ഇതാണ് ഇരകളുടെ വസ്ത്രങ്ങൾ; ഇതിൽ എവിടെയാണ് പ്രലോഭനം ഒളിപ്പിച്ചിരിക്കുന്നത്?

ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ഉത്തരം പറയേണ്ടത് ഇര. ഉത്തരവാദിക്കുനേരെയാകട്ടെ ചോദ്യങ്ങള്‍ ഉയരുന്നുമില്ല. എന്നും എവിടെയും ഇതാണവസ്ഥ. ഇരയാകുന്നതോടെ ഒരാള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും വിധിക്കപ്പെട്ടിരിക്കുന്നു. എന്ന്, എവിടെവച്ച്, എപ്പോള്‍? അവസാനമില്ലാത്ത ചോദ്യങ്ങള്‍. സംഭവസമയത്ത് എന്തു വസ്ത്രമാണ് ധരിച്ചത് എന്നൊരു ചോദ്യവുമുണ്ട്. ആ ചോദ്യത്തിനു പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. ആക്രമണത്തിലേക്കു നയിച്ചത് വസ്ത്രമാണോ എന്നറിയാനാണ് ആ ചോദ്യം. പ്രകോപനമുണ്ടാക്കിയോ വേഷം എന്നറിയാന്‍. 

ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട് മുന്‍വിധി. പ്രകോപനം ഉണ്ടാക്കുന്ന, പ്രലോഭിപ്പിക്കുന്ന വേഷങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് സ്ത്രീകളും പെണ്‍കുട്ടികളും ആക്രമിക്കപ്പെടുന്നതെന്ന മുന്‍വിധി. വേഷത്താല്‍ പ്രകോപിതനായി എന്നത് കുറ്റവാളിയെ ശിക്ഷയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ഉപായം പോലുമാകുന്നു. സൗഹൃദത്തോടെ പെരുമാറിയാല്‍, ഇഷ്ടമുള്ള വേഷം ധരിച്ചാല്‍, ഇതെല്ലാം കുറ്റങ്ങളുടെ പട്ടികയില്‍ വരുന്നു. ഇരകളുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ഈ വാദം തെറ്റാണെന്നു തെളിയിക്കുന്ന ഒരു പ്രദര്‍ശനം ഇപ്പോള്‍ നടക്കുന്നുണ്ട് ബ്രസല്‍സില്‍. 

മാനഭംഗത്തിന് ഇരയായവര്‍ ആക്രമണം നടക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനം. പൈജാമകളുണ്ട്. ട്രാക്ക് സ്യൂട്ടുകളുണ്ട്. കുട്ടികള്‍ ധരിക്കുന്ന ‘ മൈ ലിറ്റില്‍ പോണി’  എന്നെഴുതിയ കുട്ടിക്കുപ്പായങ്ങളുണ്ട്. ഇരകളെ സഹായിക്കാന്‍വേണ്ടി രൂപീകരിച്ച ഒരു സന്നദ്ധസംഘടനയില്‍നിന്ന് വായ്പാ അടിസ്ഥാനത്തില്‍ എടുത്തവയാണു വസ്ത്രങ്ങള്‍. ഈ വേഷങ്ങള്‍ നോക്കുമ്പോള്‍ ഒരുകാര്യം വ്യക്തം- എല്ലാം സാധാരണ വേഷങ്ങള്‍. 

ഒരു പ്രകോപനവും ഉണ്ടാക്കാത്തവ. പ്രലോഭനം ഒളിച്ചുവച്ചിട്ടില്ലാത്തവ. ഇവ കൂടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തു വേഷമാണു പിന്നെ മനുഷ്യര്‍ ധരിക്കേണ്ടത് എന്ന ചോദ്യവും ഉയരുന്നു. ഈ മാസം എട്ടിനു തുടങ്ങിയ പ്രദര്‍ശനം അവസാനിക്കുന്നത് ജനുവരി 20 ന്.