സഹോദരിയുടെ ആത്മാവിനുവേണ്ടി പോരാടി; ഒടുവിൽ ശത്രുവിന് മാപ്പുകൊടുത്തവൾ

അകാലത്തിൽ അകന്നുമറഞ്ഞ ഒരാളുടെ ഓർമ്മ നിലനിർത്തി, അവർക്കുവേണ്ടി സംസാരിക്കാനും അവരുടെ ശബ്ദമാകാനും കഴിയുക നിയോഗമാണ്. അപൂർവം പേർ മാത്രം തിരഞ്ഞെടുക്കുന്ന വിധി. 19 വർഷം മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹബന്ധത്തിലേക്ക് ഒരു വെടിയുണ്ട തുളച്ചുകയറിയ നിമിഷം സബ്രിന ലാൽ പുതിയൊരു ജീവിതത്തിനു തുടക്കമിട്ടു.

പിന്നീടവർ സംസാരിച്ചതും  പ്രവർത്തിച്ചതുമെല്ലാം അകാലത്തിൽ തന്നിൽനിന്നു തട്ടിയെടുക്കപ്പെട്ട കൂടപ്പിറപ്പിനുവേണ്ടി. ആ ആത്മാവിനു നീതി ലഭിക്കാനും ഏതു ലോകത്തിലാണെങ്കിലും അവിടെ സ്വസ്ഥമായിരിക്കാനും വേണ്ടുന്നതെല്ലാം ചെയ്യുന്ന സമർപ്പിത ജീവിതം. സ്നേഹത്തിലൂടെയും സമർപ്പണത്തിലൂടെയും തനിക്കു ലഭിച്ച നിമിഷങ്ങളെ തിളക്കമുള്ളതാക്കിയ സബ്രിന അപൂർവമായൊരു പ്രവൃത്തിയിലൂടെ വീണ്ടും മാനവികത ഉയർത്തിപ്പിടിച്ചിരിക്കുന്നു. ആർക്കുവേണ്ടിയാണോ താൻ ജീവിക്കുന്നത് ആ ആത്മാവിനെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട്. 

വിവാദം സൃഷ്ടിച്ച ജസീക്ക ലാൽ വധക്കേസിൽ‌ പ്രതി മനുശർമയെ ജയിലിൽനിന്നു നേരത്തെ വിട്ടയക്കുന്നതിൽ എതിർപ്പില്ലെന്നു ജയിൽ ഓഫിസർക്കു കത്തെഴുതിയാണ്  മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം സബ്രിന ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. മറക്കാനാവില്ല ജസീക്കയെ; സഹോദരിക്കുവേണ്ടി ജീവിച്ച സബ്രിന ലാലിനെയും. ഒരു പതിറ്റാണ്ടു മുമ്പ് ഇന്ത്യാഗേറ്റിന്റെ ചുറ്റുവട്ടത്ത് കത്തിയെരിഞ്ഞ മെഴുകുതിരികൾക്കിടയിൽ കണ്ടു സബ്രിനയുടെ മുഖം. മെഴുകുതിരികൾ ഉയർത്തിപ്പിടിച്ച് അന്ന് സബ്രീനയും കൂട്ടുകാരും ആവശ്യപ്പെട്ടതു നീതി. അകാലത്തിൽ കവർന്നെടുക്കപ്പെട്ട ജസീക്ക ലാലിനുവേണ്ടി. 

വർഷങ്ങളോളം മാധ്യമങ്ങളിൽ  നിറഞ്ഞുനിന്ന ചിത്രമാണു ജസീക്ക ലാലിന്റേത്. ചുറുചുറുക്കുള്ള സുന്ദരിയായ ഒരു യുവതി. ജെസീക്കയുടെ ജീവിതം അസ്മതിച്ചത് 1999 ഏപ്രിൽ 29 അർധരാത്രി. ഡൽഹി കുത്തബ് മിനാറിനു സമീപത്തെ താമറിൻഡ് റസ്‌റ്ററന്റിൽ വെടിയേറ്റുകൊല്ലപ്പെട്ടപ്പോൾ. പാർട്ടിക്കിടെ മദ്യം വിളമ്പാൻ വിസമ്മതിച്ചതിനാണ് അന്നു ജസീക്കയ്ക്കു ജീവൻ നഷ്ടപ്പെട്ടത്. മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ മകൻ മനു ശർമ മുഖ്യപ്രതി. പതിനൊന്നു വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് മനു ശർമ ശിക്ഷിക്കപ്പെടുന്നത്. ആ പതിനൊന്നുവർഷവും കോടതിയിലും പുറത്തും സമൂഹത്തിലും വീട്ടിലും തന്റെ കൂടപ്പിറപ്പിനുവേണ്ടിയുള്ള യുദ്ധം പതറാതെ നയിച്ച വ്യക്തിയാണ് സബ്രിന ലാൽ. ജസീക്കയുടെ സഹോദരി. 

ജസീക്കാലാൽ വധക്കേസിൽ  മനു ശർമ ഉൾപ്പടെ മൂന്നു പ്രതിളെ ശിക്ഷിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുന്നത് രണ്ടായിരത്തിപ്പത്ത് ഏപ്രിലിൽ. കൊലക്കുറ്റത്തിനു മനുവിനു ജീവപര്യന്തം തടവും തെളിവു നശിപ്പിച്ചതിനു സമാജ്‌വാദി പാർട്ടി നേതാവ് ഡി.പി. യാദവിന്റെ മകനും നിതീഷ് ടാര കൊലക്കേസിലെ പ്രധാന പ്രതിയുമായ വികാസ് യാദവ്, ബഹുരാഷ്‌ട്ര കമ്പനി ജീവനക്കാരനായിരുന്ന ടോണി എന്ന അമർജീത്‌സിങ് ഗിൽ എന്നിവർക്കു നാലു വർഷം കഠിനതടവുമാണു ശിക്ഷ.

വിചാരണക്കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള 2006ലെ ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു സുപ്രീകോടതി. പ്രതി എത്ര ശക്തനാണെങ്കിലും  സമൂഹം ഒറ്റക്കെട്ടായി നിന്നാൽ നീതി ലഭ്യമാക്കാൻ പ്രയാസമില്ലെന്നാണ് അന്നു സബ്രിന പ്രതികരിച്ചത്.  സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നും കീഴ്‍ക്കോടതി  വിട്ടയച്ച പ്രതിളെ ശിക്ഷിച്ചത് ജനങ്ങൾ സംഘടിച്ചതു കൊണ്ടാണെന്നും വിധിയിലൂടെ തനിക്കും ബന്ധുക്കൾക്കും ഏറെ ആശ്വാസം ലഭിച്ചതായും കണ്ണീരോടെ അന്നു പറഞ്ഞ അതേ സബ്രീനയാണ് മുഖ്യപ്രതിക്കു മാപ്പു കൊടുത്തുകൊണ്ട് പ്രതികാരത്തിന്റെ കനലിനല്ല മൂല്യം മറിച്ച് മാപ്പു കൊടുക്കാൻ കഴിയുമ്പോഴാണ് മനുഷ്യനാകുന്നതെന്ന് തെളിയിച്ചിരിക്കുന്നത്. 

വിവാദങ്ങൾ കൊണ്ടും പ്രതികളുടെ ഉന്നത ബന്ധം കൊണ്ടും ശ്രദ്ധിക്കപ്പെട്ട കേസാണ് ജസീക്കാ ലാൽ വധം. തെളിവ് നശിപ്പിക്കലും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ അന്യായ ഇടപെടലും പ്രതികളെയെല്ലാം വിട്ടയച്ച കീഴ്‌ക്കോടതി വിധിയും വിധി പ്രഖ്യാപിച്ച എസ്.എൽ. ഭയാനയ്‌ക്ക് ഹൈക്കോടതിയിലേക്ക് ലഭിച്ച സ്‌ഥാനക്കയറ്റവുമെല്ലാം വിവാദമായി.കേസിൽ ഡൽഹി പൊലീസ് പുനരന്വേഷണം നടത്തിയെന്നതാണ് മറ്റൊരു പ്രത്യേകത. മനു ശർമയ്‌ക്കു വേണ്ടി പ്രമുഖ അഭിഭാഷകൻ റാം ജഠ്‌മലാനിയെത്തിയതും മനുവിനെതിരായ ആരോപണം മാധ്യമ സൃഷ്‌ടിയാണെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞതും ചർച്ചാവിഷയമായി.

ഉന്നതങ്ങളിൽ ഉൾപ്പെടെ കേസ് തേച്ചുമാച്ചു കളയാൻ ശ്രമിച്ചെങ്കിലും നീതിക്കുവേണ്ടി ഉറച്ചുനിന്നു പൊരുതി സബ്രിന. പോരാട്ടത്തിനിടെ മാതാപിതാക്കളെയും അവർക്കു നഷ്ടപ്പെട്ടു. രോഗം തളർത്തിയ അമ്മയും  ഹൃദയാഘാതത്താൽ അച്ഛനും വിടപറഞ്ഞിട്ടും സബ്രിന ഒറ്റയ്ക്കു നടന്നു; നീതിയുടെ വഴിയിലൂടെ. സഹോദരിയുടെ ആത്മാവിനു വേണ്ടി. 

പ്രതി മനുശർമ ഇടക്കാലത്തു പരോൾ വ്യവസ്‌ഥ ലംഘിച്ചതും വിവാദമായിരുന്നു. സംഭവം ഒച്ചപാട് ഉയർത്തിയതിനെത്തുടർന്ന് പരോൾ കാലാവധി അവസാനിക്കാൻ 12 ദിവസം ബാക്കി നിൽക്കെ മനു തിരികെ ജയിലിൽ എത്തിയിരുന്നു.  അമ്മയ്‌ക്കു സുഖമില്ലെന്ന കാരണം കാണിച്ചു നൽകിയ അപേക്ഷയിൽ രണ്ടു മാസത്തേക്കു പരോൾ ലഭിച്ച മനു ചണ്ഡീഗഡിനു പുറത്തു പോകരുതെന്നായിരുന്നു വ്യവസ്‌ഥ. നിയമം ലംഘിച്ച് ഡൽഹിയിലെ നിശാ ക്ലബിൽ സുഹൃത്തിനൊപ്പം എത്തിയതു പുറത്തു വന്നതോടെയാണ് പരോൾ വിവാദമായത്. കൂടാതെ, രോഗബാധിതയെന്നു പറഞ്ഞ അമ്മ ചണ്ഡീഗഡിൽ പത്രസമ്മേളനത്തിന് എത്തിയതും മറ്റൊരു കാരണമായി. ഒടുവിൽ സബ്രിനയുൾപ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പിനൊടുവിൽ തിഹാറിലെ രണ്ടാം നമ്പർ ജയിലിൽ തിരിച്ചെത്തി മനു. 

15 വർ‌ഷത്തെ ജയിൽവാസം പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ മനുശർമ. ഇക്കാലത്തിനിടെ മനു ശർമയ്ക്കു തെറ്റു ബോധ്യപ്പെട്ടിട്ടുണ്ടാകും എന്നു ചൂണ്ടിക്കാട്ടിയാണ് അയാളെ പുറത്തുവിടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നു സബ്രീന പറയുന്നത്. ജയിലിൽ മനു മറ്റുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തു. സാമൂഹിക സേവനത്തിലും മുൻപന്തിയിലുണ്ടായിരുന്നു. മാനസിക പരിവർത്തനത്തിന്റെ ഈ സൂചനകളുടെ അടിസ്ഥാനത്തിലാണ് അർക്കെതിരെയാണോ പോരാട്ടം നയിച്ചത് അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ എതിർ‌പ്പില്ലെന്നു സബ്രിന വ്യക്തമാക്കുന്നത്. 

അയാൾ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. എന്റെ പോരാട്ടം പൂർണമായി. ഞാനയാൾക്കു മാപ്പു കൊടുത്തിരിക്കുന്നു: മനുശർമയെക്കുറിച്ചു സബ്രിന പറയുന്നു. പ്രതികാരത്തിന്റെ കനലുകൾ കടന്ന് എനിക്കു യാത്ര ചെയ്യേണ്ടതുണ്ട്. ഇപ്പോൾ എന്റെ മനസ്സിൽ ദേഷ്യമോ വെറുപ്പോ ഇല്ല. മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് എനിക്കു തോന്നുന്നു– ജയിൽ ഓഫിസർക്കെഴുതിയ കത്തിൽ സബ്രിന വ്യക്തമാക്കി.

കൊലപാതകത്തിലെ ഇരയ്ക്കുവേണ്ടി രൂപീകരിച്ച ഫണ്ടിൽനിന്നുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ഓർമിപ്പിച്ച് എഴുതിയ കത്തിനു മറുപടിയായാണ് സബ്രിന മനസ്സു വെളിപ്പെടുത്തിയത്. സഹോദരിയുടെ മരണത്തിനു നഷ്ടപരിഹാരമായി തനിക്കു സഹായം വേണ്ടെന്നും സബ്രീന പറയുന്നു. സാമ്പത്തിക സഹായം ആവശ്യമുള്ള ഏറെപ്പേർ സമൂഹത്തിലുണ്ട്. അവരെ പരിഗണിക്കൂ.എനിക്കതാവശ്യമില്ല– സബ്രിന വ്യക്തമാക്കി.