യൂണിവേഴ്സിറ്റി പരീക്ഷയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടി ഒരമ്മ; ലോകം കൈയടിച്ച ചിത്രം

കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളിൽ പടർന്ന ഒരു ചിത്രത്തിന് ഹൃദയം നിറഞ്ഞു കൈയടിക്കുകയാണ് ലോകം. പരീക്ഷയും മാതൃത്വവും ഒരു ചോദ്യചിഹ്നമായി മുന്നിൽ നിന്നപ്പോൾ വിദ്യാർഥിനിയായ അമ്മയെടുത്ത ധീരമായ ഒരു തീരുമാനത്തിന്റെ കഥപറയുന്ന ചിത്രമാണ് തരംഗമായിരിക്കുന്നത്. 25 വയസ്സുകാരിയായ ജഹാൻ താബ് ആണ് ചിത്രത്തിലെ അമ്മ.

അഫ്ഗാൻ സ്വദേശിനിയായ ജഹാൻ യൂണിവേഴ്സിറ്റി പരീക്ഷയെഴുതുന്നതിനിടെയാണ് അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞ് വിശന്നു കരയാൻ തുടങ്ങിയത്. പരീക്ഷയും മാതൃത്വും ഒരു വെല്ലുവിളിയായി മുന്നിൽ നിന്നപ്പോൾ പരീക്ഷാഹാളിലെ സൂപ്പർവൈസറുടെ സമ്മതത്തോടെ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് അവർ പരീക്ഷയെഴുതി.

പരീക്ഷാഹാളിലെ തറയിലിരുന്ന് കുഞ്ഞിനെ പാലൂട്ടിക്കൊണ്ട് പരീക്ഷയെഴുതിയ ജഹാന്റെ ചിത്രം പങ്കുവെച്ചത് പരീക്ഷാഹാളിന്റെ മേൽനോട്ടച്ചുമതലയുള്ള യാഹ്യ ഇർഫാനാണ്. നില്ലിസിറ്റിയിലെ നസിർക്ക്ഹൊസാരൊ ഹയർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സോഷ്യൽസ്റ്റഡീസ്കോഴ്സിനുവേണ്ടിയുള്ള കന്‍കോർ എന്ന പ്രവേശനപ്പരീക്ഷ എഴുതാനെത്തിയതായിരുന്നു ജഹാൻ.

ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ആളുകൾ ഈ അമ്മയുടെ ധീരമായ തീരുമാനത്തെ പുകഴ്ത്തുകയാണ് ലോകം. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്നാണ് ചിലർ പറയുമ്പോൾ ഇത് ഒരമ്മയുടെ വിജയത്തിന്റെ ചിത്രമാണെന്നാണ് മറ്റു ചിലർ പറയുന്നത്. ആ വിദ്യാർഥിനിക്കു മുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു ഒന്നുകിൽ യുദ്ധം ചെയ്യുക അല്ലെങ്കിൽ കീഴടങ്ങുക.

അവർ തിരഞ്ഞെടുത്തത് യുദ്ധത്തിന്റെ വഴിയാണ്. സമൂഹത്തിന്റെ സമ്മർദ്ദം മൂലവും ചില സാഹചര്യങ്ങൾ മൂലവും ചിലർക്ക് കീഴടങ്ങേണ്ടി വരാറുണ്ട്. എന്നാൽ കീഴടങ്ങാതെ യുദ്ധം ചെയ്യാനുള്ള അപാരമായ ചങ്കൂറ്റം അവർ കാണിച്ചതുകൊണ്ടാണ് ഇന്നവരെ ലോകം ബഹുമാനിക്കുന്നതും അവർക്കുവേണ്ടി സംസാരിക്കാൻ മനസ്സു കാട്ടുന്നതും.