മാനഭംഗം തെറ്റാണ്, പക്ഷേ ഒരു സ്ത്രീയെ വശീകരിക്കാൻ ശ്രമിക്കുന്നത് തെറ്റാണോ?

ഹോളിവുഡില്‍ ഹാർവി വെയ്ൻസ്റ്റൈയിനിൽ നിന്നായിരുന്നു തുടക്കം. പിന്നെയതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകമാകെ പടർന്നു പിടിച്ച ‘മീ ടൂ’ എന്ന ഹാഷ് ടാഗിൽ ലോകമെമ്പാടുമുള്ള ചൂഷണത്തിനിരയായ സ്ത്രീകൾ ഒരുമിച്ചു. ആക്രമണകാരികൾക്കെതിരെ ശബ്ദമുയർത്തി. അപമാനം ഏറ്റു വാങ്ങാനുള്ള ഇരകൾ മാത്രമല്ല തങ്ങൾ എന്നുറക്കെ പ്രഖ്യാപി ച്ചു. പല വിഗ്രഹങ്ങളും ഉടഞ്ഞുവീണു. പ്രമുഖർക്ക് പദവികൾ നഷ്ടപ്പെട്ടു. 

സ്ഥാനചലനമുണ്ടായി. ഈ സ്ത്രീ മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ കാഴ്ചയായിരുന്നു ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ കണ്ടത്. ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ ‘ടൈംസ് ഈസ് അപ്’ പ്രതിഷേധ കൂട്ടായ്മയുടെ പക്ഷം പിടിച്ച് പ്രശസ്ത അവതാരക ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ളവർ ആഞ്ഞടിച്ചു. ലോകം ഈ പ്രതിഷേധക്കടലിൽ മുങ്ങിനിൽക്കുന്നതിനിടെ ഒരു വിമത ശബ്ദം ഉയരുന്നു. ഫ്രാൻസിൽ നിന്ന് നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രമുഖ നടി കാതറിൻ ഡെനവു ഉൾപ്പെടെ 100 പ്രശസ്ത ഫ്രഞ്ച് വനിതകൾ ഒരു തുറന്ന കത്തെഴുതിയിരിക്കുന്നു. ഈയിടെ പുറത്തു വന്ന ലൈംഗികാപവാദങ്ങൾ പുരുഷന്മാരെ നാണം കെടുത്തുന്നു എന്നാണ് ഇവരുടെ വാദം. ഈ ആരോപണങ്ങൾ  സ്ത്രീകളെ പുരുഷ വിദ്വേഷികളാക്കി മാറ്റുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. 

ഹാർവി വെയ്ൻസ്റ്റൈയില്‍ ഒരു ഡസനിലേറെ വനിതകളെ ചൂഷണം ചെയ്തു എന്ന ആരോപണത്തെത്തുടർന്ന് എല്ലാ പുരുഷൻമാരും മോശക്കാരാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഈ പ്രചാരണം അസംബന്ധമാണെന്നാണ് ഫ്രഞ്ച് സംഘത്തിന്റെ വാദം. ഉഭയസമ്മതപ്രകാരമല്ലാതെ താൻ ഒരാളുമായും ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നായിരുന്നു ആരോപണങ്ങൾ ഉയര്‍ന്നപ്പോൾ വെയ്ൻസ്റ്റൈൻ പറഞ്ഞിരുന്നത്. തന്റെ പെരുമാറ്റം പലരെയും വേദനിപ്പിച്ചിട്ടുണ്ട് എന്ന കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. 

എഴുത്തുകാരും നടികളും അവതാരകരുമൊക്കെയുണ്ട് ഫ്രാൻസിൽ നിന്നു കത്തെഴുതിയ 100 പേരുടെ കൂട്ടത്തിൽ. ഒരു ഉമ്മ വച്ചതിനും മുട്ടിൽ പിടിച്ചതിനുമൊക്കെ പകരമായി എത്രയോ പുരുഷൻമാർക്കു പദവി നഷ്ടപ്പെട്ടു. ആദരവിന്റെ  സിംഹാസനങ്ങളിൽ നിന്ന് താഴെയിറക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടു. ഇതു ശരിയാണോ– കാതറിൻ ഡെനവു ഉൾപ്പെട്ട ഫ്രഞ്ച് സംഘം ചോദിക്കുന്നു. 

മാനഭംഗം തെറ്റാണ്, കുഴപ്പമാണ്. പക്ഷേ ഒരു സ്ത്രീയെ ഒരിക്കലോ അല്ലെങ്കിൽ നിരന്തരമായോ വശീകരിക്കാൻ ശ്രമിക്കുന്നതു കൊണ്ട് മാത്രം പുരുഷൻ തെറ്റുകാരനാകുന്നില്ല. അങ്ങ നെയൊരാൾ ജെന്റിൽമാൻ അല്ല എന്നു പറയാനുമാവില്ല– ഇതാണ് ഫ്രഞ്ച് സംഘത്തിന്റെ വിവാദമാകാൻ ഇടയുള്ള കത്തിലെ  പ്രധാനവാദം. 

വ്യാജമായ ഒരു പരിശുദ്ധിയുടെയും കപട സദാചാരത്തിന്റെ അന്തരീക്ഷം ഇന്നു ലോകത്താകെയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു ‘എല്ലാ പുരുഷന്‍മാര്‍ക്കെതിരെയും വ്യാപകമായി ആരോപണം ഉന്നയിക്കുന്ന സ്ത്രീ സംഘത്തില്‍ എന്തായാലും ഞങ്ങളില്ല. അധികാരത്തെ എതിർക്കുന്നതിനു പകരം എല്ലാ പുരുഷൻമാരെയും ചീത്തയാക്കാൻ ഞങ്ങളില്ല. 74 വയസ്സു കാരിയായ കാതറിൻ ‍ഡെനവു ശക്തമായി വാദിക്കുന്നു. 1957 ൽ ആയിരുന്നു കാതറിന്റെ അരങ്ങേറ്റം. ഓസ്കർ പുര സ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട കാതറിൻ ഫ്രാൻസിൽ വ്യാപകമായി അറിയപ്പെടുന്ന നടി കൂടിയാണ്.