വിവാഹം കഴിഞ്ഞിട്ട് ഏഴുദിവസം; വിവാഹമോചനം തേടി ഭർത്താവ്, കാരണം വിചിത്രം

ഒരായുസ്സിലേക്കുള്ള കൂട്ടുതേടിയാണ് പലരും വിവാഹം കഴിക്കുന്നത്. ഇനിയുള്ള ജീവിതം അതു സന്തോഷമായാലും സങ്കടമായാലും ഒന്നിച്ചു തന്നെ എന്നുറച്ച് മരണം വരെ ജീവിക്കുന്നവർ ഇന്ന് വിരളമാണ്. നിസ്സാരകാരണങ്ങൾ പറഞ്ഞാണ് ഇന്ന് പലരും വിവാഹജീവിതം അവസാനിപ്പിക്കുന്നത്. വിവാഹശേഷം ഏഴാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന്റെ കഥയും വ്യത്യസ്തമല്ല.

വിവാഹശേഷം ഭാര്യയേയുംകൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ അയാൾ പോയത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. എന്നാൽ ഹണിമൂൺ കാലഘട്ടമായിട്ടുപോലും ഭാര്യ തന്നോടു സഹകരിച്ചില്ലെന്നാണ് ഭർത്താവിന്റെ പരാതി. ഒന്നു തൊടാനോ കൂടെയുറങ്ങാനോ പോലും ഭാര്യ വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിവാഹമോചനം വേണമെന്ന കടുത്ത നിലപാട് ഭർത്താവ് സ്വീകരിച്ചത്. ഉഭയസമ്മതം പ്രകാരം തങ്ങൾക്കിടയിൽ ഒരിക്കലും ലൈംഗിക ജീവിതം ഉണ്ടാവുകയില്ലെന്നും അതുകൊണ്ടാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി താൻ കോടതിയെ സമീപിച്ചതെന്നുമാണ് ഭർത്താവിന്റെ വിശദീകരണം.

ഭാര്യയുടെ പ്രത്യേകരീതിയിലുള്ള സ്വഭാവരീതി മൂലം ഹണിമൂൺ യാത്ര പാതിവഴിയിലുപേക്ഷിച്ച് അദ്ദേഹം ദുബായിയിലേക്ക് മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാൽ ഭർത്താവ് അറുപിശുക്കനാണെന്നും തനിക്കുവേണ്ടി കാശു ചിലവാക്കുന്നതിന് അയാൾ വിമുഖത കാട്ടുന്നുവെന്നുമാണ് ഭാര്യയുടെ  ആരോപണം. ഇരുവരുടെയും വാദംകേട്ട ശേഷം ഫാമിലി കൗൺസിലറുടെ അടുത്തേക്ക് കോടതി ദമ്പതികളെ അയച്ചു.

കേവലം 7 പകലുകളും 6 രാത്രികളും കൊണ്ട് ദാമ്പത്യബന്ധം അവസാനിപ്പിക്കണോയെന്നും ഒരു റൊമാന്റിക് വെക്കേഷൻ ആസ്വദിക്കുന്നതിനു പകരം വേർപിരിയുന്നതു ശരിയാണോ എന്നുമൊക്കെയുള്ള ഉപദേശങ്ങൾ ദമ്പതികൾ ചെവിക്കൊണ്ടില്ല. ഈ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് രണ്ടുവീട്ടുകാരും ഉറച്ച നിലപാടെടുത്തതോടെ ഇവർക്ക് നിയപരമായി വിവാഹമോചനം നേടാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.