വ്യക്തികളുടെ മൗലികാവശങ്ങളെക്കുറിച്ചു വ്യക്തമായ നിലപാടുകളുണ്ട് ഇന്ത്യന്‍ ഭരണഘടനയില്‍. മൗലികാവകാശങ്ങളുടെ പവിത്രതയും അവ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും കാലാകാലങ്ങളിലുള്ള വിധികളിലൂടെ ഉറപ്പിച്ചുപറഞ്ഞിട്ടുമുണ്ട് രാജ്യത്തെ വിവിധ കോടതികളും പരമോന്നത നീതിപീഠവും. നയം വ്യക്തമാണെങ്കിലും അവകാശങ്ങള്‍ അപ്രസക്തമാക്കാനും കവര്‍ന്നെടുക്കാനുമുള്ള ശ്രമങ്ങളും വ്യാപകമാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒക്കെ നടന്നിട്ടുള്ള മൗലികാവകാശ ധ്വംസനങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ഒരിക്കല്‍ക്കൂടി നീതീപീഠം അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ ഒരു ശക്തിയും ആ തീരുമാനത്തെ ചോദ്യം ചെയ്തുകൂടാ. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. നല്ല ഉദ്ദേശ്യത്തോടു കൂടിയായിരിക്കാം. അല്ലായിരിക്കാം. വിവാഹം നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാകാം. പക്ഷേ, വിവാഹം എന്ന രണ്ടുപേരുടെ തീരുമാനത്തില്‍ അവരല്ലാതെ മറ്റാരും ഇടപെടാന്‍ പാടില്ല.
ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയുടെ പരിഗണനാവേളയില്‍ സുപ്രീംകോടതിയില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകവും പരാമര്‍ശ വിഷയമായി. ഇരുപത്തിമൂന്നുകാരനായ ഒരു ഹിന്ദു യുവാവ് അമ്മയുടെ കണ്‍മുന്നിൽ അന്യമതത്തിൽപ്പെട്ട കൂട്ടുകാരിയുടെ ബന്ധുക്കളാല്‍ കൊലചെയ്യപ്പെട്ടു. വീടിനടുത്തുള്ള തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഫൊട്ടോഗ്രാഫര്‍ അങ്കിത് സക്സേന ദാരുണമായി കൊലചെയ്യപ്പെട്ടത്. വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞു: ആ കേസ് ഇപ്പോള്‍ കോടതിയിലുടെ പരിഗണനയില്‍ ഇല്ല. സംഭവം ഇപ്പോഴത്തെ കേസുമായി ബന്ധപ്പെടുത്തേണ്ടതുമില്ല.
കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടു സന്നദ്ധസംഘടന ശക്തി വാഹിനിയാണു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു ഹാജരായ അഭിഭാഷകന്‍ തങ്ങള്‍ മിശ്രവിവാഹത്തിന് എതിരല്ലെന്നു കോടതിയില്‍ ബോധിപ്പിച്ചു. ജാതിയും മതവും മാറിയുള്ള വിവാഹങ്ങളെയും തങ്ങള്‍ എതിര്‍ക്കുന്നില്ല. കസിന്‍ സഹോദരര്‍ തമ്മിലുള്ള വിവാഹത്തെ മാത്രമാണ് എതിര്‍ക്കുന്നത്. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഇത്തരം വിവാഹങ്ങള്‍ നിരോധിച്ചിട്ടുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പക്ഷേ, ഈ വാദത്തെയും സുപ്രീം കോടതി എതിര്‍ത്തു. കഠിനമായി വിമര്‍ശിക്കുകയും ചെയ്തു. നിയമത്തിന് അതിന്റേതായ വഴികളുണ്ട്. നിയമത്തില്‍ ഇടപെടാന്‍ നിങ്ങളാര് ? - ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
മനസാക്ഷിസൂക്ഷിപ്പുകാരാണ് ഞങ്ങള്‍ : അഭിഭാഷകന്‍ മറുപടി പറഞ്ഞു.
ആരും മനസാക്ഷി സൂക്ഷിപ്പുകാരാകേണ്ടതില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ മറ്റാരും അതില്‍ ഇടപെടേണ്ടതില്ല- മിശ്ര ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഖാപ് പഞ്ചായത്തുകളെക്കുറിച്ചു ചിന്തിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. വിവാഹിതരാകാനുള്ള ദമ്പതികളുടെ അവകാശത്തെക്കുറിച്ചാണു സുപ്രീം കോടതി പറയുന്നത്.
രക്ഷകര്‍ത്താക്കള്‍,സമൂഹം, സാമൂഹിക സംഘടനകള്‍. ആരുമായിക്കൊള്ളട്ടെ. വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ വിവാഹ തീരുമാനത്തില്‍ ഇടപെടാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല- വ്യക്തികളുടെ മൗലികാവകാശങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് മിശ്ര ചൂണ്ടിക്കാട്ടി.