ഒന്നു കെട്ടിപ്പിടിച്ചാൽ അതും പീഡനമാകുമോ?; സംശയം തീരാതെ പുരുഷന്മാർ

ആലിംഗനം എന്ന വാക്കുതന്നെ ഇന്നു ഭീതിയുണര്‍ത്തുന്നതായി മാറിയിരിക്കുന്നത്രേ പുരുഷന്‍മാര്‍ക്ക്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം. എങ്ങനെ സംസാരിക്കണം. എന്തൊക്കെ വാക്കുകള്‍ ഉപയോഗിക്കാം.

എങ്ങനെ പ്രേമാര്‍ഭ്യർഥന നടത്തും. സംശയങ്ങള്‍ പെരുകുന്നു. എല്ലാത്തിനും തുടക്കമിട്ടത് ഹോളിവുഡിലെ ആ നിര്‍മാതാവു തന്നെ- ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍. നടിമാര്‍ നിര്‍മാതാവിന്റെ പീഡനങ്ങളെക്കുറിച്ചു തുറന്നുപറയുകയും ലോകമാകെ പുരുഷന്‍മാരുടെ പെരുമാറ്റ വൈകല്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തിരിക്കുന്നു.

പലരും ഭീതിയിലാണ്. ആരാണ് എപ്പോഴാണ് കഴിഞ്ഞുപോയ പുസ്തകത്തില്‍നിന്നു പീഡനത്തിന്റെ അധ്യായം തുറക്കുക എന്ന ഭീതി. ഇതോടെ പുരുഷന്‍മാര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആഗ്രഹം തോന്നിയാല്‍ എവിടെ എങ്ങനെ എപ്പോള്‍ ഒരു സ്ത്രീയെ ആലിംഗനം ചെയ്യാമെന്നാണ്. സംശയങ്ങള്‍ പെരുകുകയും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ പലരും ഉത്തരങ്ങളുമായും വന്നുതുടങ്ങി. 

ഒരു ഉദാഹരണമിതാ. 

പുരുഷന്‍: ഒരു സ്ത്രീ നമ്മള്‍ അവരെ ആലിംഗനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കും ? 

 

സ്ത്രീ: നിങ്ങള്‍ക്ക് ആവരോടു നേരിട്ടുചോദിക്കാമല്ലോ. 

 

പുരുഷന്‍: ഇതു വല്ലാത്ത ദുരൂഹത തന്നെ. ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ. 

 

 

ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അല്ലാതെ മറ്റുള്ളവരെ എന്തിനാണു കെട്ടിപ്പിടിക്കുന്നത്: ഒരാള്‍ ന്യായമായ സംശയം ചോദിക്കുന്നു. 

ഓഫിസില്‍ രണ്ടു സാഹചര്യങ്ങളില്‍ മാത്രമാണ് ഞാന്‍ ആലിംഗനം ചെയ്യാന്‍ മുതിര്‍ന്നിട്ടുള്ളത്. ഒന്ന് ആ വ്യക്തിയുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ സന്ദര്‍ഭത്തില്‍. അല്ലെങ്കില്‍ ഞാന്‍ നിലവിലെ ജോലി വിട്ട് പുതിയൊരു ജോലിക്കുവേണ്ടി പോകുമ്പോള്‍. ഇതാണ് ഒരാള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന അനുഭവം. 

ഇതൊക്കെ പുരുഷന്‍മാരാണു പറയുന്നതെങ്കില്‍ സംശയം ദൂരീകരിക്കുന്ന സ്ത്രീയുടെ മറുപടി കേള്‍ക്കൂ. എന്തിനു മടിക്കണം. നാലേ നാലു വാക്കുകള്‍. ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്തോട്ടേ... എന്നൊരു ചോദ്യം മാത്രം. 

ആലിംഗനം ചെയ്യുമ്പോള്‍ രണ്ടുപേരുടെ ശരീരങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകുന്നു. എപ്പോഴും അതുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നതെന്തിന് എന്നാണു മറ്റൊരാളുടെ സംശയം. നിങ്ങള്‍ക്കു ൈക പിടിച്ചു കുലുക്കാമല്ലോ. സ്ത്രീയോ പുരുഷനോ കുട്ടിയോ മുതിര്‍ന്നയാളോ..ആരുമായിക്കോട്ടെ. അതല്ലേ നല്ലത്. കെട്ടിപ്പിടിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതെന്തിന്. 

ഒരു ചോദ്യവും എണ്ണമില്ലാത്ത ഉത്തരവും പെരുകുമ്പോള്‍ ഒരു കാര്യം ഉറപ്പായിരിക്കുന്നു. പുരുഷന്‍മാര്‍ ആശയക്കുഴപ്പത്തിലാണ്. സ്ത്രീകളും.