മൂന്ന് വർഷം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് മകൻ

അമ്മ മരിച്ച് മൂന്നു വർഷത്തിനു ശേഷവും അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ മകൻ കൂട്ടാക്കിയില്ല. ഒരു നിമിഷം പോലും അമ്മയെ പിരിഞ്ഞിരിക്കാൻ തനിക്കാവില്ലെന്നും അതുകൊണ്ടാണ് മൃതദേഹം സംസ്കരിക്കാത്തത് എന്നുമാണ് സംഭവമറിഞ്ഞെത്തിയ പൊലീസിനോട് മകൻ ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ അത് പച്ചക്കള്ളമാണെന്ന് അധികം വൈകാതെ പൊലീസിന് മനസ്സിലായി.

കൊൽക്കത്തയിലാണ് സംഭവം. വീടിനുള്ളിൽ നിന്ന് രാസവസ്തുക്കളുടെ തീഷ്ണഗന്ധമുയരുന്നു എന്നു പറഞ്ഞ് അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുടേയും ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ഫ്രീസറിൽ നിന്നും ബിന മസുംദാർ എന്ന വൃദ്ധയുടെ മൂന്നുവർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

ലെതർ ടെക്നോളജി എക്സ്പേർട്ടാണ് മരിച്ച ബിന മസുംദാറിന്റെ മകൻ. അമ്മയുടെ മൃതദേഹം ഫോർമിലിൻ ലായനിയിൽ മുക്കി സൂക്ഷിച്ചതിനെക്കുറിച്ച് 45 വയസ്സുകാരനായ മകൻ സുവബ്രത പറയുന്നതിങ്ങനെ. വർഷങ്ങളായി തുകലുൽപ്പാദന കേന്ദ്രത്തിലായിരുന്നു ജോലി. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ജോലി നഷ്ടപ്പെട്ടു. ഗവൺമെന്റ് സർവീസിൽ ജോലിചെയ്തിരുന്ന അമ്മയ്ക്ക് നല്ലൊരു തുക പെൻഷൻ ലഭിക്കും. അമ്മ മരിച്ചുവെന്നറിയിച്ചാൽ അതും നിന്നു പോകും. പിന്നെ ജീവിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതാവും അതുകൊണ്ടാണ് അമ്മ മരിച്ച വിവരം മറച്ചുവെയ്ക്കാൻ തീരുമാനിച്ചത്.

അമ്മയുടെ മൃതദേഹം മകൻ സൂക്ഷിക്കുന്നതിനെക്കുറിച്ച് തനിക്കറിയാമായിരുന്നുവെന്നും പേടിച്ചിട്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നുമാണ് സുവബ്രതന്റെ അച്ഛൻ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി അച്ഛനേയും മകനേയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അമ്മയുടെ പെൻഷനുവേണ്ടി അവർ മരിച്ചിട്ടും മൃതദേഹം മറവു ചെയ്യാതെ സൂക്ഷിച്ച മകനെക്കുറിച്ച് ആളുകൾ ഞെട്ടലോടെയാണ് കേൾക്കുന്നത്.

സുവബ്രതന്റെ അമ്മ മരിച്ച വിവരം അറിഞ്ഞിരുന്നുവെന്നും സംസ്ക്കാരച്ചടങ്ങുകൾ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് താൻ കരുതിയതെന്നും അയൽക്കാർ പറയുന്നു.സുവബ്രതന് ആരുമായും വലിയ സഹകരണമുണ്ടായിരുന്നില്ലെന്നും അതിനാലാണ് ഇക്കാര്യങ്ങളൊന്നും അറിയാതിരുന്നതെന്നാണ് അവർ പറയുന്നത്. വീട്ടിൽ നിന്നും രാസവസ്തുക്കളുടെ കഠിനമായ ഗന്ധം പുറത്തു വന്നതിൽ സംശയം തോന്നി നാട്ടിലെ ഒരു ചെറുപ്പക്കാരൻ പരാതിപ്പെട്ടതിനെത്തുടർന്നാണ് സംഭവം പൊലീസറിഞ്ഞത്.