സ്ത്രീകൾക്കു സന്തോഷിക്കാം; അരനൂറ്റാണ്ടു പഴക്കമുള്ള നിയമം ശ്രീലങ്ക ഭേദഗതി ചെയ്തു

മദ്യം വാങ്ങാനും ഉപയോഗിക്കാനും സ്ത്രീകളെ വിലക്കിയിരുന്ന നിയമം ശ്രീലങ്ക ഒഴിവാക്കുന്നു. ഇനി മുതൽ 18 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പുരുഷൻമാരെപ്പോലെ തന്നെ മദ്യം വാങ്ങാം. ഉപയോഗിക്കാം. മദ്യക്കടകളിൽ ജോലി ചെയ്യുകയുമാവാം. 

അരനൂറ്റാണ്ടു പഴക്കമുണ്ടായിരുന്ന നിയമമാണ് ശ്രീലങ്ക ഭേദഗതി ചെയ്യുന്നത്. 1955–ൽ ആയിരുന്നു മദ്യ ഉപയോഗത്തിൽ നിന്നു സ്ത്രീകളെ വിലക്കുന്ന നിയമം നിലവിൽ വന്നത്. ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നു തിരിച്ചറിഞ്ഞാണ് സർക്കാർ ഇപ്പോൾ ഒഴിവാക്കുന്നത്. ബുധനാഴ്ചയാണ് നിയമ ഭേദഗതി ശ്രീലങ്കൻ സർക്കാര്‍ അംഗീകരിച്ചത്. 

മദ്യം സ്ത്രീകൾ ഉപയോഗിക്കരുതെന്ന നിയമം നിലവിലുണ്ടായിരുന്നെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. എങ്കിലും വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമം ഒഴിവാക്കിയതിനെ ശ്രീലങ്കയിലെ സ്ത്രീ സംഘടനകൾ  സ്വാഗതം ചെയ്തു.ശ്രീലങ്കൻ ധനകാര്യമന്ത്രി മംഗല സമരവീരയാണ് കഴിഞ്ഞ ദിവസം നയം മാറ്റം പ്രഖ്യാപിച്ചത്. മന്ത്രിയുടെ വാക്കുകൾക്ക് നവ മാധ്യമങ്ങളിലും വൻവരവേൽപ്പ് ലഭിച്ചു.

മദ്യക്കടകളിൽ ജോലി ചെയ്യാനോ റസ്റ്റോറന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലിരുന്ന് മദ്യപിക്കാനോ ഇനി സ്ത്രീകൾക്ക്  സ്റ്റേറ്റ് എക്സൈസ് കമ്മിഷണറുടെ അനുമതിയും വേണ്ട. ശ്രീലങ്കയില്‍ ഭൂരിപക്ഷം സ്ത്രീകളും മദ്യപിക്കാറില്ല. മദ്യപാനം രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നാണ് അവരു ടെ വാദം.

എങ്കിലും രാജ്യത്തെ സ്ത്രീകളുടെ മദ്യ ഉപയോഗം കൂടുകയാണെന്ന് 2016 ൽ പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെ പറഞ്ഞിരുന്നു. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വർധിച്ചുവരുന്ന ഉപയോഗം രാജ്യത്തിന്റെ ഭീഷണിയാണ്. മദ്യത്തിനെതിരായ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്ന സിരിസേന അന്നു പറഞ്ഞിരുന്നു.