ഞങ്ങളും കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരകളായിട്ടുണ്ട്; ദുരനുഭവങ്ങൾ പങ്കുവെച്ച് സ്ത്രീപുരുഷന്മാർ

എനിക്കന്ന് ആറുവയസ്സ്. ഞങ്ങളുടെ പാചകക്കാരന്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. എന്റെ മാതാപിതാക്കള്‍ അന്നുതന്നെ നടപടിയെടുത്തു. പക്ഷേ എല്ലാവരും സംഭവത്തെക്കുറിച്ചു മൗനം പാലിച്ചു; ഞാന്‍ എന്തോ തെറ്റു ചെയ്തതുപോലെ. ഇന്നു 34-ാം വയസ്സില്‍ കുട്ടിക്കാലത്തെ അനുഭവം എത്രമാത്രം എന്നെ തകര്‍ത്തു എന്നു ഞാന്‍ മനസ്സിലാക്കുന്നു. മൗനം പാലിക്കുന്നതിലാണ് നാണക്കേട്. അല്ലാതെ പീഡിപ്പിക്കപ്പെടുന്നതിലല്ല. 

ട്വിറ്ററില്‍ ഇതു തുറന്നുപറച്ചിലുകളുടെ കാലം. പീഡകരുടെ മുഖംമൂടി പിച്ചിച്ചീന്തുന്ന കാലം. പാക്കിസ്ഥാനില്‍ ഏഴുവയസ്സുകാരി സൈനബ് തട്ടിയെടുക്കപ്പെടുകയും പീഡിപ്പിച്ചു കൊലപ്പെടുത്തി ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇത് ഒറ്റപ്പെട്ട സംഭവല്ലെന്നും പീഡനം വ്യാപകമാണെന്നും ഏറ്റുപറ‍ഞ്ഞുകൊണ്ടാണ് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നത്.

ടെലിവിഷനില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന അവതാരക കുട്ടിയേയും സ്റ്റുഡിയോയില്‍ കൊണ്ടുവന്നു മടിയിലിരുത്തി വാര്‍ത്ത വായിച്ചു. സബ ഖമറും നദിയ ജമീലും ഉള്‍പ്പെടെയുള്ള നടിമാര്‍ തങ്ങള്‍ക്കുനേരിടേണ്ടിവന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞു. സൈനബിനു നീതി എന്ന ഹാഷ്ടാഗില്‍ പ്രതിഷേധവും രോഷവും പടരുന്നതിനിടെ നൂറുകണക്കിനു സ്ത്രീപുരുഷന്‍മാര്‍ തങ്ങള്‍ക്കനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു.

എട്ടാം വയസ്സിലായിരുന്നു ഞാന്‍ അപമാനിക്കപ്പെട്ടത്. ഓര്‍മയുടെ ഏതോ അറയില്‍ കുഴിച്ചുമൂടിയ സംഭവം. എട്ടുവര്‍ഷത്തിനുശേഷം ഇപ്പോഴിതാ ആ ഓര്‍മ എന്നെ കാര്‍ന്നുതിന്നുന്നു.

മതപാഠാലയത്തിലെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവങ്ങളാണു പല പുരുഷന്‍മാരും പറയുന്നത്. പഠിക്കാന്‍ പോകുന്നില്ലെന്നു പറഞ്ഞാല്‍ വീട്ടുകാര്‍ ദേഷ്യപ്പെടും. പഠിക്കാന്‍ ചെന്നാല്‍ പീഡനവും. ഈ ദുരന്തം അനുഭവിച്ചവര്‍ ഏറെയുണ്ട്. 

ഞാനുമുണ്ട്. എനിക്കും നേരിടേണ്ടിവന്നു ആ അനുഭവം 7-ാം വയസ്സില്‍. ധൈര്യമായിരിക്കൂ. ഒരാള്‍ ഏതാനും വാക്കുകളില്‍ തന്റെ െഎക്യദാര്‍ഡ്യം വെളിപ്പെടുത്തി. ഈദ് ആഘോഷത്തിനിടെ 12-ാം വയസ്സില്‍ അടുത്ത ബന്ധുവാണ് എന്നെ പീഡിപ്പിച്ചത്. എട്ടാം വയസ്സിലും ഇതുപോലെ ഞാന്‍ പേടിച്ചുവിറച്ചു.

മിണ്ടാതിരിക്കാന്‍ എല്ലാവരും എന്നോടു പറയുന്നു. ഇപ്പോഴാണ് എനിക്കു ധൈര്യം കിട്ടിയത്.കുടുംബങ്ങള്‍ക്കുള്ളില്‍ അടുത്ത ബന്ധുക്കളില്‍നിന്നുപോലും പീഡനം അനുഭവിക്കേണ്ടിവരുന്നു എന്നാണ് പലരും പറയുന്നത്. ബസ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പീഡനങ്ങള്‍ക്കു കുറവില്ല. നിരന്തരമായ ശ്രദ്ധയും ബോധവല്‍ക്കരണവും വേണ്ടിയിരിക്കുന്നു. 

എല്ലാ സന്ദേശങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു: സൈനബ് തനിച്ചല്ല. ഞങ്ങളും ഉണ്ടു കൂടെ. പക്ഷേ, ഇനിയിത് ആവര്‍ത്തിക്കരുത്. കുറ്റവാളികള്‍ പിടിക്കപ്പെടണം. നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണം അവരെ. ആര്‍ഹമായ ശിക്ഷ ലഭിക്കണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എന്ന് ?