15 വർഷത്തിനിടെ അമേരിക്കയിൽ വിവാഹിതരായത് രണ്ടുലക്ഷം കുട്ടികൾ

പ്രതീകാത്മകചിത്രം.

ശൈശവ വിവാഹം അവികസിത രാജ്യങ്ങളിലെ മാത്രം പ്രതിഭാസമാണെന്ന ധാരണയ്ക്കു മങ്ങലേൽപിക്കുന്നു അമേരിക്കയിൽനിന്നു വരുന്ന ഏറ്റവും പുതിയ കണക്കുകൾ. കഴിഞ്ഞ 15 വർഷത്തിനിടെ അമേരിക്കയിൽ വിവാഹിതരായ ചെറുപ്രായമുള്ള കുട്ടികളുടെ എണ്ണം രണ്ടുലക്ഷത്തിൽ അധികം.

പ്രത്യേക സാഹചര്യങ്ങളിൽ കുട്ടികൾക്കും വിവാഹിതരാകാം എന്ന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇപ്പോഴും ശൈശവ വിവാഹങ്ങൾ നടക്കുന്നത്. ഓരോ സംസ്ഥാനത്തെയും നിയമവും വ്യത്യസ്തമാണ്. പരിഷ്കൃത സമൂഹത്തിനു തന്നെ നാണക്കേടായിരിക്കുകയാണ് അമേരിക്കിയിലെ പുതിയ കണക്കുകൾ. ഞെട്ടലും നാണക്കേടുമുണ്ടാക്കുന്ന വാർത്ത. 

അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ശരാശരികണക്കെടുത്താൽ വിവാഹത്തിനുള്ള പ്രായം 18 ആണ്. പക്ഷേ, ഈ പ്രായപരിധിയിൽ ഇളവുകളുള്ള സംസ്ഥാനങ്ങളുമുണ്ട്. രക്ഷകർത്താക്കളുടെ അനുവാദം, ഗർഭം എന്നിങ്ങനെയുള്ള കാര്യങ്ങളിലും വ്യത്യസ്ത നിയമങ്ങളുണ്ട്. ഇവ മുതലെടുത്താണ് കുട്ടികളെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിക്കുന്നത്. 

പ്രതീകാത്മകചിത്രം.

ഇളവുകളെല്ലാം ഒഴിവാക്കി ശൈശവ വിവാഹം പൂർണമായും നിരോധിക്കുന്ന നിയമം ന്യൂ ജേഴ്സിയിൽ പ്രാബല്യത്തിലാക്കാൻ ശ്രമം നടന്നതു മേയ് മാസത്തിൽ. അന്ന്  നിയമത്തിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചു റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ. മത വികാരങ്ങളെ വ്രണപ്പെടുത്തുമെന്നായിരുന്നു ക്രിസ് ക്രിസ്റ്റിയുടെ വിചിത്രമായ വാദം.

2000–2015 കാലത്തിനിടെ പ്രായപൂർത്തിയാകാത്ത  2, 07,468 കുട്ടികൾ വിവാഹിതരായെന്നു പറയുന്നു ശൈശവ വിവാഹം നിർമാർജനം ചെയ്യാൻ പ്രയത്നിക്കുന്ന ‘അൺചെയ്ൻഡ് അറ്റ് ലാസ്റ്റ്’ എന്ന സംഘടന. യഥാർഥത്തിൽ വിവാഹിതരായവരുടെ സംഖ്യ ഇതിലും കൂടുതലാകാനാണു സാധ്യത. ശൈശവ വിവാഹത്തെക്കുറിച്ചുള്ള കണക്കുകൾ ചില സംസ്ഥാനങ്ങൾ പങ്കുവച്ചിട്ടുമില്ല. 

അൺചെയ്ൻഡ് അറ്റ് ലാസ്റ്റ് സംഘടയുടെ ആസ്ഥാനം ന്യൂ ജേഴ്സി. അവിടെനിന്നുള്ള കണക്കുകൾ കിട്ടിയപ്പോൾ ആദ്യം താൻ അക്ഷരാർഥത്തിൽ ഞെട്ടിയെന്നു പറയുന്നു സംഘടനയുടെ സ്ഥാപക ഫ്രെയ്ഡേ റീസ്. 1995 നും 2015 നുമിടെ 3500 കുട്ടികൾ ന്യൂ ജേഴ്സിയിൽ മാത്രം ചെറുപ്രായത്തിലേ വിവാഹിതരായി. താൻ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു കുട്ടികളുടെ സംഖ്യയെന്നും അവർ പറയുന്നു. പ്രായം കുറഞ്ഞ പെൺകുട്ടികളെ പ്രായം കൂടിയ പുരുഷൻമാർക്കു വിവാഹം ചെയ്തുകൊടുക്കുന്ന പ്രവണതയാണു കൂടുതലായും കണ്ടുവരുന്നത്. 16 നും 17 നും ഇടയിൽ പ്രായമാണ് ഇങ്ങനെ വിവാഹിതരായ മിക്ക പെൺകുട്ടികൾക്കും. 

പ്രതീകാത്മകചിത്രം.

ഏറ്റവും പ്രായം കുറഞ്ഞവർ ടെന്നസ്സിയിൽ വിവാഹിതരായവർ. 10 വയസ്സുള്ള മൂന്നു പെൺകുട്ടികൾ,  24,25,31 വയസ്സുള്ള പുരുഷന്മാരെയാണ് ഇവർ വിവാഹം കഴിച്ചത്. 2001–ലായിരുന്നു ഈ വിവാഹങ്ങൾ. പ്രായം കുറഞ്ഞ ആൺകുട്ടിയാകട്ടെ 11 വയസ്സുകാരൻ. 27 വയസ്സുള്ള യുവതിയെയാണ് ഈ കുട്ടി വിവാഹം കഴിച്ചത്. അലാസ്ക, ലൂയിസിയാന, സൗത്ത് കാരൈന എന്നിവടങ്ങളിൽ  12 വയസ്സുള്ള പെൺകുട്ടികൾക്കുപോലും വിവാഹത്തിന് അനുമതി കൊടുക്കുന്നുണ്ട്. മറ്റു 13 സംസ്ഥാനങ്ങളിൽ 13 വയസ്സുള്ളവർക്കും വിവാഹത്തിന് അനുമതി ലഭിക്കുന്നു. 

മിക്ക സംസ്ഥാനങ്ങളിലും ലൈംഗിക ബന്ധത്തിനു സമ്മതിക്കുന്ന പ്രായം 16 ഉം 18 ഉം ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധത്തെ മാനഭംഗക്കുറ്റത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുമുണ്ട്. എങ്കിലും പ്രായം കുറഞ്ഞ കുട്ടികളുടെ വിവാഹത്തിനും അനുമതി ലഭിക്കുന്നു എന്നതാണു വിരോധാഭാസം. 14 ശതമാനത്തോളം കുട്ടികളാകട്ടെ മറ്റു കുട്ടികളെത്തന്നെയാണു വിവാഹംകഴിക്കുന്നത്. 18 നും 29 നും ഇടയിലുള്ള പങ്കാളികളെയാണു പൊതുവെ കുട്ടികൾ വിവാഹം കഴിച്ചിരിക്കുന്നത്. അലബാമയിൽ 14 വയസ്സുള്ള ഒരു പെൺകുട്ടി 74 വയസ്സുള്ള വയോധികനെ വിവാഹം കഴിച്ച സംഭവമുണ്ടായി. ഒരു പതിനേഴുകാരി 65 വയസ്സുകാരനെയും വിവാഹം കഴിച്ചു. 

പ്രതീകാത്മകചിത്രം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ പലരും ദരിദ്ര സാഹചര്യങ്ങളുള്ള വീടുകളിൽനിന്നാണു വരുന്നത്. നഗര പ്രദേശങ്ങളിൽ പൊതുവെ ശൈശവ വിവാഹങ്ങൾ നടക്കാറുമില്ല. ഗ്രാമീണ മേഖലയിലാണ് ഈ പ്രതിഭാസം കൂടുതൽ; പ്രത്യേകിച്ചും ദരിദ്ര മേഖലകളിൽ. ന്യൂയോർക്കിൽ 17 വയസ്സിൽ താഴെയുള്ളവർ വിവാഹം കഴിക്കുന്നതു പൂർണമായും നിരോധിച്ചത് കഴിഞ്ഞ മാസം. മുമ്പ് 14 വയസ്സിൽ താഴെയുള്ളവർപോലും കോടതിയുടെയും രക്ഷകർത്താക്കളുടെയും സമ്മതത്തോടെ വിവാഹിതരാകുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴതു മാറിയിരിക്കുന്നു. ന്യൂയോർക്കിന്റെ മാതൃക മറ്റു സംസ്ഥാനങ്ങളും സ്വീകരിച്ചാൽ സ്ഥിതി വ്യത്യസ്തമാകുമെന്നാണ്  പ്രതീക്ഷിക്കാം.