നവജാതശിശുമരണനിരക്ക് ഏറ്റവും കൂടുതൽ പാക്കിസ്ഥാനിൽ; കാരണം?

പ്രതീകാത്മക ചിത്രം.

നവജാതശിശുക്കളുടെ ജീവന് ഏറ്റവും ഭീഷണിയുള്ള രാജ്യം പാക്കിസ്ഥാനെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്. ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 46 കുട്ടികളും  മരണമടയുന്നതാണ് ഇങ്ങനെയൊരു പട്ടികയില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടാന്‍ കാരണം. മിഡ് വൈവ്‌സിന്റെ കുറവാണ് തങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ഡോ. ഗാസ്‌നാ ഖാലിദ് പറയുന്നു. 

'ഒഴിവാക്കാനാവുന്നവയാണ് ഈ ശിശുമരണങ്ങളിലേറെയും. എന്നാല്‍  ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു'. ഡോക്ടര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ശിശുമരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം. അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തുണ്ട്.  സമയമെത്തുന്നതിന് മുമ്പുള്ള പ്രസവം, ഓക്‌സിജന്റെ അഭാവം, ന്യൂമോണിയ, സെപ്‌സിസ് എന്നിവയാണ് ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണം. 

 ജപ്പാന്‍, ഐസ്‌ലന്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് അതിജീവന സാധ്യത വളരെ കൂടുതലാണ്. ജനനസമയത്ത് കൃത്യമായ രീതിയിലുള്ള നല്ല സേവനം നൽകിയാല്‍  ലോകത്തിലുള്ള 3 മില്യന്‍ കുട്ടികളെയെങ്കിലും ജനനസമയത്തുള്ള മരണങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് യുനിസെഫ് വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും 2.6 മില്യന്‍ നവജാതശിശുക്കള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മരിക്കുന്നുണ്ട്. അതില്‍ ഒരു മില്യൺ കുട്ടികളും ജനനസമയത്ത് തന്നെ മരണമടയുന്നു. പരിശീലനം സിദ്ധിച്ച നല്ല മിഡ് വൈവ്‌സ്മാരുണ്ടെങ്കില്‍ ശിശുമരണനിക്ക് വളരെയധികം കുറയ്ക്കാന്‍ കഴിയുമെന്നാണ് യുനിസെഫ് പറയുന്നത്. അതുപോലെ ശുദ്ധജലം, ആദ്യമണിക്കൂറില്‍ തന്നെ  മുലപ്പാല്‍ നൽകൽ‍, പോഷകങ്ങള്‍ എന്നിവയും മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അവർ പറയുന്നു.