നിർഭയ മാനഭംഗംചെയ്യപ്പെട്ടത് അവളുടെ തെറ്റുകൊണ്ട്; വിവാദമായി അധ്യാപികയുടെ പരാമർശം

കുട്ടികൾക്ക് നന്മ പറഞ്ഞുകൊടുക്കേണ്ട അധ്യാപികയുടെ നാവിൽ നിന്നാണ് കേൾക്കാൻ പാടില്ലാത്ത വാക്കുകളും പരാമർശങ്ങളും ഒഴുകിയിറങ്ങിയത്. റായ്പൂരിലെ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജി അധ്യാപികയാണ് മോശം പരാമർശത്തിലൂടെ വിദ്യാർഥികളുടെ കണ്ണിലെ കരടായി മാറിയത്.

2012 ൽ ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയെക്കുറിച്ചാണ് സ്നേഹലത ശങ്ക്‌വാർ എന്ന അധ്യാപിക മോശമായി സംസാരിച്ചത്. നിർഭയ മാനഭംഗം ചെയ്തു കൊല്ലപ്പെട്ടത് അവളുടെ തെറ്റുകൊണ്ടാണെന്നും അതുകുറ്റവാളികളുടെ കുഴപ്പം കൊണ്ടല്ലെന്നുമായിരുന്നു സ്നേഹലത കുട്ടികളോട് പറഞ്ഞത്.

ജീൻസും ലിപ്സ്റ്റിക്കും ധരിച്ച് സ്കൂളിൽ വരരുതെന്ന് കുട്ടികളെ താക്കീത് ചെയ്യുന്നതിനിടെയായിരുന്നു അധ്യാപികയുടെ വിവാദ പരാമർശം. അധ്യാപികയുടെ സംസാരം ഇഷ്ടപ്പെടാതിരുന്ന കുട്ടികൾ അപ്പോൾത്തന്നെ സ്കൂൾ പ്രിൻസിപ്പലിന് പരാതിയെഴുതി നൽകി. എന്നാൽ പരാതിയെ കുട്ടികളുടെ നേരംപോക്കായി കണക്കാക്കിയ പ്രിൻസിപ്പൽ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ തയാറായില്ല.

അധ്യാപികയുടെ പരാമർശത്തിൽ ക്ഷുഭിതരായ കുട്ടികളുടെ മാതാപിതാക്കൾ തിങ്കളാഴ്ച സ്കൂളിലെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പ്രിൻസിപ്പൽ തിരിച്ചറിഞ്ഞതും ഈ വിഷയം കേന്ദ്രീയ സംഗദാനിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പു നൽകിയതും.

'' കാണാൻ ഭംഗിയില്ലാത്ത മുഖമില്ലാത്തപ്പോഴാണ് പെൺകുട്ടികൾ ശരീരം തുറന്നുകാട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതെന്നു പറഞ്ഞ അധ്യാപിക നിർഭയയെക്കുറിച്ചു പറഞ്ഞതിങ്ങനെ. എന്തിനാണ് നിർ‍ഭയ ഭർത്താവല്ലാത്ത ഒരാളോടൊപ്പം പാതിരാത്രിയിൽ പുറത്തു പോയത്? എന്തിനാണ് അസമയത്ത് പുറത്തു പോകാൻ  നിർഭയയുടെ അമ്മ അവരെ അനുവദിച്ചത്?

സഹപാഠികളായ ആൺകുട്ടികളുടെ മുന്നിൽവെച്ച് പെൺകുട്ടികളെക്കുറിച്ച് മോശമായി സംസാരിക്കുന്ന അധ്യാപികയുടെ ഓഡിയോക്ലിപ് വിദ്യാർഥികൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

രാത്രി എട്ടരയ്ക്കുശേഷവും പതിനൊന്നാംക്ലാസ് വിദ്യാർഥികൾ വീട്ടിൽപ്പോകാതെ കറങ്ങി നടക്കുന്നതു കണ്ടപ്പോൾ വേഗം വീട്ടിൽപ്പോകാൻ അവരെ ഉപദോശിക്കുകയാണ് ചെയ്തതെന്നും കുട്ടികളുടെസുരക്ഷ അവരുടെ തന്നെ കൈയിലാണെന്നും നിർഭയയ്ക്ക് സംഭവിച്ചത് തെറ്റു തന്നെയാണെന്നും  ആ നേരത്ത് പുറത്തു പോകാതെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവൾക്കവളെ സംരക്ഷിക്കാമായിരുന്നു എന്നുമാണ് ഈ സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അധ്യാപിക വിശദീകരിച്ചത്.

പിന്നെ പെൺകുട്ടികളോട് പറഞ്ഞത്കേന്ദ്രീയവിദ്യാലയത്തിന്റെ ഡ്രസ്കോഡ് പാലിക്കണമെന്നും ലിപ്സ്റ്റിക്കും ജീൻസും ധരിക്കരുതെന്നുമാണ് പറഞ്ഞതെന്നും. കുട്ടികൾ യൂണിഫോം നന്നായാണോ ധരിക്കുന്നതെന്ന് ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കു കൂടിയുണ്ടെന്നും അധ്യാപിക വിശദീകരിച്ചു.