എഴുതിവയ്ക്കപ്പെട്ട ചരിത്രത്തിന്റെ പാരമ്പര്യവഴികളെ എതിര്‍ത്തുതോൽപ്പിക്കുന്ന പെണ്‍കരുത്തിന്റെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും കഥകള്‍ ഇന്ന് പുത്തരിയൊന്നുമല്ല. ആണ്‍മേല്‍ക്കോയ്മയുടെ കൊടുമുടികളെ തെല്ലൊരു പുച്ഛത്തോടെയും നെഞ്ചുവിരിച്ചുള്ള ആത്മാഭിമാനത്തോടെയും കീഴടക്കാന്‍ കരുത്തരായ ചില സ്ത്രീകള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്.
പുരുഷന്‍ വരച്ചുവയ്ക്കുന്ന ലക്ഷണരേഖയുടെ അതിരുകളെ ആര്‍ജ്ജവത്തോടെ ഭേദിച്ചുകൊണ്ടാണ് അവര്‍ ഈ വിജയങ്ങളെല്ലാം നേടിയെടുത്തത്. പുരുഷന് മാത്രമെന്ന് ക്ലിപ്തപ്പെടുത്തിവച്ചിരുന്ന പല മേഖലകളെയും കീഴടക്കി ആത്മവിശ്വാസത്തിന്റെ വിജയക്കൊടികള്‍ നാട്ടിയ ഏതാനും സ്ത്രീകളെ പരിചയപ്പെടുന്നത് ഉള്ളിലെ പെണ്‍കരുത്തിന് ബലം കൂട്ടാന്‍ ചിലപ്പോള്‍ സഹായകമായേക്കാം.
ഹോമയ് വ്യാരവാല അക്ഷരങ്ങളിലുടെയുള്ള പോരാട്ടത്തിലും അക്ഷരങ്ങള്‍കൊണ്ടുള്ള വ്യാപാരത്തിലും വിജയക്കൊടി പാറിച്ച ഈ സ്ത്രീ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫൊട്ടോജേണലിസ്റ്റാണ് .കോര്‍നേലിയ സോറാബ്ജി നിയമരംഗങ്ങളില്‍ പുരുഷന്റെ കുത്തകയെ പൊളിച്ചടുക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായിത്തീര്‍ന്ന സ്ത്രീ. സുരേഖ യാദവ് അലറിക്കുതിച്ചുപായുന്ന ട്രെയിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരു സ്ത്രീയെ നമുക്ക് സങ്കൽപ്പിക്കാന്‍ കഴിയുമോ. ആ സങ്കൽപ്പം യാഥാർഥ്യമാക്കിയത് സുരേഖയാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ ഡ്രൈവര്‍.
ദുര്‍ബാ ബാനര്‍ജി ആകാശമേഘങ്ങളെ തഴുകിയും തുളച്ചും കടന്നുപോകുന്ന വിമാനം ഈ കരങ്ങളില്‍ ഭദ്രമായിരുന്നു. ഇവര്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ്.
ടെസി തോമസ് സമീപകാലത്തെ നേട്ടം കൊണ്ട് ഒരുപക്ഷേ ഈ പേരും മുഖവും നമുക്ക് പരിചിതമായിരിക്കാം. ഇന്ത്യയിലെ മിസൈല്‍ പ്രോജക്ടിന്റെ തലപ്പത്തെത്തിയ ആദ്യ വനിതാ എന്‍ജീനിയര്‍. സരിതഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായി ചേര്‍ന്നതിലൂടെ വളയിട്ട കൈകളില്‍ വളയവും സുരക്ഷിതമാണെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ബസ് ഡ്രൈവറായി.
ബച്ചേന്ദ്രി പാല്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ സ്ത്രീ. ഇഷാ ബസന്ത് ജോഷി ഇന്ത്യയുടെ ആദ്യത്തെ വനിതാ ഓഫീസറായിരുന്നു ഇഷ.
ബെനോ സെഫൈന്‍ എന്‍എല്‍ സ്ത്രീ അന്ധകൂടിയാകുമ്പോള്‍ അവളുടെ വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വീണ്ടും മങ്ങലേൽക്കുമോ? ആ പൊതുധാരണയെ തിരുത്തിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ IFS അന്ധവനിതാ ഓഫീസറായി ഈ സ്ത്രീ ചരിത്രം തിരുത്തിയത്.
തീരെ ചെറിയ വിജയങ്ങളൊന്നുമല്ല ഈ സ്ത്രീകള്‍ നേടിയെടുത്തത്. സ്വപ്‌നം കാണാനുള്ള കഴിവും അത് സ്വന്തമാക്കാനുള്ള പ്രയത്‌നവുമാണ് ഇവര്‍ക്ക് ചരിത്രത്തിലിടം നൽകിയത്. അല്ലായിരുന്നുവെങ്കില്‍ അറിയപ്പെടാതെ പോകുന്ന കോടിക്കണക്കിന് സ്ത്രീകളില്‍ ഒരാള്‍ മാത്രമായി ഇവര്‍ ഒതുങ്ങിപ്പോകുമായിരുന്നു. ലഭിക്കാതെ പോകുന്ന വിജയങ്ങളെ പ്രതി മറ്റുള്ളവരുടെ നേരെ വിരല്‍ചൂണ്ടാതെ സ്വയം പ്രയത്‌നിക്കുക. അതാണ് നിങ്ങളുടെ മുൻപിലുള്ള വെല്ലുവിളി. അതുതന്നെയാണ് വിജയിക്കാനുള്ള നിങ്ങളുടെ വഴിയും