ഗർഭിണിയെ കട്ടിലിൽ കെട്ടി ക്രൂരമാനഭംഗം, കുഞ്ഞുങ്ങളുടെ കഴുത്തറുത്തു; നിലയ്ക്കുന്നില്ല രോഹിൻഗ്യൻ വിലാപം

വംശീയ ഉന്മൂലനം– രോഹിൻഗ്യകൾക്കെതിരെ മ്യാൻമറിൽ നടന്ന അതിക്രമങ്ങളെ ഐക്യരാഷ്ട്ര സംഘടന വിലയിരുത്തിയത് അങ്ങനെയാണ്. എന്നാൽ ഒരു വംശത്തെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടെ എന്താണ് അവിടെ യഥാർഥത്തിൽ സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മ്യാൻമർ കടന്ന് ബംഗ്ലദേശിലെ അഭയാർഥി ക്യാംപിലെത്തിയ രോഹിൻഗ്യ പെൺകുട്ടികൾ പറയുന്ന ദുരിതാനുഭവം അതിനാൽത്തന്നെ ലോകം ഞെട്ടലോടെയാണു കേട്ടത്. ആറുലക്ഷത്തിലേറെപ്പേരാണ്  ഇന്ന് ബംഗ്ലദേശിലെ ക്യാംപുകളിൽ കഴിയുന്നത്. ‘ദ് ഇൻഡിപെൻഡന്റ്’ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്തിടെ പുറത്തുവിട്ടു. 

രോഹിൻഗ്യൻ കുട്ടികളെ കൈകാൽ വെട്ടിമുറിച്ചും വെടിവച്ചും കൊലപ്പെടുത്തിയതും വനിതകളെ അതിക്രൂരമായി ബലാൽസംഗം ചെയ്ത് ജീവനോടെ ചുട്ടെരിച്ചതുമായ അനുഭവങ്ങളാണതിൽ. മാധ്യമപ്രവർത്തകരോടു സംസാരിച്ച സുന്വാറ എന്ന ഇരുപത്തിയഞ്ചുകാരിയുടെ വാക്കുകൾ ഇങ്ങനെ: ‘നല്ല വീടും പശുക്കളും വാഹനങ്ങളും വയലുമെല്ലാമായി മികച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷേ എല്ലാം തകിടം മറിച്ച് ഓഗസ്റ്റ് 25ന് ഗ്രാമത്തിലേക്ക് അപ്രതീക്ഷിതമായി സൈന്യമെത്തി. ഭർത്താവും ഒരു മകനൊഴികെ മറ്റു മക്കളുമൊന്നും അടുത്തില്ലാത്ത സമയത്തായിരുന്നു ആ വരവ്.

എന്റെ കണ്മുന്നിൽ വച്ചാണ് അവർ മകനെ വയറ്റിൽ വെടിവച്ചുവീഴ്ത്തിയത്. പിന്നെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി...’ ആ സമയം എട്ടു മാസം ഗർഭിണിയായിരുന്നു സുന്വാറ. മകനെ കൊന്ന് ആ പെൺകുട്ടിയെ കട്ടിൽ കെട്ടിയിട്ട് ആറു മണിക്കൂറോളം പീഡിപ്പിച്ചു, അതും പട്ടാളക്കാർ ഒന്നിനു പിറകെ ഒന്നായി ഒൻപതു പേർ. ബോധം പോയ അവൾ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. അതിനിടെ തിരിച്ചെത്തിയ ഭർത്താവാണ് അവളെയുമെടുത്ത് ബംഗ്ലദേശ് അതിർത്തി കടന്നത്. അവിടെ വച്ചു പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. 

ഇരുപത്തിരണ്ടുകാരിയായ റോഷിദയ്ക്കു പറയാനുള്ളത് മറ്റൊരു അനുഭവം: ‘പെട്രോൾ ബോംബെറിഞ്ഞാണ് സൈന്യം ഗ്രാമത്തിലേക്കെത്തിയത്. വീടുകൾക്കെല്ലാം അവർ തീവച്ചു. വഴിയിൽ കാണുന്നവരെയെല്ലാം വെടിവച്ചു കൊന്നു...’ ഒരു നദിയുടെ തീരത്ത് ഒളിച്ചിരിക്കുന്നതിനിടെ പക്ഷേ റോഷിദ സൈന്യത്തിന്റെ പിടിയിലായി.

ഭർത്താവ് അപ്പോഴേക്കും നദി കടന്നിരുന്നു. കുട്ടികളെ വെടിവച്ച സൈന്യം കുഞ്ഞുങ്ങളെ വെള്ളത്തിലേക്കെറിഞ്ഞാണു കൊലപ്പെടുത്തിയത്. കഴുത്തൊപ്പം വെള്ളത്തിൽ സ്ത്രീകളെയെല്ലാം മുട്ടുകുത്തി നിർത്തിച്ചു. ഈ സമയത്തെല്ലാം ആകാശത്ത് ഒരു ഹെലികോപ്റ്റർ വട്ടമിട്ടു പറന്നതും റോഷിദ ഓർക്കുന്നു. പിന്നീട് ഓരോ വീട്ടിലേക്കും നാലും അഞ്ചു വീതം പെൺകുട്ടികളുമായി സൈന്യം കയറി. അവരെ മാനഭംഗപ്പെടുത്തി. റോഷിദയും അക്കൂട്ടത്തിലുണ്ടായിരുന്നു. അവളുടെ 25 ദിവസം മാത്രം പ്രായമുള്ള കുരുന്നിനെ സൈനികർ തറയിലെറിഞ്ഞു കൊലപ്പെടുത്തി. 

എല്ലാം കഴിഞ്ഞ് ഓരോരുത്തരെയും കഴുത്തറുത്തു കൊല്ലുന്നതിനിടെ റോഷിദ എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീട് ഒരു വയലിൽ ഒളിച്ചിരുന്ന് ഒടുവിൽ മറ്റൊരു വനിതയുടെ സഹായത്തോടെ ബംഗ്ലദേശിലേക്കു രക്ഷപ്പെടുകയായിരുന്നു. അവിടെ ഒരു ക്യാംപിൽ വച്ച് ഭർത്താവിനെ കണ്ടെത്തി. പക്ഷേ മാതാപിതാക്കളും സഹോദരനും ഉൾപ്പെടെ കുടുംബത്തിലെ 17 അംഗങ്ങൾ അതിനോടകം കൊല്ലപ്പെട്ടിരുന്നു. ‘ക്യാംപിൽ സമാധാനമുണ്ട്. പക്ഷേ കുട്ടികളെ കാണുമ്പോൾ എനിക്കെന്റെ കുഞ്ഞിനെ ഓർമ വരും. വയസ്സായ ഒരാളെ കാണുമ്പോൾ അച്ഛനെയും...’ റോഷിദ പറയുന്നു. ‘എന്തിനാണവർ എന്റെ മാതാപിതാക്കളെ കൊന്നത്? എനിക്ക് നീതി വേണം..ലോകത്തോട് അതുമാത്രമേ എനിക്ക് ചോദിക്കാനുള്ളൂ...’ റോഷിദയുടെ കണ്ണീർത്തിളക്കമുള്ള വാക്കുകള്‍. 

അക്രമത്തിനിടെ കരഞ്ഞ കുട്ടികളുടെ കഴുത്തറുത്തു കൊലപ്പെടുത്തുന്നത് നേരിട്ടു കണ്ട അനുഭവമാണ് മുംതാസ് ബീഗത്തിന്റേത്. കണ്മുന്നിൽ വച്ചാണ് ഈ മുപ്പതുകാരിയുടെ ഭർത്താവിനെ സൈന്യം വെടിവച്ചിട്ടത്. മരിക്കും മുൻപ് അൽപം വെള്ളം ചോദിച്ചപ്പോൾ തുടരെത്തുടരെ വെടിവച്ചായിരുന്നു മറുപടി! മുംതാസിനെ മാനഭംഗപ്പെടുത്തുകയും ചെയ്തു. എല്ലാറ്റിനുമൊടുവിൽ വീടിനു തീയിട്ടു. പൊള്ളലേറ്റ ശരീരത്തോടെയാണ് ഓടി രക്ഷപ്പെട്ടത്. ‘എനിക്കു നീതി വേണം. സൈന്യം എന്താണ് ഞങ്ങളോട് ചെയ്തതെന്ന് എനിക്കീ ലോകത്തോടു വിളിച്ചു പറയണം...’ മുംതാസിന്റെ വാക്കുകളിൽ കനലെരിയുന്നുണ്ടായിരുന്നു.