നിയമസഭയിൽ സുഖ നിദ്ര. താലോലിക്കാൻ എംഎൽഎമാർ. ആംആദ്മി പാർട്ടിയുടെ ഭാവി എന്നു വിശേഷണം. പറഞ്ഞുവരുന്നത് അദ്വൈത് എന്ന കുഞ്ഞുവാവയെക്കുറിച്ചാണ്. ശീതകാലസമ്മേളനത്തിൽ ഡൽഹി നിയമസഭയിൽ അമ്മയ്ക്കൊപ്പമെത്തിയതാണ് കക്ഷി. പ്രായം രണ്ടുമാസം. എഎപി എംഎൽഎ സരിത സിങ്ങിന്റെ മകനാണ് അമ്മയുടെ തിരക്കിട്ട ജോലിയിൽ ശാന്തനായി സഹകരിക്കുന്നത്.
സഭയിൽ മാത്രമല്ല പൊതുപരിപാടികൾക്കു പോകുമ്പോഴും സരിത മകനെ ഒപ്പം കൂട്ടും. കുഞ്ഞിനെ നോക്കാൻ വീട്ടിൽ ആളില്ലാത്തതുകൊണ്ടല്ല ആ അമ്മ അങ്ങനെയൊരു തീരുമാനമെടുത്തത്. രണ്ടുമണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാലൂട്ടണം. അപ്പോൾ കുഞ്ഞ് കൂടെത്തന്നെവേണം. ജനപ്രതിനിധി എന്ന കടമ നിറവേറ്റുന്നതിനൊപ്പം ഒരമ്മയുടെ ഉത്തരവാദിത്തങ്ങളും അവർ ഭംഗിയായി നിറവേറ്റുന്നുണ്ട്.
ഇത്രയും ചെറിയ കുഞ്ഞിനെയും കൊണ്ട് ഇങ്ങനെ അലഞ്ഞു കഷ്ടപ്പെടാതെ അവിയെടുത്തൂടേയെന്ന് ചോദിക്കുന്നവരോട് സരിതയുടെ ഉത്തരമിതാണ്. ' പൊതുപ്രവർത്തകർക്കും ജനസേവകർക്കും ജോലിയിൽ നിന്ന് അവധിയെടുക്കാനാവില്ല. പലകാര്യങ്ങളിലും ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. ജീവിതത്തിലെ ഉത്തരവാദിത്തം നിറഞ്ഞ ഈ കാലഘട്ടം അക്ഷരാർഥത്തിൽ ഞാൻ ആസ്വദിക്കുകയാണ്'.
പാലൂട്ടുന്ന അമ്മമാർക്ക് പ്രസവാവധി അനുവദിക്കുന്ന വ്യവസ്ഥകളൊന്നും നിലവിൽ ഡൽഹി നിയമസഭയിലില്ല. ഡെപ്യൂട്ടി സ്പീക്കർ രാഖി ബിദ്നാലിന്റെ ഓഫീസ്മുറിയാണ് കുഞ്ഞിനെ പാലൂട്ടുന്നതിനായി സരിത ഉപയോഗിക്കുന്നത്. അമ്മയുടെ ജോലിയും തിരക്കുകളും കണ്ടും പുതിയ പുതിയ ആളുകളെ പരിചയപ്പെട്ടും ശബ്ദങ്ങളും ബഹളങ്ങളും കേട്ടുകൊണ്ടും മകൻ വളരട്ടെയെന്നാണ് സരിതയുടെയും ഭർത്താവിന്റെയും വാദം. 2016 ൽ ആയിരുന്നു അഭിനവ് റായിയുമായി സരിതയുടെ വിവാഹം. 2017 നവംബറിലാണ് ഇവർക്ക് മകൻ ജനിക്കുന്നത്.