വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോഴൊക്കെ ആ യുവതിയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടും. ഭയം ശരീരത്തെ വരിഞ്ഞുമുറുക്കും. നാക്കു മരവിച്ചു ചലനശേഷി നഷ്ടപ്പെട്ടതുപോലെ തോന്നും. കണ്ണുകൾ കൂടുതൽ തുറന്ന് അവൾ അയാളെ തിരയും. അയാളുടെ നിഴലെങ്കിലും കാണാനുണ്ടോ ?
യുവതിയുടെ പേര് മേരി മോർഗൻ. അമേരിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ സ്കൈ വെസ്റ്റ് എയർലൈനിൽ 14 വർഷമായി ഫ്ലൈറ്റ് അറ്റൻഡന്റ് ആയി ജോലി ചെയ്യുന്നു. മോർഗൻ ഭയത്തോടെ അന്വേഷിക്കുന്നയാൾ ക്യാപ്റ്റൻ റോബർട് എൽ റോവ്. സ്കൈ വെസ്റ്റ് എയർലൈനിൽ പൈലറ്റ്. സുഹൃത്തുക്കളായിരുന്നു അവർ. പക്ഷേ, ഒന്നരവർഷം മുമ്പ് നടന്ന സംഭവം എല്ലാം തകിടം മറിച്ചു. സുഹൃത്തായി കൂടെനടന്നയാൾ ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നാണ് മോർഗന്റെ പരാതി. ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കാതിരിക്കാനാകില്ല. എയർപോർട്ടിലേക്കു തിരിച്ചുവന്നേപറ്റൂ. പക്ഷേ, കാലുകൾ അനങ്ങുന്നില്ല.ശരീരം വിറയ്ക്കുന്നു. പേടിയാൽ ഒരുവാക്കുപോലും പറയാനാവാത്ത അവസ്ഥ.
എന്റെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത്
തന്നെ മാനഭംഗപ്പെടുത്തിയ വ്യക്തിയെ ഒഴിവാക്കി, സമാധാനത്തോടെ ജോലി ചെയ്യാൻ ഒന്നരവർഷമായി കിണഞ്ഞുശ്രമിക്കുന്ന ഒരു യുവതിയുടെ യഥാർഥ കഥയാണു മോർഗൻ പറയുന്നത്. പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന സംഭവം പുറത്തുകൊണ്ടുവന്നതു സിഎൻഎൻ. നിയപരമായ മാർഗത്തിലൂടെ പോരാടിയിട്ടും നീതി കിട്ടാതെ വന്നതോടെ എല്ലാം തുറന്നുപറയുകയാണ് അവർ. സമാധാനത്തോടെ ജീവിക്കണം. ഇങ്ങനെയൊരു അനുഭവം ഇനിയാർക്കും ഉണ്ടാകരുത്.
സിയാറ്റിൽ ടകോമ രാജ്യാന്തര വിമാനത്താവളത്തിലാണ് മോർഗനു റിപോർട്ട് ചെയ്യേണ്ടത്. അയാളും അതേ വിമാനത്താവളം കേന്ദ്രീകരിച്ചു ജോലി ചെയ്യുന്നു. ഓരോദിവസം ഡ്യൂട്ടിക്കു കയറുമ്പോഴും അയാൾ തന്റെ അടുത്തില്ലെന്നും ഒരേ വിമാനത്തിൽ ഒരുമിച്ചുജോലി ചെയ്യുന്നില്ലെന്നും ഉറപ്പാക്കുകയാണ് മോർഗൻ ആദ്യം ചെയ്യുന്നത്. അയാൾ ജോലി ചെയ്യുന്ന വിമാനങ്ങൾ ഏതൊക്കെയെന്നു മോർഗന് അറിയാം. ഏതുവിധേനയും അവൾ ആ വിമാനങ്ങൾ ഒഴിവാക്കുന്നു. കൂടിക്കണേണ്ടിവരുന്ന സന്ദർഭങ്ങളും ഒഴിവാക്കുന്നു. മോർഗൻ ജോലി ചെയ്യുന്നതിന് അടുത്ത് അയാൾ വരുകയാണെങ്കിൽ ഒളിച്ചിരിക്കാൻ മറവു തേടുന്നു മോർഗൻ. പേടിച്ചും തളർന്നും വിറച്ചും ചിലപ്പോൾ മണിക്കൂറുകൾ ഒളിയിടങ്ങളിൽ. അയാൾ അടുത്തെങ്ങുമില്ലെന്ന് ഉറപ്പായാൽ മാത്രം പുറത്തേക്ക്.
അസഹനീയമാണ് ഈ അനുഭവങ്ങൾ. ജോലി ചെയ്യുന്ന കമ്പനി തനിക്കനുകൂലമായി ഒന്നും ചെയ്യത്തതുകൊണ്ടാണ് ഒരു പ്രതിയുടെ ഒളിവിടം തിരയുന്ന ജീവിതം ജീവിക്കേണ്ടിവരുന്നതെന്നും മോർഗൻ ആരോപിക്കുന്നു.
എന്തു പിഴച്ചു മീ ടൂ
വ്യക്തി എന്ന നിലയിൽ താൻ മാത്രം നേരിടുന്ന പ്രശ്നമല്ല ലൈംഗിക പീഡനം എന്ന ബോധമുണ്ട് മോർഗന്. വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന മിക്ക സ്ത്രീകളും യാത്രക്കാരിൽനിന്നും മേലുദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നുമെല്ലാം നിരന്തരമായി പീഡനം നേരിടുന്നു. 2016 നവംബറിലായിരുന്നു മോർഗൻ ആരോപിക്കുന്ന പീഡനം നടന്നത്. ക്യാപ്റ്റൻ റോബർട്ട് എൽ റോവ് തനിക്കെതിരെ കടന്നാക്രമണം നടത്തിയിട്ടും അതിന്റെ പേരിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സ്കൈവെസ്റ്റ് കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് മോർഗൻ. പൊലീസിലും പരാതിപ്പെട്ടിരുന്നു മോർഗൻ. പക്ഷേ, വിശ്വസനീയ തെളിവുകൾ ഇല്ലെന്നു പറഞ്ഞ് അവർ കേസ് ഒഴിവാക്കി. അതോടെ കോടതിയിൽനിന്നു നീതി കിട്ടുമെന്ന പ്രതീക്ഷയിൽ പോരാട്ടത്തിന്റെ പാതയിലാണു മോർഗൻ.
യുവതിയുടെ ലൈംഗിക പീഡന പരാതിയെപ്പറ്റി മൗനം പാലിക്കുകയാണ് സ്കൈവെസ്റ്റ് കമ്പനി. എല്ലാ ആരോപണങ്ങളും തങ്ങൾ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും ഒഴുക്കൻ മട്ടിൽ പ്രസ്താവന നടത്തി അവർ പ്രശ്നത്തിൽനിന്നു കൈകഴുകുന്നു. ഏപ്രിൽ 25 നാണ് മോർഗൻ പരാതിയുമായി കോടതിയിൽ എത്തുന്നത്.
ഒരുമാസം മുമ്പ് അലാസ്ക എയർലൈൻസ് ഫസ്റ്റ് ഓഫിസർ ബെറ്റി പിന സമാനമായ ഒരു പാരാതി അവർ ജോലി ചെയ്യുന്ന കമ്പനിക്കെതിരെ ഫയൽ ചെയ്തിരുന്നു. സഹപ്രവർത്തകന്റെ ലൈംഗികപീഡനമാണു വിഷയം. രണ്ടു പരാതികളും ഏകദേശം ഒരേ സ്വഭാവത്തിലുള്ളതാണ്. ഉയർന്ന സ്ഥാനം കയ്യാളുന്ന പൈലറ്റുമാരാണു പ്രതികൾ. വിമാനക്കമ്പനികൾ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുമ്പോൾ ഇരകളാക്കപ്പെടുന്ന യുവതികൾക്കു നീതി നിഷേധിക്കപ്പെടുന്നു. ലൈംഗിക പീഡനങ്ങൾക്കെതിരെ തുറന്നുപറയുന്ന സ്ത്രീകളുടെ മുന്നേറ്റമായ മീ ടൂ പ്രചാരണത്തിന്റെ ഭാഗമാണു യുവതികളുടെ പരാതിയെന്നു പറയുന്നു ബെറ്റി പിന ആരോപണം ഉന്നയിച്ച ക്യാപ്റ്റൻ പോൾ എംഗേലിയൻ.
ആ രാത്രി സംഭവിച്ചത്
പീഡനം നടക്കുന്നതിനുമുമ്പ് താനും ക്യാപ്റ്റൻ റോവും അടുത്ത അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നു പറയുന്നു മോർഗൻ. ജോലി സ്ഥലത്തിനു പുറത്തും അവർ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ഹോക്കി മൽസരം കാണാൻ ഒരുമിച്ചുപോകാൻ ക്യാപ്റ്റൻ മോർഗനെ ക്ഷണിച്ചു. സന്തോഷത്തോടെ അവർ ക്ഷണം സ്വീകരിച്ചു. മൽസരം കഴിഞ്ഞ് ഇരുവരും കൂടി മദ്യപിച്ചു.
താൻ ക്ഷിണിതയാണെന്നു പറഞ്ഞു മോർഗൻ. പക്ഷേ വീണ്ടും മദ്യപിക്കാനായിരുന്നു മോർഗനെക്കാൾ 15 വയസ്സു കൂടുതലുള്ള ക്യാപ്റ്റന്റെ തീരുമാനം. ശുചിമുറിയിൽനിന്നു തിരിച്ചുവന്നപ്പോൾ അടുത്ത ഡ്രിങ്ക് കാത്തിരിക്കുന്നു. മോർഗൻ അതും കഴിച്ചു. അതായിരുന്നു ആ രാത്രിയിലെ അവസാന ഓർമയെന്നു കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ മോർഗൻ പറയുന്നു. മൂടൽമഞ്ഞിൽ അകപ്പെട്ടതുപോലെ തോന്നി മോർഗന്. താൻ എങ്ങനെ ക്യാപ്റ്റൻ റോവിന്റെ മുറിയിലെത്തി എന്ന് ഓർക്കുന്നില്ല. പിറ്റേന്ന് ഉണരുമ്പോൾ പൂർണനഗ്നയായിരുന്നു മോർഗൻ. ശരീരത്തിലാകെ മുറിവുകളും. താൻ മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം വേദനയോടെ അവർ മനസ്സിലാക്കി.
ബ്രിട്ടിഷ് കൊളംബിയയിലെ വിക്ടോറിയയിലാണു മോർഗൻ താമസിക്കുന്നത്. അവിടെ അച്ഛനും രോഗബാധിതയായ അമ്മയുമുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടും പേടിച്ചുവിറച്ചുകൊണ്ടും അച്ഛനമ്മമാരോട് നടന്ന സംഭവമത്രയും മോർഗൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം മേലുദ്യോഗസ്ഥനായ ഹെഡ് ഫ്ലൈറ്റ് ലഫ്റ്റനന്റ്നോട് മോർഗൻ സംഭവം പറഞ്ഞു. അദ്ദേഹം പരാതി നിസ്സാരമാക്കി തള്ളി. തന്റെ സൂപ്പർവൈസറിനോടും പിന്നീടു പൊലീസിലും മോർഗൻ പരാതിപ്പെട്ടു. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് എടുക്കാനാവില്ലെന്ന നിലപാടാണു പൊലീസ് സ്വീകരിച്ചത്.
സ്കൈവെസ്റ്റ് കമ്പനി തന്റെ പരാതി ഗൗരവത്തിലെടുക്കുമെന്നും പരാതി അന്വേഷിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും അനുകൂലമായ നടപടികൾ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നു പറയുന്നു മോർഗൻ. അതേത്തുടർന്നാണ് അവസാന അഭയം എന്ന നിലയിൽ കോടതിയെ മോർഗൻ സമീപിച്ചിരിക്കുന്നത്.
മോർഗന്റെ സമാന പരാതി തന്നെയാണ് ഫസ്റ്റ് ഓഫിസർ ബെറ്റി പിനയ്ക്കുമുള്ളത്. ക്രൂരമായ മാനഭംഗത്തിനു വിധേയയായെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനവും പൊലീസും പരാതി ഗൗരവത്തിലെടുക്കുകയോ നീതി ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിക്കുന്നു പിന. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം വ്യോമയാനമേഖലയിൽ ജോലി ചെയ്യുന്ന 68 ശതമാനം യുവതികളും ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ട്.