ലൈംഗിക പീ‍ഡനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സൽമ, ‘ഫ്രിദ’യുടെ സെറ്റ് നരകതുല്യം!

സൽമ.

ഞാനും പീഡനത്തിനിരയായിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ബിസിനസ്-മാധ്യമ-ചലച്ചിത്രലോകത്തെ പ്രമുഖരായ ഒരു കൂട്ടം വനിതകള്‍ രംഗത്തുവന്നപ്പോള്‍ അഴിഞ്ഞു വീണത് പല വമ്പന്മാരുടെയും മുഖംമൂടികളായിരുന്നു. ‘മി ടൂ...’ ക്യാംപെയ്‌ന്റെ തീയമ്പുകളേറ്റു പൊള്ളിയ പ്രധാനികളിലൊരാളായിരുന്നു ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍. ഹാര്‍വിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒരുവിധത്തില്‍ കെട്ടടങ്ങിയെന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് പുതിയൊരു അടിയേറ്റിയിരിക്കുന്നത്. അതും ഹോളിവുഡിലെ ഒന്നാം നിര നടിയില്‍ നിന്ന്. 

ഫ്രിദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ സല്‍മ ഹയക് ആണ് ഹാര്‍വിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ന്യൂയോര്‍ക് ടൈംസില്‍ സല്‍മ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. സിനിമാലോകത്തു മാത്രമല്ല, മറ്റേതൊരു മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ തുറന്നെഴുത്തു കൂടിയായിരുന്നു അത്. 

തനിക്ക് ഏറെ പ്രശസ്തി നേടിത്തന്ന ഫ്രിഡയുടെ പേരില്‍ ഒരിക്കല്‍പ്പോലും സന്തോഷിച്ചിട്ടില്ലെന്നാണു സല്‍മ പറയുന്നത്. ഓര്‍ക്കണം, സല്‍മയുടെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായി നിരൂപകര്‍ വിലയിരുത്തുന്ന വേഷമാണ് ഫ്രിദയിലേത്. മെക്‌സിക്കന്‍ ചിത്രകാരി ഫ്രിദ കോഹ്‌ലോയുടെ ആത്മകഥാംശമുള്ള വേഷം. എന്നാല്‍ നരകത്തിലെന്ന പോലെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെന്നു പറയുന്നു സല്‍മ. അതിനു കാരണമാകട്ടെ ഹാര്‍വിയും. 2002ലിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹാര്‍വിയുടെ ലൈംഗികമോഹങ്ങളെ തൃപ്തിപ്പെടുത്തിക്കൊടുക്കാത്തതിന്റെ പേരില്‍ ജീവനു വരെ ഭീഷണിയുണ്ടായിരുന്നുവെന്നും സല്‍മയുടെ വാക്കുകള്‍.

ഹാര്‍വിയുടെ മിറാമാക്‌സ് കമ്പനിയായിരുന്നു ഫ്രിദയുടെ വിതരണം. ചിത്രത്തിലേക്കു തന്നെ ക്ഷണിച്ചപ്പോള്‍ ഹാര്‍വിയോട് ഏറെ ബഹുമാനം തോന്നിയെന്നു പറയുന്നു സല്‍മ. തനിക്കേറെയിഷ്ടമുള്ള ചിത്രകാരിയുടെ വേഷം തന്നില്‍ വിശ്വാസം അര്‍പ്പിച്ച് നല്‍കിയപ്പോഴുണ്ടായ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു. പ്രതിഭാശാലിയായ, നല്ല കുടുംബസ്ഥനായ, വിശ്വസിക്കാവുന്ന ഒരു സുഹൃത്ത് എന്നായിരുന്നു ഹാര്‍വിയെപ്പറ്റി ആദ്യം കരുതിയത്. എന്നാല്‍ ഒരിക്കലും സമ്മതിച്ചുകൊടുക്കാന്‍ സാധിക്കാത്ത തരം ആവശ്യങ്ങളുമായി തന്നെ പലയിടത്തും വച്ച് സമീപിച്ചതോടെ ആ ധാരണയെല്ലാം മാറി. 

എല്ലാ ദിവസവും രാത്രി ഹോട്ടലിലെത്തി വാതില്‍ തുറന്നുകൊടുക്കാന്‍ പറഞ്ഞു. സമ്മതിച്ചില്ല. അതോടെ ഫ്രിദയുടെ സെറ്റില്‍ സ്ഥിരം സന്ദര്‍ശകനായി. തന്റെ എല്ലാ ചിത്രങ്ങളുടെയും ലൊക്കേഷനിലും ഹോട്ടലുകളിലും അപ്രതീക്ഷിത സന്ദര്‍ശനങ്ങളായി. മിറാമാക്‌സുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളുടെ സെറ്റില്‍ വരെ ഹാര്‍വിയെത്തി. ഇതിനിടെ പലപ്പോഴായി തന്നോട് ആവശ്യപ്പെട്ട കാര്യങ്ങളും ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ഈസ് മൈ മോണ്‍സ്റ്റര്‍ ടൂ...’ എന്ന തലക്കെട്ടില്‍ തുറന്നെഴുതിയിട്ടുണ്ട് സല്‍മ. തന്റെയൊപ്പം കിടക്ക പങ്കിടാന്‍ സല്‍മയെ ക്ഷണിച്ചു അയാള്‍. ഒപ്പം കുളിയ്ക്കണമെന്നും അല്ലെങ്കില്‍ കുളിക്കുന്നത് കണ്ടു നില്‍ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

ഹാര്‍വിയും ഒരു സുഹൃത്തും നഗ്നരായി മസാജ് ചെയ്തു തരാമെന്നു പറഞ്ഞു. മറ്റൊരു സ്ത്രീയുമൊത്ത് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. പലപ്പോഴും വദനസുരതത്തിനും നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിനെല്ലാറ്റിനോടും ഇല്ല, ഇല്ല, ഇല്ല, ഇല്ല...എന്നു തന്നെയായിരുന്നു മറുപടി. സംവിധായകന്‍ ക്വന്റിന്‍ ടറന്റിനോയോടും ഒപ്പം ജോര്‍ജ് ക്ലൂണിയോടും തനിക്ക് അടുപ്പമുണ്ടായിരുന്നതു കൊണ്ടായിരിക്കണം തന്നെ ബലാത്സംഗം ചെയ്യാന്‍ ഹാര്‍വി ശ്രമിക്കാതിരുന്നതെന്നും സല്‍മ കുറിക്കുന്നു.

കിടക്ക പങ്കിടാന്‍ ക്ഷണിച്ചു പരാജയപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന മധുരവാക്കുകള്‍ നിലച്ചു. സല്‍മയ്ക്കു നേരെ വധഭീഷണിയായി- ‘നിന്നെ ഞാന്‍ കൊല്ലും, എനിക്കതിനു കഴിയില്ലെന്നു കരുതരുത്...’ എന്നായിരുന്നു ഭീഷണി. എന്നിട്ടും വഴങ്ങിയില്ല. അതിനിടെ ഷൂട്ടിങ്ങിലും ഹാര്‍വി ഇടപെടാന്‍ തുടങ്ങി. തന്റെ അഭിനയം ശരിയല്ലെന്നു പറഞ്ഞ് സെറ്റിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് തുടര്‍ച്ചയായി വഴക്കു പറഞ്ഞു. 

തിരക്കഥ തിരുത്തിയെഴുതാന്‍ വരെ നിര്‍ദേശിച്ചു. ഒരു നഗ്നരംഗം എഴുതിച്ചേര്‍ത്തു. അങ്ങനെയാണ് നടി ആഷ്‌ലി ജൂഡുമൊത്തുള്ള ഫ്രിദയിലെ കിടപ്പറ രംഗം ഉള്‍പ്പെടുത്തുന്നത്. അഭിനയിച്ചില്ലെങ്കില്‍ ഷൂട്ടിങ് അവിടെ വച്ചു നിര്‍ത്തുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായത്. യാതൊരു സെന്‍സുമില്ലാത്ത രംഗമായിരുന്നു അത്. മാനസികമായിപ്പോലും ആ സീനിലെ അഭിനയം തന്നെ ബാധിച്ചു. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും ആകെക്കൂടിയുള്ള ‘സെക്‌സ് അപ്പീലെ’ങ്കിലും ചിത്രത്തിലുണ്ടാകട്ടെയെന്ന് കരുതിയാണ് നഗ്നരംഗം എഴുതിച്ചേര്‍ത്തതെന്നായിരുന്നു ഹാര്‍വി പറഞ്ഞത്. 

ഒരു കാര്യം  ഏകദേശം ഉറപ്പായിരുന്നു, ഹാര്‍വിയുടെ കാമകേളികള്‍ക്കു സമ്മതം നല്‍കിയില്ലെങ്കില്‍ ഫ്രിദ പാതിവഴിയില്‍ നില്‍ക്കും. ചിത്രം തിയേറ്റര്‍ കാണില്ലെന്നും പകരം ഡിവിഡിയാക്കി മാത്രം പുറത്തിറക്കുമെന്നും വരെ ഒരു ഘട്ടത്തില്‍ ഹാര്‍വി ഭീഷണി മുഴക്കി. ഇങ്ങനെയൊക്കെയായിട്ടും ഹാര്‍വിയുടെ ഭീഷണിക്കു വഴങ്ങാതെ എങ്ങനെയോ ഫ്രിദ പൂര്‍ത്തിയാക്കി. ചിത്രത്തിന് രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. പക്ഷേ തനിക്ക് ഓസ്‌കര്‍, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചിട്ടു പോലും ഒട്ടും സന്തോഷം തോന്നിയില്ല. അത്രയേറെ നരകതുല്യമായ ഓര്‍മകളായിരുന്നു ഫ്രിദയുടെ സെറ്റില്‍ ഹാര്‍വി നല്‍കിയത്. 

എല്ലാത്തരത്തിലും സ്ത്രീയ്ക്കും പുരുഷനും തുല്യത ലഭിക്കാതെ ചലച്ചിത്രലോകത്തെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നു പറയുന്നു സല്‍മ. അതുണ്ടാകാത്തിടത്തോളം കാലം സിനിമാമേഖല ഇത്തരം വേട്ടക്കാര്‍ക്കാവശ്യമായ ഫലഭൂയിഷ്ഠ ഭൂമിയായി തുടരും. ഒട്ടേറെ പേര്‍ നടത്തിയ തുറന്നുപറച്ചിലിനൊപ്പം തന്റെ ശബ്ദം കൂടി ചേരുന്നതോടെ പ്രശ്‌നത്തിലേക്ക് അല്‍പം കൂടി വെളിച്ചം വീശുമെന്നാണു കരുതുന്നത്. എന്തുകൊണ്ടാണ് ഇതെല്ലാം തുറന്നുപറയാന്‍ ഇത്രയും വൈകിയതെന്ന് തന്റെ അനുഭവങ്ങളില്‍ നിന്നു തന്നെ എല്ലാവര്‍ക്കും മനസ്സിലാകും. വൈകിയാണെങ്കിലും എല്ലാം തുറന്നുപറയാന്‍ ഞങ്ങള്‍ക്കാകുമെന്ന മുന്നറിയിപ്പു കൂടിയാണിത്– സല്‍മ എഴുതി നിര്‍ത്തുന്നു.