ലേഡി ജെയിംസ് ബോണ്ടിന്റെ അറസ്റ്റ്; പൊലീസ് പങ്കാളിത്തവും അന്വേഷിക്കും

ഫോണ്‍ വിളി രേഖകള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ ഡിറ്റക്റ്റീവ് പിടിയില്‍. ലേഡി ജെയിംസ് ബോണ്ട് എന്ന പേരില്‍ രാജ്യമെങ്ങും അറിയപ്പെട്ട രജനിയെ വെള്ളിയാഴ്ചയാണ് താനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന വന്‍ റാക്കറ്റ് പൊളിച്ച പൊലീസ് നാലു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കേസ് അന്വഷണത്തിന്റെ ഭാഗമായി ഈ മാസം രണ്ടിന് രജനിയെ വിളിച്ചുവരുത്തിയ പൊലീസ് അറസ്റ്റ് രഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജനിയെ അറസ്റ്റ് ചെയ്തത്. രജനി തങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായവര്‍ പറഞ്ഞതിനെത്തുടര്‍ന്നാണു  അറസ്റ്റ് ചെയ്തതെന്ന് താനെ ക്രൈംബ്രാഞ്ച് യൂണിറ്റ് 1 ലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിതിന്‍ തക്കറെ പറഞ്ഞു.

കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. പൊലീസിനും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ സര്‍വീസ് ദാതാക്കളില്‍നിന്ന് കോള്‍ വിവരങ്ങള്‍ ലഭ്യമാകൂ. വാശിയില്‍ ഗ്ലോബ് കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന നാലു ഡിറ്റക്റ്റീവുകളും അറസ്റ്റിലായിട്ടുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെട്ട് വേഷം മാറിയെത്തിയ താനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളി രേഖകള്‍ നല്‍കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. കോര്‍പറേറ്റുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിവാഹിതരായ ദമ്പതികള്‍ എന്നിവര്‍ക്കാണ് ഇവര്‍ രേഖകള്‍ ചോര്‍ത്തിനല്‍കിയിരുന്നത്. 

കുറ്റാന്വേഷണ വൃത്തങ്ങളില്‍ ലേഡി ജെയിംസ് ബോണ്ട് എന്നാണ് രജനി പണ്ഡിറ്റ് അറിയപ്പെടുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ രജനി കുറ്റാന്വേഷണ ഏജന്‍സി തുടങ്ങുന്നത് 1991-ല്‍. രാജ്യത്തും വിദേശത്തുമായി ഒട്ടേറെ കുപ്രസിദ്ധമായ കേസുകള്‍ താന്‍ തെളിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു ഇവര്‍.

പല കേസുകളും തെളിയിക്കാന്‍ സാഹസികമായി വേഷം മാറി ജീവിച്ചിട്ടുമുണ്ട്. ഒരു സ്ത്രീ ഭര്‍ത്താവിനെ കൊന്ന കേസിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ സ്ത്രീയുടെ വീട്ടില്‍ ആറുമാസത്തോളം സഹായിയായി ജീവിച്ചിട്ടുണ്ടെന്നും രജനി വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ കുറ്റാന്വേഷണ ജീവിതത്തെക്കുറിച്ചു രണ്ടു പുസ്തകങ്ങളും രചിച്ചു രജനി.