രണ്ടുലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് അയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കുമായിരുന്നു. എത്ര മർദ്ദിച്ചാലും ഭാര്യയ്ക്കോ അവളുടെ വീട്ടുകാർക്കോ തനിക്കു തരാനുള്ള സ്ത്രീധനം ഒരിക്കലും തന്നു തീർക്കാനാവില്ല എന്നു മനസ്സിലായ അയാൾ സഹോദരനുമായി ചേർന്ന് അതിനൊരു ഉപായം കണ്ടെത്തി. ഭാര്യയുടെ വൃക്ക വിറ്റ് പണം വസൂലാക്കി. വർഷങ്ങൾക്കു ശേഷമാണ് ഭർത്താവ് തന്നോടു ചെയ്ത ചതി ഭാര്യ തിരിച്ചറിഞ്ഞതും പൊലീസിൽ പരാതിപ്പെട്ടതും.
പശ്ചിമ ബംഗാളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 28 വയസ്സുകാരിയായ റിത സർക്കാർ ഭർത്താവിന്റെ ചതി മനസ്സിലാക്കി പൊലീസിൽ പരാതിപ്പെട്ടതോടുകൂടിയാണ് സംഭവം പുറംലോകമറിഞ്ഞത്. 2005 ലാണ് ബിശ്വജിത് സർക്കാർ റിതയെ വിവാഹം കഴിച്ചത്. അന്നു റിതയുടെ വീട്ടുകാരോട് അയാൾ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുന്നത് അയാൾ പതിവാക്കിയിരുന്നു.
രണ്ടുവർഷം മുമ്പ് റിതയ്ക്ക് കഠിനമായ വയറുവേദനയുണ്ടാവുകയും ഭർത്താവ് അവരെ കൊൽക്കത്തയിലുള്ള ഒരു സ്വകാര്യ നഴ്സിങ്ഹോമിൽ കൊണ്ടുപോവുകയും ചെയ്തു. പരിശോധനയിൽ യുവതിക്ക് അപ്പെൻഡിക്സ് ആണെന്നു കണ്ടെത്തിയെന്നും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്താൽ സുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ യുവതിയോടു പറഞ്ഞു. അങ്ങനെ ശസ്ത്രക്രിയ നടക്കുകയും ചെയ്തു. ശസ്ത്രക്രിയയുടെ കാര്യം ആരോടും പറയരുതെന്ന് അയാൾ റിതയോടു പറഞ്ഞു.
എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം നാളുകൾ കഴിഞ്ഞിട്ടും റിതയുടെ വയറുവേദനയ്ക്ക് യാതൊരു കുറവുമുണ്ടായില്ല. കരഞ്ഞുകാലു പിടിച്ചിട്ടും ഭർത്താവ് ആശുപത്രിയിൽക്കൊണ്ടു പോകാൻ തയാറായതുമില്ല. തുടർന്ന് സ്വന്തം മാതാപിതാക്കളെക്കൂട്ടി ഉത്തരബംഗാളിലെ മെഡിക്കൽ കൊളേജിലേക്ക് പോയ റിത അവിടെ നടത്തിയ പരിശോധനയിലാണ് തന്റെ ഒരു വൃക്ക നഷ്ടപ്പെട്ടുവെന്ന സത്യം തിരിച്ചറിയുന്നത്.
മറ്റൊരു സ്വകാര്യ ആശുപത്രിയിൽക്കൂടിപ്പോയി സത്യം ഉറപ്പിച്ച ശേഷമാണ് റിത ഭർത്താവിനെതിരെ പൊലീസിൽ പരാതിപ്പെട്ടത്. ''ഈ സംഭവങ്ങളെല്ലാം കൂട്ടിവായിച്ചപ്പോഴാണ് എന്തിനാണ് ശസ്ത്രക്രിയയുടെ കാര്യം ഒളിപ്പിച്ചുവെയ്ക്കാൻ ഭർത്താവ് നിർബന്ധിച്ചതെന്ന് എനിക്കു മനസ്സിലായത്. ഞാനും കുടുംബവും വിചാരിച്ചാൽ അദ്ദേഹം ആവശ്യപ്പെട്ട സ്ത്രീധനത്തുക ഒരിക്കലും നൽകാൻ സാധിക്കില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ ചതിയിലൂടെ അയാൾ എന്റെ വൃക്ക തട്ടിയെടുത്തു വിറ്റു''.- റിത പറയുന്നു.
സംഭവത്തെത്തുടർന്ന് മൂർഷിദാബാദിൽ വസ്ത്രവ്യാപാരം നടത്തുന്ന ബിശ്വജിത്തിനെയും സഹോദരൻ ശ്യാമളനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലുള്ള ഒരു ബിസിനസ്സുകാരനാണ് വൃക്ക വിറ്റതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ബിശ്വജിത്തിനും റിതക്കും 11വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും വിവാഹശേഷം വർഷങ്ങളായി അവർ സ്ത്രീധനപീഡനമനുഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
യുവതിയുടെ വൃക്ക വിൽക്കാൻ പ്രതികളെ സഹായിച്ച കൊൽക്കത്തയിലെ നഴ്സിങ് ഹോമിൽ റെയ്ഡ് നടത്തിയെന്നും അവയവക്കടത്തുമാഫിയയുമായി ആ സ്ഥാപനത്തിനു ബന്ധമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.