മറവിരോഗമുള്ള വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്ന സഹായി

വീടുകളില്‍ രോഗികളായി കഴിയുന്നവരുടെ പരിചരണം ഹോം നേഴ്‌സുമാരെയോ മറ്റു ജോലിക്കാരെയോ ഏൽപ്പിച്ച് സമാധാനത്തോടെ പോകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ? പലപ്പോഴും നമ്മുടെ അസാന്നിധ്യത്തില്‍ അവര്‍ രോഗികളായ പ്രിയപ്പെട്ടവരോട് എങ്ങനെയായിരിക്കും പെരുമാറുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?  1.34 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

മറവി രോഗം ബാധിച്ച 78 വയസുള്ള വൃദ്ധമാതാവിനെ  ശുശ്രൂഷിക്കാൻ ഏര്‍പ്പെടുത്തിയ 46 വയസ്സുകാരി  അവരെ നിര്‍ദ്ദയമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ആ വിഡിയോയിലുള്ളത്. ആവര്‍ത്തിച്ച് മർദ്ദിക്കുന്നതിനു പുറമെ വൃദ്ധയുടെ ബ്ലാങ്കറ്റ് വലിച്ചെടുക്കുന്നതും അത് അവരുടെ മടിയിലേക്ക് തന്നെ  വലിച്ചെറിയുന്നതും വിഡിയോയില്‍ കാണാം. സാബിന മാര്‍സ്‌ഡെന്‍(എന്ന വൃദ്ധയാണ് സ്റ്റാസി ജോര്‍ജ്ന്റെ ക്രൂരതയ്ക്ക് ഇരയായത്. 

സാബിന ബ്ലാങ്കറ്റ് വലിച്ചുനീക്കാന്‍ശ്രമിച്ചതാണ് സ്റ്റാസിയെ കുപിതയാക്കിയത്. രണ്ടുപ്രാവശ്യം മർദ്ദിച്ചശേഷം കൈയും കെട്ടി നോക്കിയിരിക്കുന്ന സ്റ്റാസി എന്തോ കപ്പില്‍ കോരിക്കഴിക്കുന്നതും കാണാം. സാബിനയുടെ മകള്‍ ഒളിപ്പിച്ചുവച്ച ക്യാമറയില്‍ പതിഞ്ഞ രംഗങ്ങള്‍ ലൈവ് സ്ട്രീമിങില്‍ മൊബൈലില്‍ വന്നപ്പോള്‍ ഞെട്ടിത്തരിച്ചത് അവള്‍ മാത്രമായിരുന്നില്ല  ആ ദൃശ്യങ്ങൾ കണ്ട എല്ലാവരുമായിരുന്നു. കാരണം ദുര്‍ബലയും രോഗിയും മറവിരോഗമുളളവളുമായ ഒരു വൃദ്ധയോട് ഇത്തരത്തിലുള്ള ക്രൂരത ചെയ്യാന്‍ എങ്ങനെ മനസ്സ് വന്നു എന്നാണ് ആളുകള്‍ പരസ്പരം ചോദിച്ചത്.

ദേഷ്യം വരുന്നതും കോപിക്കുന്നതും സ്വഭാവികമാണെങ്കിലും  ദുര്‍ബലരോടും രോഗികളോടും അവരുടെ നിസ്സഹായതയില്‍ ക്രൂരമായി പെരുമാറുന്നത് അത്യന്തം നിന്ദ്യമെന്നേ പറയാന്‍ കഴിയൂവെന്നാണ് വിഡിയോ കണ്ട ഓരോരുത്തരും പറയുന്നത്. വിഡിയോ അവസാനിക്കുമ്പോഴും സാബിനയുടെ നിസ്സഹായത കലര്‍ന്ന, ഒന്നും പറയാന്‍ കഴിയാത്തവിധത്തിലുള്ള പകച്ച നോട്ടം കാഴ്ചക്കാരുടെ  നെഞ്ചുലയ്ക്കും.