ആകാശത്ത് സ്വപ്നനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിത

നേട്ടങ്ങളേറെയുണ്ട് ഭൂമിയില്‍ വനിതകളുടേതായിട്ട്. ഒഴിവാക്കാനും അവഗണിക്കാനും മാറ്റിനിര്‍ത്താനും ശ്രമങ്ങളേറെയുണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് രചിച്ച ചരിത്രനേട്ടങ്ങള്‍. വേലിക്കെട്ടുകള്‍ ഒന്നൊന്നായി പൊളിച്ചുമാറ്റി സ്ഥാപിച്ചെടുത്ത വിജയങ്ങളുടെ കഥകള്‍. ഇപ്പോഴിതാ ആകാശത്തുവച്ച് ഒരു സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുന്നു ഒരു ഇന്ത്യന്‍ വനിത: അവ്നി ചതുര്‍വേദി. 

ഒരു പോര്‍വിമാനം ആദ്യമായി ഒറ്റയ്ക്കു പറത്തിയാണ് അവ്നി ചരിത്രം രചിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരാണു വിവരം പുറത്തുവിട്ടത്. മിഗ്-21 എന്ന പോര്‍വിമാനത്തിലായിരുന്നു ആവണിയുടെ തനിച്ചുള്ള ചരിത്രപ്പറക്കല്‍. ജാംനഗര്‍ വ്യോമസേനാ ആസ്ഥാനത്തുനിന്നുമായിരുന്നു അവ്നി പറക്കാന്‍ തുടങ്ങിയത്. 

അവ്നി ചതുര്‍വേദി മറ്റു രണ്ടു വനിതാ വ്യോമസേനാ ഓഫിസര്‍മാരായ ഭാവനാ കാന്തിനും മോഹന സിങ്ങിനുമൊപ്പം പോര്‍വിമാനങ്ങള്‍ പറത്താനുള്ള നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പോര്‍വിമാനങ്ങളുടെ പൈലറ്റുമാരായി വനിതകളെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചതിനെത്തുടര്‍ന്നു 2016 ജൂലൈയിലാണു മൂന്നു യുവതികളും വ്യോമസേന ഓഫീസര്‍മാരായി മാറിയതും പരിശീലനം തുടങ്ങിയതും. 

ഇന്ത്യന്‍ വ്യോമസേന മറ്റു മൂന്നു വനിതകളെക്കൂടി പൈലറ്റുമായി സേനയിലെടുത്തിട്ടുണ്ട്. അവരും ഉടന്‍തന്നെ കടുത്ത പരിശീനം തുടങ്ങും. ആകാശത്തെ വനിതകളുടെ അഭിമാനപ്പറക്കല്‍ ഇനിയും തുടരും എന്നുതന്നെ ഉറപ്പിക്കാം.