കല്ലറയിൽ നിന്ന് ജീവനോടെ പുറത്തെത്താൻ അവൾ ശ്രമിച്ചത് 11 ദിവസം; പക്ഷേ

Photo Credit: Globo G1.

തുടർച്ചയായ രണ്ടു ഹൃദയാഘാതങ്ങൾ മാത്രം മതിയായിരുന്നു ബന്ധുക്കൾക്ക്അവളുടെ മരണമുറപ്പിക്കാൻ. അവളുടെ ശരീരം വിട്ട് പ്രാണൻ പോയി എന്നു തീർച്ചപ്പെടുത്തിത്തന്നെയാണ് ബന്ധുക്കൾ മതാചാരപ്രകാരം അവളെ അടക്കം ചെയ്തത്. പക്ഷേ കെട്ടുകഥയേക്കാൾ ഭീകരമായ സംഭവങ്ങൾക്കാണ് അവളുടെ കുടുംബം പിന്നീട് സാക്ഷികളായത്. ബ്രസീൽ സ്വദേശിനിയായ അൽമെഡ സാന്റോസ് എന്ന യുവതിയുടെ മരണമാണ് ഒരു കടങ്കഥയായി തുടരുന്നത്.

യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് അലറിക്കരച്ചിലും ഞരക്കവും മൂളലുമൊക്കെ കേൾക്കുന്നു എന്ന പരാതി സമീപവാസികളാരോ ആണ് കുടുംബത്തെ അറിയിച്ചത്. പക്ഷേ ആദ്യമൊക്കെ വെറും ഊഹാപോഹങ്ങളായി അവർ അതിനെത്തള്ളി. എന്നാൽ ആളുകളുടെ പരാതിപറച്ചിൽ സഹിക്കാൻ വയ്യാതെ യുവതിയെ അടക്കം ചെയ്ത് 11–ാം ദിവസം ബന്ധുക്കൾ ചേർന്ന് കല്ലറ തുറന്നു.

അത്യധികം വിചിത്രവും ഭയമുളവാക്കുന്നതുമായ കാഴ്ചകളാണ് ബന്ധുക്കൾ കല്ലറയിൽ കണ്ടത്. ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ നെറ്റിയിലും കൈകളിലും നിറയെ മുറിവുകളുമുണ്ടായിരുന്നു. നഖങ്ങളും വിരലുകളും അടർന്നു മാറിക്കിടപ്പുണ്ടായിരുന്നു. അതോടെയാണ് ബന്ധുക്കൾക്കളുടെ മനസ്സിൽ ആ സംശയം മുളപൊട്ടിയത്. ഇനി തങ്ങൾ അവളെ അടക്കിയത് ജീവനോടെയായിരിക്കുമോ? ജീവന്റെ നേരിയ മിടുപ്പുകൾ സ്വയം തിരിച്ചറിഞ്ഞപ്പോൾ അവൾ രക്ഷപെടാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണോ അത്തരത്തിലുള്ള മുറിവുകൾ അവളുടെ ശരീരത്തിലുണ്ടായത്.

കല്ലറപൊളിച്ച് മൃതദേഹമെടുക്കുമ്പോൾ ചൂടുണ്ടായിരുന്നു എന്നാണ് ചിലർ വാദിക്കുന്നത്. വാദങ്ങളും കഥകളും പ്രചരിക്കുമ്പോൾ കല്ലറയ്ക്കുള്ളിൽ നിന്ന് കേട്ട നിലവിളി മകളുടേതാണെന്നു വിശ്വസിക്കുകയാണ് യുവതിയുടെ അമ്മ. ആരെങ്കിലും തന്നെ വന്നു രക്ഷപെടുത്തുമെന്നു വിചാരിച്ചാവും കല്ലറയ്ക്കുള്ളിലിരുന്ന് അവൾ നിലവിളിച്ചത്. കല്ലറക്കുള്ളിൽ നിന്നെടുത്ത മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അതുവരെ ഊഹാപോഹങ്ങൾ നിർത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.