ടിക്കറ്റ് കളക്ടർ മുതൽ റെയിൽവെ സൂപ്രണ്ട് വരെ സ്ത്രീകൾ; ഗാന്ധിനഗർ റെയിൽവേസ്റ്റേഷൻ ഇനി സ്ത്രീകൾ നിയന്ത്രിക്കും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെ വനിതാജീവനക്കാർ മാത്രം. ഫെബ്രുവരി 19 മുതൽ ജയ്പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിലെ ചുമതലകൾ 40 ഓളം വനിതാജീവനക്കാരുടെ കൈകളിൽ ഭദ്രമാണ്. സ്റ്റേഷൻ മാസ്റ്ററും അന്വേഷണ കൗണ്ടറിലെ ഉദ്യാഗസ്ഥരും സ്റ്റേഷനിലെ സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം സ്ത്രീകളാണ്. സ്ത്രീ ജീവനക്കാർ നിയന്ത്രിക്കുന്ന രാജ്യത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷന് ഏറെ പ്രത്യേകതകളുണ്ട്.

ജയ്പൂരിനും ഡെല്‍ഹിക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനിലൂടെ നിത്യവും ചരക്കുതീവണ്ടി ഉല്‍പ്പടെ അമ്പതോളം ട്രെയിനുകള്‍ കടന്നുപോകുന്നുണ്ട്. ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് ആന്‍ഡ് ദ് മഹാരാജാസ് എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങി 25 ട്രെയിനുകള്‍ക്ക് ഗാന്ധിനഗറില്‍ സ്റ്റോപ്പുണ്ട്. എല്ലാ ദിവസവും ഏഴായിരത്തിലധികം യാത്രക്കാർ ഇവിടുത്തെ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

ട്രെയിന്റെ സഞ്ചാരപാതയുടെ അടിസ്ഥാനത്തില്‍ ട്രാക്കുകളുടെ നിര്‍ണ്ണയം നടത്തുന്നത് ഉള്‍പ്പടെ ടിക്കറ്റ് വിതരണം തുടങ്ങി എല്ലാ ജോലികളും സ്ത്രീ ജീവനക്കാരാണ് ചെയ്യുന്നത്. സ്ത്രീ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്.) പതിനൊന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരെ റെയിൽവേ സ്റ്റേഷനു സമീപമുള്ള പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ട്.

യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ട്രെയിനാകട്ടെ ചരക്കു വണ്ടിയാകട്ടെ ഞങ്ങളെ സംബന്ധിച്ച് എല്ലാ ട്രെയിനുകളും പ്രധാനപ്പെട്ടതു തന്നെയാണ്. സുരക്ഷിതമായ ട്രെയിൻയാത്ര ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം സ്റ്റേഷൻ മാസ്റ്റർ ഏഞ്ചൽ സ്റ്റെല്ല പറയുന്നു.