സ്ത്രീകൾ വാഹനമോടിച്ചാൽ ട്രാഫിക് തിരക്കും അപകടങ്ങളും വർധിക്കുമെന്ന മുൻധാരണകളെ തിരുത്താൻ സമയമായെന്ന് സൗദിയിലെ സിനിമാ നിർമ്മാതാവായ ഹയ. ഈ ആശയം സമൂഹത്തോടു പങ്കുവെയ്ക്കാൻ ഹയ കൂട്ടുപിടിച്ചത് കുഞ്ഞുങ്ങളെയാണ്. മാറ്റം തുടങ്ങേണ്ടത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്നാണ് എന്ന ചിന്തയാണ് ഹയയെ ഇതിനു പ്രേരിപ്പിച്ചത്. സൗദിയിൽ വാഹനമോടിക്കാൻ വനിതകൾക്കും അനുമതി ലഭിച്ചപ്പോൾ മുതൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ട്.
സ്ത്രീകൾക്ക് നന്നായി വാഹനമോടിക്കാനുള്ള കഴിവില്ലെന്ന വിശ്വാസം തിരുത്താൻ ഹയ തിരഞ്ഞെടുത്തത് സ്കൂൾ കുട്ടികളെയാണ്. അമ്മമാർ ഡ്രൈവ് ചെയ്യുന്ന വാഹനത്തിലിരിക്കുമ്പോൾ എന്താണ് മനസ്സിൽ തോന്നുന്നത് എന്നായിരുന്നു കുട്ടികളോട് ചോദിച്ചത്. ഒരൊറ്റക്കുട്ടിപോലും മോശം അഭിപ്രായം പറഞ്ഞില്ല എന്നുമാത്രമല്ല അമ്മമാരോടൊപ്പം എത്രത്തോളം കംഫർട്ടബിൾ ആണെന്നു കൂടിയാണ് അവർ തുറന്നു പറഞ്ഞത്. അപകടം സംഭവിക്കാനുള്ള സാധ്യത മുന്നിൽക്കാണുകയാണെങ്കിൽ അതുടൻ തന്നെ അമ്മമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുമെന്നും അവർ പറയുന്നു.
ബ്രേക്ക്ഫാസ്റ്റ് തന്ന് യാത്രയാക്കുന്ന അമ്മ സ്കൂളിലും കൊണ്ടു വിടുന്നത് നല്ലതല്ലേ. അത്രയും നേരംകൂടി അമ്മയോടോപ്പം സുരക്ഷിതരായിരിക്കാമല്ലോ. ഡ്രൈവർ സ്കൂളിൽ കൊണ്ടുവിടുന്നതിനേക്കാളിഷ്ടം അമ്മമാർ കൊണ്ടുവിടുന്നതാണെന്നും ചില കുട്ടികൾ പറയുന്നു.