമാറാൻ പങ്കാളിയെ സഹായിക്കുക. തുറന്നു സംസാരിച്ചിട്ടും മാറ്റമൊന്നും കാണുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടുക.

∙സ്കൂളിൽ അധ്യാപകരുടെ മനോഭാവം കുട്ടിക്കു സമ്മർദമുണ്ടാക്കുന്നുണ്ടെന്നു തോന്നിയാൽ അവരോടു തുറന്നു സംസാരിക്കുക. പരാതി പറയുന്നതിനു പകരം അധ്യാപികയ്ക്കു തിരിച്ചറിവ് നൽകാനാണു ശ്രമിക്കേണ്ടത്.

∙പൊസിറ്റീവായി ജീവിതത്തെ കാണാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും നെഗറ്റീവായി കാണുന്നതു പിരിമുറുക്കത്തിനു കാരണമാകും. മുന്നോട്ടു പോകുമ്പോൾ കാര്യങ്ങൾ ഗുണകരമായി മാറുമെന്നു ചിന്തിക്കുക.

∙ജോലി സ്ഥലത്തു നിന്നാണു സമ്മർദമെങ്കിൽ, കാരണം കണ്ടെത്താൻ ശ്രമിക്കണം. ജോലി സമയത്തു ചെയ്യാതെ അലസമായി നടന്ന ശേഷം അവസാന നിമിഷം കടുത്ത സമ്മർദത്തിൽ ജോലി ചെയ്യുന്നവരെ കണ്ടിട്ടില്ലേ. ജോലി ചിട്ടയോടെ ചെയ്താൽ ഇത്തരം പിരിമുറുക്കം ഒഴിവാക്കാം.

∙ചിലർക്കു മറ്റുള്ളവരേക്കാൾ അധികമായി ജോലിഭാരമുണ്ടാകാം. മിടുക്കുള്ളതുകൊണ്ടാകാം അമിത ജോലിഭാരം ഏൽക്കേണ്ടി വരുന്നത്. ഇതു പൊസിറ്റീവായി കാണാൻ ശ്രമിക്കണം. ജോലി ഭാരം താങ്ങാനാകാത്തതാണെങ്കിൽ സ്വയം സമ്മർദമനുഭവിക്കാതെ മേലധികാരികളോടു തുറന്നു പറയുന്നതാണു നല്ലത്.

∙ബോസ് നൽകുന്ന സമ്മർദമാണു പ്രശ്നമെങ്കിൽ അതിലും ചിലപ്പോൾ പൊസിറ്റീവിറ്റിയുണ്ടാവാം. ബോസ് കണിശക്കാരനായതുകൊണ്ട് നിങ്ങൾ കൃത്യമായി ജോലി തീർക്കുന്നുണ്ടാകാം. ബഹളം വയ്ക്കുന്ന ബോസാണു പ്രശ്നമെങ്കിൽ എങ്ങനെ ഇതു പോലൊരു ബോസ് ആകാതിരിക്കണമെന്നു മനസ്സിനെ പഠിപ്പിക്കാം.

∙കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്ന അവസ്ഥയുണ്ടെങ്കിൽ ശ്രദ്ധിക്കണം. അമിതമായി ദേഷ്യപ്പെടുക, സംസാരിക്കാതിരിക്കുക ഇങ്ങനെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം കണ്ടാൽ കാരണം കണ്ടെത്തണം. അച്ഛനോടും അമ്മയോടും എന്തും തുറന്നു പറയാവുന്ന ബന്ധം ഉണ്ടെങ്കിൽ കുട്ടികളുടെ ടെൻഷൻ പരിഹരിക്കാവുന്നതേയുള്ളൂ.

സെക്കൻഡ് ഹാൻഡ് സ്ട്രെസ് എങ്ങനെ തിരിച്ചറിയാം?

അടുപ്പമുള്ള ആളോട് പരിഗണന കാണിക്കുന്നത് നല്ല ഗുണമാണ്. പക്ഷേ, മനുഷ്യത്വപരമായ ഈ സമീപനം വളരെ പക്വതയോടെ കൈകാര്യം ചെയ്യാനും കഴിയണം. അടുപ്പമുള്ള വ്യക്തിയുടെ സങ്കടത്തെ മനസ്സിലേറ്റി വിഷാദത്തിന് അടിപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.

അടുപ്പമുള്ള ആളോട് പരിഗണന കാണിക്കുന്നത് നല്ല ഗുണമാണ്. പക്ഷേ, മനുഷ്യത്വപരമായ ഈ സമീപനം വളരെ പക്വതയോടെ കൈകാര്യം ചെയ്യാനും കഴിയണം. അടുപ്പമുള്ള വ്യക്തിയുടെ സങ്കടത്തെ മനസ്സിലേറ്റി വിഷാദത്തിന് അടിപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.

∙ആദ്യം സ്വയം വിലയിരുത്തുക. രാവിലെ നല്ല സന്തോഷത്തോടെ ഉണരുന്നെങ്കിലും പെട്ടെന്ന് ഡൾ ആകുന്നുണ്ടോ? എനർജി ചോർന്നതു പോലെയൊരു അവസ്ഥയുണ്ടോ? ഏതു സമയത്താണ് മനസ്സിനെ തണുപ്പ് ബാധിച്ചത്? സമ്മർദത്തിനു കാരണമാക്കിയ ഘടകമെന്താണ്? ആരോടെങ്കിലും സംസാരിച്ചു കഴിയുമ്പോഴോ ആരോടെങ്കിലുമൊപ്പം സമയം ചെലവഴിച്ചു കഴിയുമ്പോഴോ ആണോ പിരിമുറുക്കമുണ്ടാകുന്നത്?

∙സമ്മർദമുണ്ടാകാനുള്ള ഒരു സാഹചര്യവും ഇല്ലെങ്കിലും നെഗറ്റിവിറ്റി ഉണ്ടാക്കുന്നവരുണ്ട്. ഈ വ്യക്തികൾ മറ്റുള്ളവരിലേക്കു തങ്ങളുടെ പിരിമുറുക്കത്തെ പകരുന്നവരാണ്. വ്യക്തി ത്വത്തിലുള്ള അപാകതകൾ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം ആളുകൾ ഒരു പ്രശ്നം കഴിയുമ്പോൾ അടുത്ത പ്രശ്നവുമായി രംഗത്തെത്തും. ഊർജം നഷ്ടപ്പെടുത്തുന്ന രീതിയിലാകും ഇവർ പെരുമാറുക. ഇത്തരക്കാരിൽ നിന്ന് അകന്നു നിൽക്കുക. സൗഹൃദങ്ങൾ ഒഴിവാക്കുക.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഗീതാഞ്ജലി നടരാജൻ
ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി.