സമ്പൂർണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലാണ് ട്രാൻസ്‌ജണ്ടറായ വ്യക്തിക്കു നേരെ കൈയേറ്റമുണ്ടായത്. തലസ്ഥാനത്തു വലിയതുറയിൽ കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്ന ആളല്ലേ നീ എന്ന് ചോദിച്ചു തുടങ്ങിയ അക്രമം ഒടുവിൽ അവരുടെ വസ്ത്രങ്ങൾ മുഴുവൻ വലിച്ചഴിക്കുന്നതിലും നഗ്നയാക്കി അവരെ ഉപദ്രവിക്കുന്നതിലും വരെയെത്തി. ഇതാണോ സമൂഹം സൂക്ഷിച്ചു വയ്ക്കുന്ന സദാചാര ബോധവും മാന്യതയും? ഇതാണോ സാക്ഷരർ എന്ന് അവകാശപ്പെടുന്ന മനുഷ്യർ കാണിക്കേണ്ട സംസ്കാരം.
ഒരു പൊതു ഇടത്തിൽ വയലൻസ് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ജനരോഷം ഒന്ന് കത്തിത്തുടങ്ങിയാൽ പിന്നെയത് പടരും. ഇത്തരം അതിക്രമങ്ങളിൽ കൂടുതലും ഇരയാക്കപ്പെടുന്നത് അന്യസംസ്ഥാന തൊഴിലാളികളോ ട്രാൻസ് സമൂഹമോ അല്ലെങ്കിൽ സദാചാര കുറ്റം ആരോപിക്കപ്പെടുന്ന മനുഷ്യരോ ആകും. ആ സമയത്ത് എല്ലാവരും ആരോപണം ഉന്നയിക്കപ്പെട്ട ഒന്നോ രണ്ടോ പേർക്കെതിരെ തിരിയുകയും ലോകം മുഴുവൻ തങ്ങളുടെ കാൽക്കീഴിലാണെന്നു അഹങ്കരിക്കുകയും അവരുടെ നീതി അവർ നടപ്പിലാക്കുകയും ചെയ്യുന്നു.
അവിടെ പൊലീസും കോടതിയും ഒന്നും ബാധകമല്ല. പലപ്പോഴും ഇത്തരം സമയങ്ങളിൽ ഇടപെടാൻ പൊലീസും മടിക്കും ജനങ്ങൾ എന്തെങ്കിലും ചെയ്യട്ടെ എന്ന നിലപാട്. പക്ഷേ തിരുവനന്തപുരത്തു ട്രാൻസ് യുവതി അക്രമിക്കപ്പെട്ടപ്പോൾ ഇടപെടാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനമേറ്റു. അപ്പോൾ നിയമത്തിനും അതീതമാണ് മനുഷ്യ സമൂഹം എന്നും നീതിയും ധർമ്മവും സത്യവും എന്താണെന്ന് തങ്ങൾ തന്നെ തീരുമാനിക്കും എന്നും വളരെ ധാർഷ്ട്യത്തോടെ അവർ സ്വയം പ്രഖ്യാപിക്കുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോവുക എന്ന പേടിപ്പെടുത്തുന്ന വാർത്ത ഈയടുത്തു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അന്വേഷിച്ചാൽ പൊലീസ് സ്റ്റേഷനുകളിൽ അത്തരം തട്ടിക്കൊണ്ടു പോകൽ കേസുകൾ അത്ര ആശങ്കാജനകമായ വിധത്തിലൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പങ്കു വയ്ക്കാനും ആവശ്യമില്ലാതെ ആധി പിടിക്കാനും ആരെയും അതിന്റെ പേരിൽ സംശയിച്ച് അതിക്രമം ചെയ്യാനും നാം മടിക്കുന്നില്ല.
ഇതുതന്നെയാണ് ട്രാൻസ് യുവതിയ്ക്ക് നേരെ ഉണ്ടായതും . നാഗർകോവിലിൽ ഏറെ നാളുകളായി താമസിച്ചു വന്നിരുന്ന ഈ വ്യക്തി രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് ഈ ആക്രമണം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഉപദ്രവിക്കുന്ന ആളുകൾ ഇതിന്റെ വീഡിയോ മൊബൈലിൽ എടുക്കാനും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു എന്നത് മലയാളിയുടെ മാറിയ മാനസിക നിലവാരം വ്യക്തമാക്കുന്നു. എന്ത് ക്രൂരത ചെയ്യാനും, ചെയ്യുമ്പോൾ തന്നെ അത് വീഡിയോ എടുക്കാനും മടിയില്ലാത്തവിധത്തിൽ മാറിയ നമ്മുടെയൊക്കെ മനോ നിലവാരത്തിന്റെ തകർച്ച ഭയപ്പെടുത്തുന്നതാണ്.
എന്നും അപമാനിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരാണ് ട്രാൻസ്‌ജെൻഡർ സമൂഹം. പലപ്പോഴും വീടുകളിൽ നിന്നും ഒഴിവാക്കപ്പെടുകയോ, വീട് വിട്ടു ഇറങ്ങി വരുകയോ ചെയ്യുന്നവർക്ക് അതിജീവനം അത്ര എളുപ്പമല്ല. ജീവിക്കാൻ വീടുകൾ പുറത്തു ലഭിക്കുക എന്നതും ഇവർക്ക് എളുപ്പമല്ല. ആരും വേണം എന്നുവിചാരിച്ചു തനിക്ക് ഇണങ്ങാത്ത അപര ലിംഗത്തിന്റെ വസ്ത്രം ധരിച്ച് പൊതു നിരത്തിൽ നടക്കാറില്ല. മനസ്സു കൊണ്ട് അത്രമേൽ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തോട് വെറുപ്പുള്ളപ്പോൾ മാത്രമാണ് ഇത്തരമൊരു പരിവർത്തനം അവർ ജീവിതത്തിൽ നടത്തുന്നത്.
എന്നാൽ മലയാളിക്ക് അതും പ്രശ്നമാണ്. അവരുടെ നിയമങ്ങൾക്ക് അനുസരിച്ചല്ലാതെ ജീവിക്കുന്നവരെ മനുഷ്യരായി കാണാൻ പോലുമുള്ള മനസ്സ് അവർ കാണിക്കാറില്ല. പലപ്പോഴും ട്രാൻസ്‌ജെൻഡർ സമൂഹത്തെ "അത്" എന്ന് വിളിച്ചു ഇപ്പോഴും നമ്മൾ അടയാളപ്പെടുത്തുന്നു. അവർ മനുഷ്യരല്ലാതെ ഒരു വസ്തു മാത്രമായി മാറുന്നു. ട്രാൻസ്‌ജെൻഡർ പോളിസി ഒക്കെ പുറത്തിറക്കിയ ഒരു സംസ്ഥാനത്തിലാണ് ഇത്തരമൊരു മനുഷ്യത്വ ഹീനമായ പ്രകടനം എന്നത് മനസ്സിലാക്കി തരുന്ന ഒന്നുണ്ട്.
അധപതിച്ചു പോയിരിക്കുന്നു ഒരു തലമുറ. അതൊരിക്കലും ഏറ്റവും പുതിയ ഇന്നിന്റെ തലമുറയല്ല, പഴകി പൊളിഞ്ഞ പഴയ സദാചാരത്തിന്റെ വേലിക്കെട്ടുകൾ അവനവനു വേണ്ടി രാത്രികളിൽ മാത്രം പൊളിച്ചെഴുതാൻ ഉത്സാഹിക്കുന്ന, പകൽ അതിനു വേണ്ടി മൊബൈലും തൂക്കി പിടിച്ചു വീഡിയോ ഓപ്‌ഷനുകൾ ഓണാക്കി സൂക്ഷിക്കുന്ന ഒരു തലമുറ. ബോധത്തിന്റെ തരിമ്പു പോലും കയറിക്കൂടാത്ത വിവരക്കേടിന്റെ , മനുഷ്യത്വ രഹിതമായ മനസ്സുകളുടെ തലമുറ. ഓരോ മനുഷ്യനും സ്വയം ചോദിക്കണം അത്തരമൊരു തലമുറയിൽ ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് !
ഭിക്ഷാടന മാഫിയ ശക്തിപ്പെട്ടെന്ന വാർത്തയ്ക്കു ശേഷവും ജിഷ വധകേസിനു പിന്നാലെയും അന്യസംസ്ഥാന തൊഴിലാക്കികളും ട്രാൻസ്‌ജെൻഡർ സമൂഹം വളരെയധികം സംശയിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ മനുഷ്യരായി ജീവിക്കാൻ അർഹത നേടിയ വിഭാഗങ്ങൾ തന്നെയാണ് അവരും. ഹോർമിനിക്കൽ ആയ മാറ്റങ്ങൾ കൊണ്ട് സമൂഹത്തിന്റെ നീതി(!) യ്ക്ക് നിരക്കാത്ത രീതിയിൽ വസ്ത്രങ്ങൾ ധരിച്ചു എന്നത് കൊണ്ട് അത് അഴിച്ചു കളയാൻ ഒരു രോഷം കൊള്ളുന്ന മനുഷ്യ സമൂഹത്തിനും അവകാശമില്ല.
പൊതു നിരത്തിൽ വസ്ത്രമുരിഞ്ഞു അപമാനിക്കുക എന്നാൽ സ്ത്രീ ആയാലും പുരുഷനായാലും തോന്നുന്ന അതേ നാണക്കേടുകളേക്കാൾ, ഭീതികളേക്കാൾ വലിയ വേദനകൾ ട്രാൻസ് സമൂഹത്തിനുണ്ടാകും. കാരണം പൊതുവെയുള്ള അപകർഷതാ ബോധത്തിന്റെ ഒപ്പം താൻ സ്ത്രീയായി കാത്തു സൂക്ഷിക്കുന്ന ശരീരം അന്യ ഒരാൾ കാണുന്ന അവസ്ഥയെ ഒരു സ്ത്രീയ്ക്ക് എന്ന പോലെ തന്നെ ഒരു ട്രാൻസിനും സങ്കൽപ്പിക്കാനാവില്ല. വെറും നിലത്തു ഒരു കള്ളിമുണ്ടു പുതച്ചു ന്യൂസ് പേപ്പറുകൾക്കു മുകളിൽ അയാളുടെ ഇരുപ്പ് തൊടുത്തുവിടുന്ന ചോദ്യം മലയാളിയുടെ മനഃസാക്ഷിയ്ക്കു മുന്നിൽ വന്നു ഇടിച്ചു നിൽക്കണം.
"നീ മനുഷ്യനല്ലേ"" എന്ന് ആ നെഞ്ചിടിപ്പ് ഓരോ നിമിഷവും ചോദിച്ചു കൊണ്ടേയിരിക്കണം, ആ ലജ്ജയാൽ ഓരോ നിമിഷവും ഉരുകിക്കൊണ്ടേയിരിക്കണം. അതുകൊണ്ടൊന്നും അപമാനിക്കപ്പെട്ട വ്യക്തിയ്ക്ക് നഷ്ടപരിഹാരം നൽകുന്നില്ല. ട്രാൻസ്‌ജെൻഡർ ഹെൽപ്പിങ് സ്റ്റേറ്റ് ആകുമ്പോഴും ഇത്തരത്തിലുള്ള അപമാനങ്ങളിൽ അവർ പ്രതികരിക്കാനാകാതെ തകർന്നു നിൽക്കുന്നതും വീഴുന്നതും സംസ്ഥാനത്തിന് അപമാനകരമാണ്.
ഒരു മനുഷ്യനും നിയമം കയ്യിലെടുക്കാനുള്ള അവകാശമില്ല. കാരണം ജനരോഷം പടരുമ്പോൾ അവിടെ ചോദ്യം ചെയ്യലുകളേക്കാൾ ഉറപ്പിക്കലാണ് ഉണ്ടാവുക. വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചാൽ പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയാൽ മറുപടി പോലും പറയിപ്പിക്കാതെ എല്ലാ വശങ്ങളിൽ നിന്നും ജനങ്ങൾ ആർത്തിരമ്പും.
അവിടെ നിയമം അവരുടേത് മാത്രമാണ്, പിന്നെയെന്തിനാണ് പൊലീസും കോടതിയും?തെറ്റ് ചെയ്‌തെന്ന ബോധ്യമുണ്ടനെകിൽ പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചു ഏൽപ്പിക്കാം എന്നതിന്റെ അപ്പുറം ഒരു പൗരന് മറ്റൊന്നും ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയോ അതിനു മുകളിൽ മുന്നോട്ടു നോക്കുകയോ ചെയ്യാം. അതിനുമപ്പുറം വസ്ത്രം പൂർണമായും വലിച്ചു കീറി ഒരു മനുഷ്യനെ അപമാനിക്കുന്ന സാഹസം ക്രൂരമാണ്.
അത് വീഡിയോയിൽ പകർത്തുക എന്നതു മാനസിക രോഗവും. ക്രൂരതയും മാനസിക രോഗവും ഒരുപോലെ പേറുന്ന ഒരു സമൂഹത്തിന്റെ ഒപ്പമാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാൽ പോലും അവർ നിങ്ങളെ എടുത്തു ആശുപത്രികളിൽ കൊണ്ട് പോകില്ല. മനുഷ്യത്വം അത്രമാത്രം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇനിയുമൊരു കാലമുണ്ടാകുമോ മനുഷ്യന് മനുഷ്യനെ കണ്ടെത്താനും അവനോടു ഇണങ്ങി ചേരാനും?