‘ജീൻസ് പീഡനത്തിനുള്ള സമ്മതമോ’ ?; ഡെനിം ഡേയ്ക്ക് പറയാനൊരു കഥയുണ്ട്

പ്രതീകാത്മക ചിത്രം.

വളരെ വലിയ ഒരു കാലയളവല്ല 15 മിനിറ്റ്. കാത്തിരിപ്പിന്റെ സൂചികയിൽ അത്ര വലിയ ദൈർഘ്യവുമില്ല കാൽമണിക്കൂറിന്. പക്ഷേ രാജ്യത്ത് ഓരോ കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട് ഓരോ 15 മിനിറ്റിലും. ഞെട്ടിപ്പിക്കുന്ന ഈ കണക്കു പുറത്തുവന്നതു കഴിഞ്ഞദിവസം. പ്രായപൂർത്തിയാകാത്തവർ ക്കെതിരെയുള്ള കുറ്റക‍ൃത്യങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ചിരട്ടിയായി വർധിച്ചുവെന്നും കണക്കുകൾ പറയുമ്പോൾ അവിശ്വസിക്കാനാവില്ല. അദ്ഭുതപ്പെടാനുമാവില്ല. ലജ്ജ്പ്പിക്കുന്ന കണക്കുകൾ പെരുകുകയും ആത്മാഭിമാനമുള്ളവർ തല ഉയർത്താനാവാത്ത അപമാനത്തിന്റെ പടുകുഴിയിൽ പതിക്കുകയും ചെയ്യുമ്പോൾ വേഷം പോലും പ്രക്ഷോഭത്തിന്റെ അടയാളമാകുന്നു. 

അതിക്രമങ്ങളുടെ ഇരുട്ട് ചുറ്റും വ്യാപിക്കുകയും പ്രതീക്ഷയുടെ തിരിനാളങ്ങൾ കെട്ടുപോകുകയും ചെയ്യുമ്പോൾ ഏറ്റവും ദുർബലമെന്നു തോന്നാവുന്ന അവസരവും എതിർപ്പിന്റെ ശക്തി ഉയർത്തിക്കാട്ടാനുള്ള സന്ദർഭമാകുന്നു. ആഗോളതലത്തിൽ ‘ഡെനിം ഡേ’ യും അങ്ങനെ പിറന്നു. ഏപ്രിലിലെ ബുധനാഴ്ച ജീൻസ് ധരിച്ച്,  വേഷം ലൈംഗിക കുറ്റകൃത്യത്തിനുള്ള ക്ഷണമോ അപമാനത്തിലേക്കു തള്ളിയിടാനുള്ള ഒഴിവുകഴിവോ അല്ലെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്ന ദിവസം. കഴിഞ്ഞ 18 വർഷമായി പീസ് ഓവർ വയലൻസ് എന്ന സംഘടയുടെ നേതൃത്വത്തിൽ ലോകമാകെ ആചരിക്കുന്നു ഡെനിം ഡേ– വ്യാപിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും വേഷത്തെ വ്യക്തിത്വത്തിന്റെ അടയാളമാക്കി അബദ്ധ ധാരണകൾ ദൂരീകരിക്കാനുമുള്ള ശ്രമം. 

ഡെനിം ഡേ ആശയത്തിന്റെ പിറവി ഇറ്റലിയിലെ റോമിൽ. 1992 ൽ. 45 വയസ്സുകാരനായ ഒരു ഡ്രൈവിങ് പരിശീലകൻ മാനഭംഗക്കേസിൽ പ്രതിയാകുന്നു. 18 വയസ്സുള്ള ഒരു പെൺകുട്ടി ഡ്രൈവിങ് പഠിക്കാൻ എത്തിയ ആദ്യദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു മണിക്കൂറോളം പരിശീലകൻ പെൺകുട്ടിയെ പീഡനത്തിനു വിധേയയാക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. അന്നു രാത്രി കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. അവരുടെ.പിന്തുണയിൽ കേസ് പുറത്തുവന്നു. കേസ് തെളിഞ്ഞതിനെത്തുടർന്ന് കുറ്റാരോപിതനു ശിക്ഷ ലഭിച്ചെങ്കിലും 1998 ൽ ഇറ്റാലിയൻ സുപ്രീം കോടതി കേസ് പുനപരിശോധിച്ചു ശിക്ഷ റദ്ദാക്കി. 

പരമോന്നത കോടതി കേസ് റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് ഇരയുടെ വേഷം. സംഭവസമയത്തു ഇരയായ പെൺകുട്ടി ധരിച്ചിരുന്നതു ജീൻസ്. ശരീരത്തോടു പൂർണമായും ഒട്ടിക്കിടക്കുന്ന, ഇറുകിയ ജീൻസായിരുന്നു പെൺകുട്ടിയുടെ വേഷം. അങ്ങനെയുള്ള വേഷം അക്രമിക്കു സ്വന്തമായി ഊരിമാറ്റാനാകില്ലെന്നും ഇര കൂടി സഹകരിച്ചതിനാലാണ് പീഡനം നടന്നതെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇരയുടെ ഭാഗികമായ സമ്മതം കൂടി ഉണ്ടായിരുന്നതിനാൽ നടന്നതു പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തന്നെയാണെന്നും വിലയിരുത്തി കോടതി. ധരിച്ചയാളുടെ കൂടി സഹായമില്ലാതെ ജീൻസ് മറ്റൊരാൾക്ക് ഊരിമാറ്റാനാകില്ലെന്ന് ഉത്തരവിലും കോടതി സംശയാതീതമായി രേഖപ്പെടുത്തി. 

സ്വാഭാവികമായും കോടതി ഉത്തരവു വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. വിവാദമായ കോടതി ഉത്തരവു വന്നതിനു പിറ്റേന്ന് ഇറ്റാലിയൻ പാർലമെന്റിലെ മുഴുവൻ വനിതകളും എതിർപ്പ് പ്രകടിപ്പിക്കാൻ ജീൻസ് ധരിച്ചുകൊണ്ടെത്തി.  ‘ജീൻസ് പീഡനത്തിനുള്ള സമ്മതമോ’ എന്നെഴുതിയ പ്ലക്കാർഡുകളും അവർ‌ ഉയർത്തിപ്പിടിച്ചിരുന്നു. പിന്തുണ പ്രകടിപ്പിക്കാൻ കലിഫോർണിയ പാർലമെന്റിലും അസംബ്ലിയിലും നടന്നു സമാനപ്രതിഷേധം. തുടർന്ന് ഇപ്പോൾ പീസ് ഓവർ വയലൻസ് എന്നറിയപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ലൊസാഞ്ചൽസ് കമ്മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പട്രീഷ്യ ഗിഗൻസ് ഡെനിം ഡേ വർഷം തോറും ആചരിക്കാൻ തീരുമാനമെടുത്തു. 

2011 ൽ അമേരിക്കയിലെ ഇരുപതോളം സംസ്ഥാനങ്ങളും ഏപ്രിലിലെ ഒരു ബുധനാഴ്ച ഡെനിം ഡേ ആയി അംഗീകരിച്ച് ആചരിക്കാൻ തീരുമാനമെടുത്തു. ലൈംഗിക കുറ്റകൃത്യങ്ങളോടുള്ള തെറ്റായ സമീപനത്തിനും അബദ്ധ ധാരണകൾക്കും എതിരെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ഒരുദിവസം എല്ലാവരും ജീൻസ് ധരിക്കുക എന്നതാണ് ഡെനിം ഡേ. വേഷം വൈകൃതത്തിന് ക്ഷണമോ ഇളവോ അല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണു ലോകമെങ്ങും ജീൻസ്ധാരികൾ. വിദ്യാർഥികളും ജോലി ചെയ്യുന്നവരും വ്യവസായികളും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറയിലുള്ളവർക്കും പ്രക്ഷോഭത്തിൽ പങ്കെടുക്കാം; ജീൻസ് ധരിച്ചുകൊണ്ട്. 

വേഷമാണു പലപ്പോഴും വൈകൃതങ്ങൾക്കു കാരണമാകുന്നതെന്ന ചിന്താഗതി പുതിയതല്ല. കാലങ്ങളായി പ്രചരിപ്പിക്കുന്ന ആശയമാണത്. പക്ഷേ, ആ ആശയത്തിന്റെ വക്താക്കളും ഉത്തരം മുട്ടി നിന്നുപോകുന്നുണ്ട് കൊച്ചുകുട്ടികൾ ഇരയാക്കപ്പെടുമ്പോൾ. നിൽക്കാനോ നടക്കാനോ പോലും ശേഷിയില്ലാത്ത, ലോകത്തിലേക്കു പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളെപ്പോലും പൈശാചികതയ്ക്ക് ഇരയാക്കുന്നവരുടെ എണ്ണം കൂടിവരികയാണ് ആഗോളതലത്തിൽ. 

ദിവസേനയെന്നോണം ശിശുരോദനങ്ങൾ ഉയരുമ്പോൾ നിയമത്തിൽ ഭേദഗതി വരുത്തിയും പുതിയ ഓർഡിനൻസ് കൊണ്ടുവന്നുമൊക്കെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 12 വയസ്സിൽ താഴെയുള്ള പെൺകുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ രാഷട്രപതി ഒപ്പുവച്ച ദിവസവും പുറത്തുവന്നു അഞ്ചിലധികം പീഡനക്കേസുകൾ.ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചെങ്കിലും ബാലികമാരെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. 

ചട്ടം രൂപീകരിക്കുന്നതിനു മുൻപ് എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങൾ നടത്തിയിരുന്നോ എന്നു കോടതി ആരാഞ്ഞു. കൊലപാതകത്തിനും പീഡനത്തിനും ഒരേ ശിക്ഷയാണു ലഭിക്കുന്നതെങ്കിൽ എത്ര പേർ ഇരകളെ വെറുതെവിടുമെന്നും ചോദിക്കുന്നു ഹൈക്കോടതി. വാദങ്ങൾക്കും മറുവാദങ്ങൾ ഇനിയുമിടം കൂടുകയും വിവാദങ്ങളുടെ പുകയിൽ രോദനങ്ങൾ മുങ്ങിപ്പോകുകയും ചെയ്യുമ്പോൾ കൂടുകയാണ് നീതിക്കായി നിലവിളിക്കുന്നവരുടെ എണ്ണം. ഇരകളുടെ എണ്ണം. ലോകത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി ഇരുട്ടിൽ തളയ്ക്കപ്പെട്ടവരുടെ എണ്ണം.അവർക്കുവേണ്ടിക്കൂടിയാണ് ഡെനിം ഡേ.