ഇന്ത്യയുടെ കരുത്തും ശക്തിയും ലോകം അറിയട്ടെ; നിർമല സീതാരാമൻ എന്ന ധീര വനിതയിലൂടെ

നിർമല സീതാരാമൻ.

ഇനി ഇന്ത്യയോടു വിലപേശുന്നവർ സുഷമ സ്വരാജിനെപ്പോലെ കഴിവുള്ളവരായിരിക്കണം. ഇനി ഇന്ത്യയോടു പോരാടണമെങ്കിൽ നിർമലയെപ്പോലെ കരുത്തുള്ളവർ വരണം. ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ സാക്ഷ്യം വഹിച്ച ചരിത്രസംഭവത്തെക്കുറിച്ച് ഒരാൾ ട്വിറ്ററിൽ എഴുതിയത്. ആയിരം വാക്കുകളെക്കാൾ ശക്തമായ പ്രതികരണം. മണിക്കൂറുകൾ നീളുന്ന വാഗ്ധോരണിയിൽപ്പോലും അവിഷ്കരിക്കുന്നതേക്കാൾ തീക്ഷ്ണമായ വികാരപ്രകടനം. 

പുതിയൊരു യുഗത്തിലേക്കു രാജ്യം കാൽവയ്ക്കുമ്പോൾ ഹൃദയം നിറയുന്ന അഭിമാനത്തോടെ പറഞ്ഞ വാക്കുകൾ. എത്രയോ പേർ പറയാൻ ആഗ്രഹിച്ച ആശയം. ഒരു പൊതുവികാരത്തിന്റെ ആവിഷ്ക്കാരം. ഇന്ത്യ അഭിമാനത്താൽ ത്രസിക്കുമ്പോൾ ലോകരാജ്യങ്ങൾ അതിശയത്തോടെ നോക്കുന്നു. ആകാംക്ഷയോടെ വാർത്തകൾക്കായി കാതു കൂർപ്പിക്കുന്നു. കീഴ്‍വഴക്കം ലംഘിക്കപ്പെട്ടിരിക്കുന്നു. പാരമ്പര്യ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. വൻശക്തികളിൽനിന്നുൾപ്പെടെ ഭീഷണിയും മുന്നറിയിപ്പും സജീവമായ കാലത്ത് രാജ്യത്തിന്റെ അതിർത്തി കാക്കാൻ ഒരു ധീര വനിത– നിർമല സീതാരാമൻ. 

അപ്രതീക്ഷിതവും ആകസ്മികവും നാടകീയവുമായി നിർമല രാജ്യത്തിന്റെ പ്രതിരോധ മന്ത്രി പദത്തിലേക്ക്. ആദ്യമായാണ് ഒരു വനിത പൂർണമായി പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. മുൻപ് ഉരുക്കുവനിത ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധവകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. ഇപ്പോഴിതാ, ഒരു വനിതയ്ക്കു പൂർണചുമ‌തല. വനിതാ വിമോചന സംഘനടകളെപ്പോലും അത്ഭുതപ്പെടുത്തുന്ന നീക്കം.ചരിത്രസന്ദർഭത്തിന്റെ ആവേശം ഏറ്റുവാങ്ങി നവമാധ്യമങ്ങളിൽ പുതിയ മന്ത്രിക്ക് ആശംസകൾ. പ്രവഹിക്കുന്നു അഭിനന്ദനങ്ങളും. 

ലോകത്തിൽ അധികം രാജ്യങ്ങൾക്ക് ഈ ബഹുമതി പങ്കിടാനാവില്ല. ഇതു കയ്യടിക്കേണ്ട പ്രവൃത്തി. ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നുന്നു: രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവിന്റെ വാക്കുകളിൽ രാജ്യത്തിന്റെ വികാരം മുഴുവനുണ്ട്. പ്രവാസ ജീവിതത്തിന്റെ വേദന പേറുന്ന തസ്ലിമ നസ്റീൻ ആഹ്ളാദം അടക്കിവച്ചില്ല. കീഴ്‍വഴക്കങ്ങൾ ലംഘിക്കപ്പെട്ടതിൽ അവർ ആവേശംകൊണ്ടു. 

നിർമല സീതാരാമൻ.

ഇതാണു മാറ്റം. ഇങ്ങനെ വേണം മാറാൻ എന്നു പ്രതികരിച്ചു ഫൂലൻ ദേവിയെക്കുറിച്ചു സിനിമ ചെയ്ത സംവിധായകൻ ശേഖർ കപൂർ. അറിയപ്പെടാത്ത അനേകം പേരും ഇനി സേനകളുടെ തലപ്പത്തെ പുരുഷമേധാവികൾ ഒരു വനിതയ്ക്കു മുന്നിൽ തല കുനിച്ചു നിൽക്കേണ്ടിവരുന്ന രംഗമോർത്ത് അഭിമാനവും ആഹ്ലാദവും പങ്കുവച്ചു.  ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റു ചില വസ്തുതകൾ കൂടിയുണ്ട്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതിയിൽ ഇപ്പോൾ രണ്ടു വനിതാ മന്ത്രിമാർ. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമലയും.നേട്ടം ഇവരിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ലോക്സഭാ സ്പീക്കറും വനിത തന്നെ: സുമിത്രാ മഹാജൻ. അതേ സന്തോഷിക്കാൻ ഒന്നല്ല , അനവധി കാര്യങ്ങൾ. 

വാണിജ്യ സഹമന്ത്രി ആകുന്നതിനുമുമ്പുതന്നെ നിർമല ശ്രദ്ധിക്കപ്പെട്ടിരുന്നു; ബിജെപിയുടെ ശക്തയായ വക്താവായി. ചാനൽചർച്ചകളിൽ എതിരാളികൾ വിമർശനശരങ്ങൾ തൊടുക്കുമ്പോൾ പ്രതിരോധിച്ചും പ്രത്യാക്രമിച്ചും നിർമല മുന്നേറി. ശൗര്യത്തിനു കുറവു വരുത്താതിരുന്നപ്പോൾതന്നെ പ്രതിപക്ഷ ബഹുമാനം പുലർത്തി സൗമ്യമായി മുന്നേറുന്നതായിരുന്നു നിർമലയുടെ രീതി. ചാനൽ ചർച്ചകളിലെ മികവും പാർട്ടിയോടുള്ള കൂറും മോദി മന്ത്രിസഭയിലേക്കു വാതിൽ തുറന്നു. പ്രധാന വകുപ്പായ വാണിജ്യത്തിൽ സഹമന്ത്രിസ്ഥാനവും. പക്ഷേ, പ്രതിരോധം പോലെയൊരു വകുപ്പിലേക്ക് വനിത വരുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. മന്ത്രിസഭാ വികസന ചർച്ചകൾക്കു ചൂടുപിടിച്ചപ്പോഴും അപ്രതീക്ഷിതമായി അരോ വരുന്നുവെന്നേ പലരും കരുതിയുള്ളൂ. അവസാനം രഹസ്യം തകർന്നപ്പോൾ സന്തോഷകരമായ പര്യവസാനത്തിൽ എത്തി. 

നിർമല സീതാരാമൻ.

ശക്തമായ വാക്കുകളുടെ വക്താവ് ഇനി ലോകവേദികളിൽ രാജ്യത്തിനുവേണ്ടി വീറോടെ വാദിക്കും. അതേ, ഇന്ത്യയുടെ കരുത്തും ശക്തിയും ലോകം അറിയട്ടെ; ഈ ധീര വനിതയിലൂടെ. ചരിത്രത്തിൽ പലപ്പോഴും ശക്തമായ റോളുകളിൽ തിളങ്ങി അഭിമാനം ഉയർത്തിയ ധീര പോരാളികൾക്ക് ഒരു പിൻഗാമിയായി നിർമല സീതാരാമൻ രാജ്യത്തെ നയിക്കട്ടെ– സ്ത്രീ പുരുഷ സമത്വത്തിലേക്കും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധങ്ങളിലേക്കും സ്നേഹത്തിന്റെ പുതിയ ഭൂമിയിലേക്കും. ചരിത്രം ഏൽപിച്ച നിയോഗം വിജയകരമായി പൂർത്തിയാക്കാൻ നിർമലയ്ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു നവ മാധ്യമങ്ങളുടെ ഉപയോക്താക്കൾ.