ഇന്ത്യയിൽ നിന്ന് ഇതുവരെ കാണാതായത് 63 മില്യൺ പെൺകുഞ്ഞുങ്ങളെ

പ്രതീകാത്മക ചിത്രം.

സാംസ്‌കാരികവൈവിധ്യങ്ങള്‍ ഇന്ത്യയില്‍ സ്ത്രീകളുടെ ജീവനും മാനത്തിനും വില പറയുകയാണോ? അമൂല്യമായി വാഴ്ത്തപ്പെടേണ്ട സ്ത്രീ ജീവിതങ്ങള്‍ ആര്‍ക്കും വിലയില്ലാത്ത പാഴ് വസ്തുക്കളായി മാറിക്കൊണ്ടിരിക്കുകയാണോ? സമകാലിക ഇന്ത്യയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നവയാണ്.

ഇന്ത്യ ഗവണ്‍മെന്റ് അടുത്തയിടെ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 63 മില്യന്‍ പെണ്‍കുട്ടികളാണ്  പലവിധ സാഹചര്യങ്ങളിലായി അപ്രത്യക്ഷരായിരിക്കുന്നത്. 9 % പെണ്‍കുഞ്ഞുങ്ങള്‍ക്ക് ലിംഗാടിസ്ഥാനത്തില്‍ അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ ജീവന്‍ നഷ്ടമായി. ഗർഭഛിദ്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരം അവയേറെയും പെണ്‍കുഞ്ഞുങ്ങളായിരുന്നു എന്നതായിരുന്നു.

ചെറുപ്പത്തില്‍ തന്നെ പല പെണ്‍കുട്ടികളും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മൂന്നിലൊന്ന് പെണ്‍കുട്ടികളും പതിനെട്ട് വയസ്സിന് മുൻപേ വിവാഹിതരാകുന്നു എന്നാണ് ഇന്ത്യയിലെ പൊതുവായ കണക്ക്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഇത് 50 ശതമാനമാണ്. 2017 ഒക്ടോബറില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായിട്ടുള്ള ലൈംഗികബന്ധം മാനഭംഗമായിട്ടാണ് കോടതി നിരീക്ഷിച്ചത്. 

ശൈശവവിവാഹം സാമൂഹ്യതിന്മയായിട്ടാണ് കരുതപ്പെടേണ്ടത് എന്നത് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ബ്രസീല്‍, മെക്‌സിക്കോ പോലെയുള്ള രാജ്യങ്ങളില്‍ പെണ്‍കുട്ടികളെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചയ്ക്കുന്നത് ഒഴിവാക്കാന്‍ അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പണം നൽകി അവര്‍ക്ക് വിദ്യാഭ്യാസം നൽകുകയും ചെറുപ്രായത്തിലുള്ള വിവാഹങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട്. സമാനമായ രീതി ഹരിയാനയില്‍ നടപ്പിലാക്കിയിട്ടുണ്ട്.  അതുമൂലം ശൈശവവിവാഹങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. പല പെണ്‍കുട്ടികളും ഭാര്യമാരായി മനുഷ്യക്കടത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. മറ്റുചിലർ ചുവന്നതെരുവുകളിൽ വിൽക്കപ്പെടുന്നു.

പെണ്‍കുട്ടികളെ ഒരിക്കലും സ്വന്തം കുടുംബം അവരുടെ ഭാഗമായി കണക്കാക്കുന്നില്ല. കുടുംബത്തിന്റെ സല്‍പ്പേര് നിലനിര്‍ത്താനും തലമുറ നിലനിര്‍ത്താനും ആണ്‍കുട്ടികള്‍ മതിയെന്നാണ് മിക്ക കുടുംബങ്ങളുടെയും നിലപാട്. ഭര്‍ത്താവും അയാളുടെ കുടുംബവുമായി ബന്ധപ്പെടുത്തിയാണ് സ്ത്രീയുടെ ഭാവി ഇപ്പോഴും നിശ്ചയിക്കപ്പെടുന്നത്. കുടുംബങ്ങള്‍ പലപ്പോഴും ഭാരമായിട്ടാണ് പെണ്‍കുട്ടികളെ കാണുന്നത്. മതിയായ ആരോഗ്യസുരക്ഷാകാര്യങ്ങളോ സംരക്ഷണമോ ഇവര്‍ക്ക് പലപ്പോഴും ലഭിക്കുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും കുറയ്ക്കാന്‍ സഹായകമായിട്ടുള്ള നിയമപരിഷ്‌ക്കരണങ്ങള്‍ അടുത്തകാലത്ത് നടപ്പിലാക്കിയിരിക്കുന്നത് ശുഭസൂചന നൽകുന്നുണ്ട്. ഈ നിയമങ്ങള്‍ക്ക് സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമോ എന്നത് ഒരു വെല്ലുവിളിയാണ്. എന്നാല്‍ നിയമം കൊണ്ടുമാത്രമല്ല തിരിച്ചറിവുകളും ബോധ്യങ്ങളും കൊണ്ടുകൂടി സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ് എന്നതാണ് സത്യം. അത്തരമൊരു ശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.