അമ്മ ഫോണിൽ മുഴുകി,റോഡിൽ കുസൃതി കാട്ടിയ കുട്ടിയെ കാറിടിച്ചു; വിഡിയോ വൈറലായപ്പോൾ കുറ്റം ഡ്രൈവറിന്

ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ പൊലിയാൻ. ഈ സത്യം എല്ലാവർക്കുമറിയാം പക്ഷേ സുഖസൗകര്യങ്ങൾ കൂടിപ്പോയതിന്റെ പേരിലും തിരക്കിന്റെ പേരിലും ചിലർ മനപൂർവം അശ്രദ്ധ കാട്ടുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് അമൂല്യമായ പലതുമാവും. ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു സിസിടിവി ഫൂട്ടേജിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മക്കളുമായി റോഡുമുറിച്ചു കടക്കുമ്പോൾപ്പോലും സ്മർട്ട് ഫോണിൽ നിന്ന് കണ്ണെടുക്കാൻ അമ്മയ്ക്കാവുന്നില്ല. കുട്ടികളിലൊരാൾ സീബ്രാക്രോസിങ്ങിലൂടെ റോഡു മുറിച്ചു കടന്ന് അമ്മയും സഹോദരനുമെത്താൻ കാത്തു നിൽക്കുകയാണ്. അപ്പോഴാണ് അമ്മയ്ക്കൊപ്പം നിന്ന മകന്റെ കുസൃതി അവൻ അമ്മയേക്കാൾ മുമ്പ് റോഡു മുറിച്ചു കടന്ന ശേഷം ബാരിക്കേഡും കടന്ന് റോഡിന്റെ മറുപുറത്തെത്തുന്നു. എന്നിട്ടും അമ്മയും സഹോദരനും ഇപ്പുറത്തെത്താത്തതുകണ്ട് അവൻ തിരികെ അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് ഓടുന്നു.

ഓടിവരുന്ന കുട്ടി ഒരു കാറിന്റെ മുന്നിൽപ്പെടുകയും കാറിടിച്ച് അവൻ താഴെ വീഴുകയും ചെയ്യുന്നു. ഭാഗ്യംകൊണ്ട് അവനു ജീവൻ നഷ്ടപ്പെട്ടില്ല. ഈ ബഹളങ്ങളൊക്കെ കേട്ടപ്പോഴാണ് അമ്മ ഫോണിൽ നിന്ന് കണ്ണെടുത്തതും ഓടി വന്ന് കാറിനു മുന്നിൽ നിന്ന് കുട്ടിയെയെടുത്തതും. ഭാഗ്യംകൊണ്ട് ചെറിയ പരുക്കുകളോടെ കുട്ടി രക്ഷപെട്ടു. 

അമ്മയുടെ അശ്രദ്ധയാണോ കുട്ടിയുടെ കുസൃതിയാണോ കാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണോ അപകടത്തിനു കാരണമായത് എന്നതിനെപ്പറ്റി തർക്കം തുടരുകയാണിപ്പോൾ. പിഴവ് ആരുടെ ഭാഗത്തായിരുന്നാലും കുട്ടിയ്ക്ക് അപകടമൊന്നും പറ്റിയില്ലല്ലോ അതോർത്ത് ആശ്വസിച്ചൂടെ എന്നാണ് ഫൂട്ടേജ് കണ്ടവർ ഒരേപോലെ ചോദിക്കുന്നത്.