ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തവും പുരോഗമനപരവുമായ നിലപാടു കൈക്കൊണ്ടു ശ്രദ്ധയനായിട്ടുള്ള കാനഡ പ്രധാനമന്ത്രി അത്ര ഗൗരവമില്ലാതെ പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്നു. സ്ത്രീത്വത്തോട് െഎക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും സ്ത്രീത്വത്തോടുള്ള തന്റെ പ്രതിബദ്ധത ഉറപ്പാക്കാനുമെന്നമട്ടില്‍ അദ്ദേഹം പറഞ്ഞ അഭിപ്രായത്തെ പരിഹാസത്തോടു വരവേല്‍ക്കുന്നു പലരും. അഭിപ്രായം തമാശമട്ടില്‍ പറഞ്ഞതാണെന്നും അതിനു വലിയ ഗൗരവം കൊടുക്കണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഒരു സദസ്സിലുള്ളവരോടു സംസാരിക്കുന്നതിനടെയാണ് ചോദ്യം ചോദിച്ച യുവതിയെ ഒരു വാക്കിന്റെ അപര്യാപ്തതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടു തിരുത്താന്‍ ട്രൂഡോ ആവശ്യപ്പെട്ടത്. മാതൃസ്നേഹത്തിന്റെ അസാധാരണ കരുത്തിനെക്കുറിച്ചായിരുന്നു സദസ്സിലുണ്ടായിരുന്ന സ്ത്രീ സംസാരിച്ചത്. മാതൃസ്നഹം മനുഷ്യവര്‍ഗത്തിന്റെ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു അവര്‍.
പെട്ടെന്നുതന്നെ ഈ വാചകത്തോടു ട്രൂഡോ പ്രതികരിച്ചു. മനുഷ്യവര്‍ഗം എന്നു സൂചിപ്പിക്കാന്‍ ‘ മാന്‍കൈന്‍ഡ്’ എന്ന ഇംഗ്ലിഷ് വാക്കുകളുപയോഗിക്കുമ്പോള്‍ അതു പുരുഷന്‍മാരെക്കുറിച്ചു മാത്രമാണെന്നു തോന്നാന്‍ ഇടയില്ലേ. അതുകൊണ്ട് മാന്‍കൈന്‍ഡ് എന്ന വാക്കിനുപകരം പീപ്പിള്‍കൈന്‍ഡ് എന്നുപയോഗിക്കൂ എന്നായിരുന്നു ട്രൂഡോയുടെ ഉപദേശം. പീപ്പിള്‍കൈന്‍ഡ് എന്ന വാക്കില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ടല്ലോ എന്നു ന്യായീകരിച്ചു പ്രധാനമന്ത്രി.
മാന്‍കൈന്‍ഡ് എന്ന വാക്ക് സ്ത്രീകളെ പരിഹസിക്കുന്നതോ അവരെക്കൂടി ഉള്‍ക്കൊള്ളാത്തതോ അല്ല എന്നാണ് ട്രൂഡോയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്ത്രീ എഴുത്തുകാരിയാണ് ആ വാക്ക് പ്രയോഗത്തില്‍ കൊണ്ടുവന്നതുതന്നെ. ഫെമിനിസ്റ്റ് ചര്‍ച്ചകളില്‍ കടുത്ത പുരുഷവിദ്വേഷികള്‍ പോലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചു പറയാന്‍ മാന്‍കൈന്‍ഡ് എന്ന വാക്ക് ഉപയോഗിക്കാറുമുണ്ട്. അന്നൊന്നുമില്ലാത്തരീതിയില്‍ ഇന്ന് എന്തിനാണ് ട്രൂടോ വിമര്‍ശനം ഉന്നയിക്കുന്നത് എന്നും അവര്‍ ചോദിക്കുന്നു.
ഒരു കുറ്റവും കാണാത്തയിടത്തുപോലും കുറ്റവും കുറവും കാണാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു പറയുന്നു ഓസ്ട്രലിയന്‍ കമന്ററ്ററായ റിത പനാഹി.
ട്രൂഡോയെ വിവാദത്തിലക്കു വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നാണ് മറ്റു ചിലര്‍ വാദിക്കുന്നത്. സ്ത്രീശക്തിയെക്കുറിച്ചു വലിയ തോതില്‍ വാദിച്ച ഒരു സ്ത്രീയെ യാഥാര്‍ഥ്യത്തിലക്കു മടക്കിക്കൊണ്ടുവാരാനാണു പ്രധാനമന്ത്രി ശ്രമിച്ചതെന്നു വാദിക്കുന്നു ടൊറന്റോ സ്റ്റാര്‍ റിപോര്‍ടര്‍ ഡാനിയല്‍ ഡല്‍.