79 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്‍മാരും പറയുന്നു; വീട്ടില്‍ ഒരു പെണ്‍കുഞ്ഞെങ്കിലും വേണം

സമൂഹത്തിനു വഴി കാണിക്കേണ്ടത് അറിവും വിദ്യാഭ്യാസവുമുള്ളവര്‍ എന്നതാണു പൊതുധാരണ. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും മറ്റുള്ളവർ അവരുടെ മാതൃക പിന്തുടരുന്നു ‍. അപൂര്‍വമായെങ്കിലും ഈ പൊതുധാരണയെ ലംഘിക്കുന്ന പ്രവണതകളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ കുടുംബാരോഗ്യ സര്‍വേയിലെ ഒരു കണ്ടെത്തല്‍ ഈ നിഗമനത്തെ ശരിവയ്ക്കുന്നു. വിദ്യാഭ്യാസമുള്ള, ഉന്നത നിലയില്‍ ജീവിക്കുന്നവരേക്കാളും സമൂഹത്തിലെ താഴേക്കിടയിലുള്ളവരാണ് വീട്ടില്‍ ഒരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്നത് എന്നാണു വെളിപ്പെടുത്തല്‍. 

എന്നുമെന്നപോലെ ഇന്നും ചര്‍ച്ച പെണ്‍കുട്ടികളെക്കുറിച്ചാണ്. ഒരുവശത്തു പീഡനവും പീഡനശ്രമങ്ങളും അവസാനമില്ലാതെ തുടരുന്നു. മറുവശത്ത് സ്ത്രീ-പുരുഷ ഭേദമില്ലാതെ പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്നു. അവര്‍ സമൂഹത്തിന്റെ സ്വത്താണെന്നും െഎശ്വര്യമാണെന്നും വാഴ്ത്തിപ്പറയുന്നു. ഈ കോലാഹലങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമിടയിലാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വേ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീപുരുഷന്‍മാരില്‍ ഭൂരിപക്ഷവും വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടാകാന്‍ ആഗ്രഹിക്കുന്നു എന്നു സര്‍വേ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ പിന്തുണച്ചതില്‍ കൂടുതല്‍ ആളുകള്‍ പെണ്‍കുട്ടികള്‍ക്കുവണ്ടി രംഗത്തുവന്നിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

15 -49 വയസ്സിനിടെ പ്രായമുള്ള 79 ശതമാനം സ്ത്രീകളും 15-54 വയസ്സുകാരായ 78 ശതമാനം പുരുഷന്‍മാരും വീട്ടില്‍ ഒരു പെണ്‍കുട്ടിയെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നു. പിന്നാക്ക വര്‍ഗ‍-വിഭാഗത്തില്‍പെട്ടവര്‍, താഴ്ന്ന വരുമാനക്കാര്‍ എന്നിവരാണ് ഉയര്‍ന്ന വരുമാനമുള്ളവരേക്കാളും വിദ്യാഭ്യാസമുള്ളവരേക്കാളും പെണ്‍കുട്ടിക്കു വേണ്ടി ആഗ്രഹിക്കുന്നത്. 

2005-06 കാലത്തായിരുന്നു മുന്‍ സര്‍വേ നടന്നത്. അന്നത്തേക്കാളും കൂടുതൽപേർ വീട്ടില്‍ പെണ്‍കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് കണ്ണുതുറന്നു കാണണ്ട വസ്തുത.74 ശതമാനം സ്ത്രീകളും 65 ശതമാനം പുരുഷന്‍മാരുമായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി രംഗത്തുവന്നിരുന്നത്. വസ്തുത ഇതാണെങ്കിലും ഇന്നും ആണ്‍മക്കളോടുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയം അവസാനിച്ചിട്ടില്ല. നഗരവാസികളേക്കാളും ഗ്രാമീണ സ്ത്രീകളാണു പെണ്‍കുട്ടികള്‍ക്കുവേണ്ടി വാദിക്കുന്നത്. 12-ാം ക്ലാസ് വിജയിച്ചവരേക്കാളും ഒരു വിദ്യാഭ്യാസവുമില്ലാത്തവര്‍ പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ സ്വത്താണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. 

ന്യൂനപക്ഷ സമുദായത്തില്‍ 81 ശതമാനം സ്ത്രീകള്‍ പെണ്‍കുട്ടികളെ സ്നേഹിക്കുന്നു. ബുദ്ധമതാനുയായികളില്‍ ഇത് 79 ശതമാനം. ഹിന്ദുക്കളിലും 79 ശതമാനം പേര്‍തന്നെ പെണ്‍കുട്ടികള്‍ കുടുംബത്തില്‍ വേണമെന്ന അഭിപ്രായക്കാര്‍. പുരുഷന്‍മാരുടെ കാര്യമെടുത്താലും ഇതുതന്നെ അനുപാതം. എല്ലാ വിഭാഗത്തിലുമായി നോക്കിയാല്‍  82 ശതമാനം സ്ത്രീകളും 83 ശതമാനം പുരുഷന്‍മാരും വീടുകളില്‍ ആണ്‍കുട്ടിയുണ്ടാകണം എന്നാഗ്രഹിക്കുന്നവരാണ്.

19 ശതമാനം സ്ത്രീ പുരുഷന്‍മാര്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ വേണമെന്നും ആഗ്രഹിക്കുന്നു. വെറും മൂന്നര ശതമാനം പേര്‍ മാത്രം വീട്ടില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍  ബിഹാര്‍,  ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടി കൂടുതലായി വാദിക്കുന്നത്.